മുഖം മിനുക്കാന്‍ ചെറുനാരങ്ങ കൊണ്ട് സ്‌ക്രബ്; ഉപയോഗിക്കുമ്പോള്‍ കരുതേണ്ടത്...

By Web TeamFirst Published Dec 9, 2018, 7:02 PM IST
Highlights

പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ പ്രകൃതിദത്തമായ സ്‌ക്രബുകളും, ഫെയ്‌സ് പാക്കുകളുമാണെങ്കില്‍ നമുക്ക് പേടി കൂടാതെ ഉപയോഗിക്കാം. ഇത്തരം പൊടിക്കൈകള്‍ വീട്ടില്‍ വച്ചുതന്നെ പരീക്ഷിക്കാവുന്നതുമാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ചെറുനാരങ്ങ കൊണ്ടുള്ള സ്‌ക്രബ്

ആര്‍ക്കാണ് മൃദുലവും തെളിച്ചമുള്ളതുമായ മുഖം ഇഷ്ടമല്ലാത്തത്? മുഖം മനോഹരമാക്കാനായി എന്ത് വില നല്‍കിയും 'കോസ്‌മെറ്റിക്‌സ്' വാങ്ങിക്കൂട്ടുന്നവരും ധാരാളമാണ്. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഭൂരിഭാഗവും ചര്‍മ്മത്തെ വീണ്ടും അപകടത്തിലാക്കാനേ ഉപകരിക്കൂ. 

അതേസമയം പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ പ്രകൃതിദത്തമായ സ്‌ക്രബുകളും, ഫെയ്‌സ് പാക്കുകളുമാണെങ്കില്‍ നമുക്ക് പേടി കൂടാതെ ഉപയോഗിക്കാം. ഇത്തരം പൊടിക്കൈകള്‍ വീട്ടില്‍ വച്ചുതന്നെ പരീക്ഷിക്കാവുന്നതുമാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ചെറുനാരങ്ങ കൊണ്ടുള്ള സ്‌ക്രബ്. 

ചെറുനാരങ്ങയും തേനും പഞ്ചസാരയുമാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ കരുതേണ്ടത് എന്തെന്നാല്‍, ഇത് ഓരോ തരം ചര്‍മ്മമുള്ളവരും ഓരോ രീതിയിലാണ് പ്രയോഗിക്കേണ്ടത്. അതെങ്ങനെയെല്ലാമെന്ന് നോക്കാം. 

'നോര്‍മല്‍ സ്‌കിന്‍' ഉള്ളവര്‍ക്ക്...

വിറ്റാമിന്‍- സി അടങ്ങിയിട്ടുള്ളതിനാല്‍ ചെറുനാരങ്ങ മുഖചര്‍മ്മത്തിന്റെ നിറം തെളിച്ചമുള്ളതാക്കാന്‍ സഹായകമാണ്. ചര്‍മ്മത്തിലുള്ള ചെറിയ ദ്വാരങ്ങള്‍ ഇല്ലാതാക്കാനും ഇത് ഉപകരിക്കുന്നു. അതേസമയം മുഖത്ത് നിന്ന് നശിച്ച കോശങ്ങളെ നീക്കം ചെയ്യാനാണ് പഞ്ചസാര സഹായിക്കുക. ഇനി സ്‌ക്രബ് തയ്യാറാക്കുന്ന വിധം നോക്കാം.

ഒരു ബൗളില്‍ 6 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും എടുക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ തേച്ചുപിടിപ്പിക്കുക. ഇതൊരു മസാജിംഗ് രീതി കൂടിയാണ്. പഞ്ചസാരത്തരികള്‍ മുഖത്തിരുന്ന് അലിയുന്നത് വരെ ഈ മസാജിംഗ് തുടരുക. തുടര്‍ന്ന് വെള്ളമുപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കാം. 

'ഡ്രൈ സ്‌കിന്‍' ഉള്ളവര്‍ക്ക്...

ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ക്ക് വേണ്ടി സ്‌ക്രബ് തയ്യാറാക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതില്‍ ചെറുനാരങ്ങയ്ക്കും പഞ്ചസാരയ്ക്കുമൊപ്പം അല്‍പം വെളിച്ചെണ്ണയും കൂടി ചേര്‍ക്കണം. വരണ്ടിരിക്കുന്ന ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കാനാണ് ഇത് സഹായകമാവുക. എങ്ങനെയാണ് തയ്യാറാക്കുകയെന്ന് നോക്കാം. 

ഒരു ബൗളിലേക്ക് അരക്കപ്പ് വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര് എന്നിവ പകരുക. നന്നായി യോജിപ്പിച്ച ശേഷം എട്ട് മുതല്‍ പത്ത് മിനുറ്റ് വരെയെടുത്ത് മുഖത്ത് നല്ലരീതിയില്‍ തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് മുഖം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. 

'ഓയിലി സ്‌കിന്‍' ഉള്ളവര്‍ക്ക്...

എണ്ണമയമുള്ള മുഖമുള്ളവര്‍ക്ക് മുഖക്കുരുവാണ് ഏറ്റവുമധികം തലവേദന സൃഷ്ടിക്കാറ്. മുഖക്കുരുവും ഇതുണ്ടാക്കുന്ന പാടുകളുമാണ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ ഇവര്‍ നേരിടുന്ന വെല്ലുവിളികള്‍. ഇത്തരക്കാര്‍ക്ക് വേണ്ടി എങ്ങനെയാണ് സ്‌ക്രബ് തയ്യാറാക്കുകയെന്ന് നോക്കാം. 

ഒരു ബൗളിലേക്ക് ഒാരോ ടേബിള്‍ സ്പൂണ്‍ വീതം നാരങ്ങാനീരും, തേനും ചേര്‍ക്കുക. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ക്കുക. ക്ലെന്‍സറായിട്ടാണ് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത്. ഇവ നന്നായി യോജിപ്പിച്ച ശേഷം മൂന്നോ നാലോ മിനുറ്റ് നേരം നന്നായി മസാജ് ചെയ്യുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കാം.
 

click me!