മുഖം തിളങ്ങാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 6 തരം ഫേസ് പാക്കുകൾ

By Web TeamFirst Published Feb 22, 2019, 3:38 PM IST
Highlights

ചർമ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകൾ ഇന്നുണ്ട്. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നീ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് ഇന്ന് അധികവും. അതിനായി ഒരുപാട് സമയവും പണവും ചെലവാക്കാറുണ്ട്. നിങ്ങളുടെ ഏത് ചർമ്മമാണെന്ന് മനസിലാക്കി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ആറ് തരം ഫേസ് പാക്കുകൾ പരിചയപെടാം...

ആപ്പിൾ ഒലീവ് ഓയിൽ ഫേസ് പാക്ക്...

 ആപ്പിളിലെ കുരുവെല്ലാം മാറ്റിയ ശേഷം ആപ്പിൾ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഒരു സ്പൂൺ ഒലീവ് ഓയിലും ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയാം. ഈ മിശ്രിതം മുഖം നിറം വയ്ക്കാനും ചുളിവ് മാറ്റാനും സഹായിക്കും. 

ഹണി ഫേസ് പാക്ക്...

 ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേൻ. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അൽപം റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക. ആഴ്ച്ചയിൽ നാല് തവണ ഇത് മുഖത്ത് പുരട്ടാം.

തൈര് ഫേസ് പാക്ക്...

 ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫേസ് പാക്ക്  20 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു മാറാൻ വളരെ സഹായകമാണ് ഈ ഫേസ് പാക്ക്.

ചന്ദനം, മഞ്ഞള്‍, പാല്‍ ഫേസ് പാക്ക്...

 ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്. ആഴ്ച്ചയിൽ നാല് തവണ ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാം. 

ബനാന ഫേസ് പാക്ക്...

 മുഖം തിളങ്ങാനും കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറാനും വളരെ നല്ലതാണ് ബനാന ഫേസ് പാക്ക്. ഒരു പഴം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാം. 

പപ്പായ, ക്യാരറ്റ് ഫേസ് പാക്ക്...

മുഖം നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ ക്യാരറ്റ് ഫേസ് പാക്ക്. ആദ്യം ഒരു ക്യാരറ്റും അൽപം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂൺ പാൽ ക്യാരറ്റ് പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ തണുത്ത വെള്ളം ഉപയോ​ഗിച്ചോ കഴുകി കളയുക. 


 

click me!