
കൊതുക് ശല്യം വലിയ പ്രശ്നമാണല്ലേ. കൊതുക് പരത്തുന്ന രോഗങ്ങള്‍ ചെറുതല്ല. വര്‍ദ്ധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യ കൂമ്പാരവുമാണ് കൊതുക് ശല്യത്തിന്റെ പ്രധാന കാരണങ്ങൾ. രോഗങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റിയ മാര്‍ഗം ശുചിത്വം തന്നെയാണ്. കൊതുകുകളുടെ കേന്ദ്രങ്ങള്‍ കണ്ടു പിടിച്ച് അവയെ തുരത്തുകയാണ് വേണ്ടത്. കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി.
കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതികഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ചർമ്മത്തിൽ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വീട്ടിൽ കൊതുക് ശല്യം എത്രത്തോളം ഉണ്ടെന്നറിയാൻ വഴിയുണ്ട്. ആദ്യം ഒരു ചെറിയൊരു പാത്രത്തില്‍ ശുദ്ധജലം നിറച്ചു വയ്ക്കുക. കൃത്യം ഒരാഴ്ച്ചയ്ക്കു ശേഷം ഇതു നിരീക്ഷിക്കുക. അപ്പോൾ വെള്ളത്തില്‍ കൊതുകിന്റെ ചെറിയ മുട്ടകള്‍ കാണാം.
മുട്ടയുടെ എണ്ണം ഒട്ടേറെയുണ്ടാകും. ഇതില്‍നിന്നു വീട്ടില്‍ എത്രത്തോളം കൊതുകു വളരാനുള്ള സാഹചര്യം ഉണ്ടെന്നു മനസ്സിലാക്കാം. ഈ വെള്ളം മറിച്ചുകളഞ്ഞു മുട്ട നശിപ്പിക്കുക. പരീക്ഷണത്തിന് എടുത്തുവെച്ച വെള്ളം ഒരാഴ്ചയാകുമ്പോള്‍ത്തന്നെ നോക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ മുട്ട വിരിഞ്ഞു കൊതുകു കൂടും.
എടുത്തുവച്ച വെള്ളത്തില്‍ ധാരാളം മുട്ടകള്‍ കണ്ടെത്തിയാല്‍ കൊതുകുനശീകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മഴക്കാലത്താണ് ഏറ്റവും കൂടുതൽ കൊതുകുകൾ കാണുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിടുന്നത്. 14 ദിവസത്തിനുള്ളില്‍ കൊതുകു പൂര്‍ണവളര്‍ച്ചയിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam