പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Nov 28, 2018, 08:35 AM IST
പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് പല്ല് വേദനയും മോണരോ​ഗവും. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലുകളെയും മോണയെയും ആരോഗ്യത്തോടെ നോക്കാൻ ശ്രദ്ധിക്കണം. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്.   

മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അല‌ട്ടുന്നത്. രണ്ട് നേരം പല്ല് തേച്ചിട്ടും പല്ല് വേദന കുറയുന്നില്ലെന്നും പലരും പരാതി പറയാറുണ്ട്. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലുകളെയും മോണയെയും ആരോഗ്യത്തോടെ നോക്കാൻ ശ്രദ്ധിക്കണം. 

രണ്ടു നേരം പല്ലു തേയ്ക്കുന്നതിനൊപ്പം അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ജേണൽ ഓഫ് ദന്തൽ റിസര്‍ച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കുക. 

മോണരോഗങ്ങളെ എങ്ങനെ തടയാം...

രാത്രി ഉറങ്ങുന്നതിന് മുമ്പ് നിർബന്ധമായും പല്ല് തേയ്ക്കണം. കാരണം രാവിലെയും രാത്രിയിലുമുള്ള ബ്രഷിങ് വഴി പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവും ബാക്ടീരിയകളും നീക്കം ചെയ്യപ്പെടുന്നു. ഇവ നീക്കാതെ കിടന്നാൽ കട്ടിയാവുകയും ക്രമേണ മോണയിൽ പഴുപ്പും വീക്കവും ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് അണുക്കൾ രക്തത്തിലൂടെ ശരീരത്തിലേക്കു വ്യാപിക്കുന്നു. പ്രമേഹ രോഗികളിൽ പെട്ടെന്നു തന്നെ മോണരോ​ഗം പിടിപ്പെടാം. ഗർഭിണികളിൽ മോണരോഗം വന്നാൽ ഗർഭസ്ഥ ശിശുവിന്റെ തൂക്കം കുറയാനും നേരത്തെയുള്ള പ്രസവത്തിനും കാരണമാകുന്നു. 

മോണരോഗത്തിന്റെ ലക്ഷണങ്ങൾ ഇതൊക്കെ...

1. ചുവന്നു തടിച്ചു വീർത്ത മോണകൾ 
2. ബ്രഷ് ചെയ്യുമ്പോഴുള്ള രക്തസ്രാവം 
3. വായ് നാറ്റം 
4. ഇളക്കമുള്ള പല്ലുകൾ 

    പല്ല് കേടു വരാതിരിക്കാൻ...

കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്. അത് പോലെ തന്നെ ചോക്ലേറ്റുകളും. ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.

പല്ലിന്റെ ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഒന്നാണ് സോഫ്റ്റ് ഡ്രിങ്ക്സ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ്. ഉരുളക്കിഴങ്ങു പൊരിച്ചു ഫ്രഞ്ച് ഫ്രെെസ് പോലുള്ളവ കഴിക്കുമ്പോൾ ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ അന്നജം പഞ്ചസാരയായി മാറുകയും പല്ലിനടിയില്‍ പറ്റിയിരുന്നു പ്‌ളേക്ക് രൂപപ്പെടുകയും ചെയുന്നു.

പല്ലിന് കേട് വരാതിരിക്കാനും മോണരോഗങ്ങൾ അകറ്റാനും മീൻ കഴിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിനും ക്യാൾഷ്യവും ധാരാളം അടങ്ങിയ ഒന്നാണ് മീൻ. പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഒാറ‍ഞ്ച്. ദിവസവും ഒരു ഒാറഞ്ച് വച്ചെങ്കിലും കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണ്. അത് പോലെ തന്നെ വെള്ളം ധാരാളം കുടിക്കുന്നത് പല്ലിന് ഏറെ നല്ലതാണ്. വായിലെ അണുക്കൾ നശിക്കാൻ ചെറുചൂടുവെള്ളം വളരെയധികം സഹായിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഇവ ഉപയോ​ഗിച്ച് നോക്കൂ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം ‌