ഹൃദയമിടിപ്പ് അമിതമായി കൂടുകയോ വളരെ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം താൽക്കാലികമായി കുറയുകയും രോഗി പെട്ടെന്ന് ബോധരഹിതനായി വീഴുകയും ചെയ്യുന്നു. ഇത് യാതൊരു മുൻസൂചനയുമില്ലാതെ സംഭവിക്കാമെന്നതിനാൽ അതീവ അപകടകരമാണ്.

"ഡോക്ടർ... പെട്ടെന്ന് ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങും. നെഞ്ചിനുള്ളിൽ എന്തോ ഓടുന്നതുപോലെ, ചില സമയങ്ങളിൽ ഹൃദയം ഒരു മിടിപ്പ് വിട്ടുപോയതുപോലെ, കിടക്കുമ്പോൾ ചെവിയിൽ സ്വന്തം ഹൃദയമിടിപ്പ് കേൾക്കാം..."

ഒപിയിൽ എത്തുന്ന രോഗികളിൽ നിന്ന് കേൾക്കുന്ന പൊതുവായ ചില പരാതികളാണിത്. ഹൃദയമിടിപ്പ് വേഗത്തിലാകുന്നതോ ക്രമം തെറ്റുന്നതോ അനുഭവപ്പെടുമ്പോൾ പലരും ഭയപ്പെടാറുണ്ട്. ചിലർ ഇത് സാധാരണ ടെൻഷൻ ആണെന്ന് കരുതി പൂർണ്ണമായി അവഗണിക്കുമ്പോൾ, മറ്റു ചിലർ ചെറിയൊരു അസ്വസ്ഥത പോലും ഹൃദയാഘാതത്തിന്റെ ലക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് ഭയപ്പെടുന്നു. എന്നാൽ എല്ലാ നെഞ്ചിടിപ്പിനും പിന്നിൽ ഹൃദയരോഗമുണ്ടാകണമെന്നില്ല. അതേസമയം, ചിലപ്പോൾ ഹൃദയത്തിന്റെ താളവ്യതിയാനം ഗൗരവമായി പരിശോധിക്കേണ്ട അവസ്ഥയുടെ സൂചനയായേക്കാം. അതിനാൽ നെഞ്ചിടിപ്പിനെ ഭയക്കുകയോ അവഗണിക്കുകയോ ചെയ്യാതെ, അതിന്റെ സ്വഭാവവും അനുബന്ധ ലക്ഷണങ്ങളും, ഹൃദയമിടിപ്പിലെ മാറ്റങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ കാരണങ്ങളും മനസ്സിലാക്കുകയാണ് പ്രധാനം.

എന്താണ് ഹൃദയമിടിപ്പ് ? 

ഹൃദയത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിയന്ത്രിക്കപ്പെടുന്നത് അതിനുള്ളിലെ സങ്കീർണ്ണമായ ഒരു വൈദ്യുത സംവിധാനത്തിലൂടെയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ഹൃദയം മിനിറ്റിൽ 60 മുതൽ 100 തവണ വരെയും, ഒരു ദിവസം ശരാശരി ഒരു ലക്ഷത്തോളം തവണയും ക്രമമായി മിടിക്കുന്നു. സാധാരണ നിലയിൽ ഈ മിടിപ്പ് നാം അറിയാറില്ല.

എന്നാൽ ഹൃദയം അസാധാരണമായി വേഗത്തിലോ പതുക്കെയോ മിടിക്കുന്നതും, ക്രമം തെറ്റി മിടിക്കുന്നതുമായ അനുഭവം സ്വയം തിരിച്ചറിയുന്ന അവസ്ഥയ്ക്കാണ് പാൽപിറ്റേഷൻ എന്ന് പറയുന്നത്. ഇത് നെഞ്ചിൽ മാത്രമല്ല, കഴുത്തിലോ തൊണ്ടയിലോ വരെ അനുഭവപ്പെടാം. ഹൃദയത്തിന്റെ വൈദ്യുത സിഗ്നലുകളിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം മിടിപ്പിന്റെ താളം തെറ്റുന്ന പ്രക്രിയയെ വൈദ്യശാസ്ത്രത്തിൽ അരിത്ത്മിയ (arrhythmia) എന്ന് വിളിക്കുന്നു.

ഹൃദയരോഗങ്ങൾ അല്ലാത്ത മറ്റ് കാരണങ്ങൾ

നെഞ്ചിടിപ്പ് അനുഭവപ്പെടുന്ന എല്ലാവർക്കും ഹൃദയ രോഗമുണ്ടായിരിക്കണം എന്നില്ല. നമ്മുടെ ശരീരത്തിലെ മറ്റ് പല മാറ്റങ്ങളും ഹൃദയതാളത്തെ താത്കാലികമായി സ്വാധീനിക്കാറുണ്ട്:

അമിതമായ മാനസികസമ്മർദ്ദം, ഭയം, ഉത്കണ്ഠ.

കഠിനമായ ശാരീരിക അധ്വാനം, പനി, ശരീരത്തിൽ ജലാംശം കുറയുന്നത്.

അമിതമായ ചായ, കാപ്പി, എനർജി ഡ്രിങ്കുകളുടെ ഉപയോഗം, പുകവലി.

രക്തക്കുറവ് (Anaemia), തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറവ്.

രക്തത്തിലെ ലവണങ്ങളുടെ (Electrolytes) അസന്തുലിതാവസ്ഥ.

ചില പ്രത്യേക അലർജി/ആസ്ത്മ മരുന്നുകളുടെ പാർശ്വഫലങ്ങൾ

ലക്ഷണങ്ങൾ: ഏതെല്ലാം രീതിയിൽ അനുഭവപ്പെടാം?

1. ഒരു മിടിപ്പ് വിട്ടുപോയതുപോലെ തോന്നുക - പ്രീമെച്വർ ബീറ്റ്‌സ് (Premature beats): ഹൃദയം ഒരു സെക്കൻഡ് നിന്നുപോയതുപോലെയുള്ള അനുഭവം പലരും പങ്കുവെക്കാറുണ്ട്. യഥാർത്ഥത്തിൽ ഹൃദയമിടിപ്പ് നിലയ്ക്കുന്നതല്ല ഇവിടെ സംഭവിക്കുന്നത് , മറിച്ച് ഹൃദയത്തിലുണ്ടാകുന്ന നേരത്തെയുള്ള ഒരു അധിക മിടിപ്പിന് ശേഷം വരുന്ന അടുത്ത മിടിപ്പ് കൂടുതൽ ശക്തിയായി അനുഭവപ്പെടുന്നതാണ് ഇതിന് കാരണം. ഇത് പൂർണ്ണ ആരോഗ്യവാനായ ഒരാളിലും ഉണ്ടാകാം. എന്നാൽ ഇത് ഇടയ്ക്കിടെ ആവർത്തിക്കുകയാണെങ്കിൽ വിദഗ്ദ്ധപരിശോധന നടത്തുക.

2. ⁠പെട്ടെന്ന് തുടങ്ങുന്ന ശക്തമായ നെഞ്ചിടിപ്പ്,

എസ്.വി.ടി (SVT): ചിലരിൽ ഹൃദയമിടിപ്പ് പെട്ടെന്ന് വളരെ വേഗത്തിലാകുകയും ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ തുടരുകയും പിന്നീട് പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യാം. ഇതിന് ഒരു കാരണം സുപ്രവെൻട്രികുലാർ Tachycardia (SVT) പോലുള്ള താളവ്യതിയാനങ്ങളാകാം.

ഏട്രിയൽ ഫിബ്രിലേഷൻ (Atrial fibrillation): ഹൃദയമിടിപ്പ് പൂർണ്ണമായും ക്രമരഹിതമായിരിക്കും. പ്രായമായവരിലും , ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയവാൽവ് രോഗങ്ങൾ എന്നിവയുള്ളവരിലും AF സാധ്യത കൂടുതലാണ്. AF പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിന്റെ അനുബന്ധ stroke (സ്ട്രോക്ക് )സാധ്യത കൊണ്ടാണ്. ചില രോഗികളിൽ ഹൃദയത്തിന്റെ മുകൾ അറകളിൽ രക്തം കെട്ടിനിൽക്കുകയും രക്തക്കട്ട രൂപപ്പെടുകയും ചെയ്യാം. അത് രക്തപ്രവാഹത്തിലൂടെ തലച്ചോറിലെത്തിയാൽ മസ്തിഷ്കാഘാതത്തിന് (സ്ട്രോക്ക്) കാരണമാകാനും വലിയ സാധ്യതയുണ്ട്. അതുകൊണ്ട് AF കണ്ടെത്തിയാൽ രോഗിയുടെ വ്യക്തിഗത സ്ട്രോക്ക് സാധ്യത വിലയിരുത്തി, ആവശ്യമായാൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള ചികിത്സ കൂടി നൽകേണ്ടതുണ്ട്.

3. കണ്ണിൽ ഇരുട്ടുകയറലും ബോധക്ഷയവും: ഹൃദയമിടിപ്പ് അമിതമായി കൂടുകയോ വളരെ കുറയുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം താൽക്കാലികമായി കുറയുകയും രോഗി പെട്ടെന്ന് ബോധരഹിതനായി വീഴുകയും ചെയ്യുന്നു. ഇത് യാതൊരു മുൻസൂചനയുമില്ലാതെ സംഭവിക്കാമെന്നതിനാൽ അതീവ അപകടകരമാണ്.

എപ്പോൾ അടിയന്തര ചികിത്സ തേടണം?

ഹൃദയമിടിപ്പിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്:

കഠിനമായ നെഞ്ചുവേദനയോ നെഞ്ചിൽ ഭാരമോ അനുഭവപ്പെടുക.

ശ്വാസംമുട്ടലും അമിതമായ വിയർപ്പും.

തലകറക്കവും ബോധക്ഷയവും.

ഹൃദയമിടിപ്പ് സ്വയം ശമിക്കാതെ ദീർഘനേരം അമിതവേഗതയിൽ തുടരുക.

മുൻപ് ഹൃദയാഘാതമോ വാൽവ് രോഗങ്ങളോ ഉണ്ടായിട്ടുള്ളവർക്ക് പുതിയതായി നെഞ്ചിടിപ്പ് വരിക.

ബോധക്ഷയം, കഠിനമായ നെഞ്ചുവേദന, ശ്വാസംമുട്ടൽ തുടങ്ങിയവ ഉണ്ടെങ്കിൽ “കാർഡിയോളജിസ്റ്റിനെ കാണാം” എന്ന് കാത്തിരിക്കുന്നതിനേക്കാൾ അടിയന്തര വിഭാഗത്തിലെത്തുകയാണ് ഉചിതം.

രോഗനിർണ്ണയ പരിശോധനകൾ

രോഗി നൽകുന്ന വിവരങ്ങളാണ് രോഗനിർണ്ണയത്തിന്റെ ആദ്യ പടി. മിടിപ്പ് എപ്പോൾ തുടങ്ങി? എത്രനേരം നീണ്ടുനിന്നു? പെട്ടെന്ന് തുടങ്ങിയോ ?ക്രമേണ കൂടിയോ, ക്രമമായിരുന്നോ ക്രമരഹിതമായിരുന്നോ? അതോടൊപ്പം തലകറക്കമോ നെഞ്ചുവേദനയോ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ ഡോക്ടർക്ക് വളരെ സഹായകരമാണ്.

ECG (ഇ.സി.ജി):ഹൃദയത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തനം ഉടനടി മനസ്സിലാക്കാനുള്ള പ്രാഥമിക പരിശോധന.

Holter monitoring (ഹോൾട്ടർ മോണിറ്ററിംഗ്):ഇടയ്ക്കിടെ മാത്രം വരുന്ന താളവ്യതിയാനങ്ങൾ സാധാരണ ഇ.സി.ജിയിൽ കാണണമെന്നില്ല. 24മണിക്കൂറോ, അതിലേറെയോ സമയം രോഗിയുടെ ഹൃദയമിടിപ്പ് തുടർച്ചയായി രേഖപ്പെടുത്തുന്ന ,കൊണ്ടുനടക്കാവുന്ന ഇ.സി.ജി ശേഖരിച്ചു വെക്കുന്ന ഉപാധിയാണിത്.

Event monitor: (ഇവന്റ് മോണിറ്റർ): അപൂർവ്വമായി മാത്രം അനുഭവപ്പെടുന്ന അസ്വസ്ഥതകൾ രേഖപ്പെടുത്താൻ ദിവസങ്ങളോളം ഉപയോഗിക്കുന്ന സംവിധാനം.

Echocardiogram (എക്കോ കാർഡിയോഗ്രാം): ഹൃദയത്തിന്റെ ഘടന, വാൽവുകളുടെ പ്രവർത്തനം, പമ്പിംഗ് ശേഷി എന്നിവ പരിശോധിക്കുന്ന അൾട്രാസൗണ്ട് സ്കാനിംഗ്.

രക്തപരിശോധനകൾ: ഹീമോഗ്ലോബിൻ, തൈറോയ്ഡ്, പൊട്ടാസ്യം/സോഡിയം അളവുകൾ അറിയാൻ.

സ്മാർട്ട് വാച്ചിലെ റീഡിംഗുകൾ വിശ്വസിക്കാമോ?

ഇന്നത്തെ സ്മാർട്ട് വാച്ചുകളിലും ഫിറ്റ്നസ് ബാൻഡുകളിലും ഇ.സി.ജി സാങ്കേതികവിദ്യ ലഭ്യമാണ്. ഹൃദയതാള വ്യതിയാനങ്ങൾ ആദ്യഘട്ടത്തിൽ സംശയിക്കാൻ ഇവ സഹായിക്കുമെങ്കിലും, ഇതിലെ റീഡിംഗുകൾ അന്തിമ രോഗനിർണ്ണയമല്ല. സ്മാർട്ട് വാച്ച് “Normal”എന്ന് കാണിച്ചാലും ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യപരിശോധന അനിവാര്യമാണ്. തിരിച്ചും; വാച്ചിൽ മുന്നറിയിപ്പ് വന്നതുകൊണ്ട് മാത്രം പരിഭ്രാന്തരാകാതെ ഒരു വിദഗ്ധ ഡോക്ടറെ കാണിച്ച് കാര്യങ്ങൾ സ്ഥിരീകരിക്കുക.

അത്യാധുനിക ചികിത്സാരീതികൾ

കൃത്യമായ കാരണം കണ്ടെത്തിയാൽ ഹൃദയതാള വ്യതിയാനങ്ങൾ മരുന്നുകൾ കൊണ്ടോ അത്യാധുനിക ചികിത്സകൾ കൊണ്ടോ പൂർണ്ണമായി നിയന്ത്രിക്കാനാകും:

മരുന്നുകൾ: ഹൃദയമിടിപ്പ് ക്രമപ്പെടുത്താൻ സഹായിക്കുന്ന antiarrhytmic (ആന്റി-അറിത്ത്മിക് മരുന്നുകൾ)

EP Study & Catheter ablation (ഇ.പി സ്റ്റഡിയും കത്തീറ്റർ അബ്ലേഷനും): ഹൃദയത്തിനുള്ളിൽ അനാവശ്യമായി വൈദ്യുത തരംഗങ്ങൾ ഉണ്ടാക്കുന്ന കേന്ദ്രങ്ങളെ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ച് കരിച്ചു കളയുന്ന അത്യാധുനിക ചികിത്സാരീതി.

Pacemakers(പേസ് മേക്കർ): ഹൃദയമിടിപ്പ് അമിതമായി കുറഞ്ഞുപോകുന്ന അവസ്ഥകളിൽ - bradycardia (ബ്രാഡികാർഡിയ) -ഹൃദയത്തിന് കൃത്യമായ നിരക്കിൽ വൈദ്യുത തരംഗങ്ങൾ നൽകാൻ ഘടിപ്പിക്കുന്ന ഉപകരണം.

Implantable Cardioveryer Defibrillator- ICD (ഇമ്പ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രിലെറ്റർ): മാരകമായ താളവ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ സ്വയം തിരിച്ചറിഞ്ഞ് ആവശ്യമായ ഷോക്ക് നൽകി ജീവൻ രക്ഷിക്കുന്ന സംവിധാനം.

ഹൃദയമിടിപ്പ് അനുഭവപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിഭ്രാന്തരാകാതിരിക്കുക: ഹൃദയമിടിപ്പ് കൂടുന്നത് എല്ലായ്പ്പോഴും ഗുരുതരമായ രോഗമല്ല. അസ്വസ്ഥത തോന്നുമ്പോൾ ശാന്തമായി ഒരിടത്ത് ഇരിക്കുക.

ദൈർഘ്യം ശ്രദ്ധിക്കുക: ലക്ഷണങ്ങൾ സെക്കൻഡുകൾ മാത്രമാണോ, മിനിറ്റുകളാണോ അതോ മണിക്കൂറുകളാണോ നീണ്ടുനിൽക്കുന്നത് എന്ന് കൃത്യമായി ഓർത്തു വെക്കുക.

മിടിപ്പിന്റെ സ്വഭാവം മനസ്സിലാക്കുക: ഹൃദയം വേഗത്തിൽ മിടിക്കുകയാണോ, അതോ ക്രമം തെറ്റി മിടിക്കുകയാണോ എന്ന വിവരം ഡോക്ടർക്ക് പ്രധാനമാണ്.

കഫീൻ ഉപയോഗം കുറയ്ക്കുക: അമിതമായ ചായ, കാപ്പി, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക.

പുകവലി ഉപേക്ഷിക്കുക: നിക്കോട്ടിൻ ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തെ പ്രതികൂലമായി ബാധിക്കും.

ഉറക്കവും ജലാംശവും ഉറപ്പാക്കുക: നിർജ്ജലീകരണവും ഉറക്കമില്ലായ്മയും ഹൃദയമിടിപ്പ് കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്.

മരുന്നുകൾ സ്വയം നിർത്തരുത്: അസ്വസ്ഥത തോന്നിയ ഉടൻ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ സ്വന്തം ഇഷ്ടപ്രകാരം നിർത്തരുത്.

തുടർച്ചയായി ആവർത്തിക്കുന്ന നെഞ്ചിടിപ്പ് ഉണ്ടെങ്കിൽ , ECG അല്ലെങ്കിൽ ദീർഘകാല ഹൃദയതാള നിരീക്ഷണം ആവശ്യമായേക്കാം.

സ്മാർട്ട് വാച്ച് മുന്നറിയിപ്പുകൾ പരിശോധിക്കുക: തുടർച്ചയായി വാച്ചിൽ വ്യതിയാനങ്ങൾ കാണിക്കുകയാണെങ്കിൽ അത് രോഗനിർണ്ണയത്തിന് ഉപയോഗപ്പെടുത്താം.

അടിയന്തര ലക്ഷണങ്ങൾ തിരിച്ചറിയുക: നെഞ്ചുവേദന, ശ്വാസംമുട്ടൽ, ബോധക്ഷയം, ശക്തമായ തലകറക്കം എന്നിവ കണ്ടാൽ സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തുക.

നമ്മുടെ ഹൃദയം നിശ്ശബ്ദമായി പ്രവർത്തിക്കുന്ന ഒരു അവയവമാണ്. അതിൻ്റെ സ്വാഭാവിക താളത്തിൽ മാറ്റങ്ങൾ അനുഭവപ്പെടുമ്പോൾ അത് ഭയപ്പെടാനുള്ള കാരണമല്ല, മറിച്ച് ശരീരം നൽകുന്ന ഒരു ജാഗ്രതാ നിർദ്ദേശമാണ്. കൃത്യമായ രോഗനിർണ്ണയവും സമയോചിതമായ ചികിത്സയും വഴി ഭൂരിഭാഗം ഹൃദയതാള വ്യതിയാനങ്ങളും ഫലപ്രദമായി നിയന്ത്രിക്കാനാകും.

ലേഖനം തയ്യാറാക്കിയത് :

ഡോ. ഉമേശൻ സി.വി

സീനിയർ കൺസൾട്ടന്റ്,

ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്റ്

ആസ്റ്റർ മിംസ്, കണ്ണൂർ