Latest Videos

പ്രമേഹം എങ്ങനെ തടയാം; കാരണങ്ങളും ചികിത്സകളും...

By Web TeamFirst Published Dec 3, 2018, 11:18 AM IST
Highlights

രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകോശങ്ങളില്‍ എത്തിക്കുന്നതിനാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഇന്‍സുലിന്റെ അളവ് കുറയുന്നതോടെ, അല്ലെങ്കില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതോടെ കോശങ്ങളിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു

ഗള്‍ഫ് രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റം തന്നെയാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാനകാരണം. പ്രമേഹം എങ്ങനെ ഫലപ്രദമായി തടയാമെന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധമുണ്ടാക്കല്‍ തന്നെയാണ് ഇതിനെ ചെറുക്കാനുള്ള പ്രധാന മാര്‍ഗം. പല കാരണങ്ങള്‍ കൊണ്ടാകാം, പ്രമേഹം പിടിപെടുന്നത്. പാരമ്പര്യഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം, വൈറസ് ബാധ എന്നിങ്ങനെ പലതാകാം കാരണങ്ങള്‍. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും പ്രമേഹരോഗമുണ്ടെങ്കില്‍ പാരമ്പര്യമായി പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

എന്താണ് പ്രമേഹം...

ഇന്‍സുലിന്റെ ഉത്പാദനത്തിലുള്ള കുറവ് മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവ് മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തില്‍ നിന്ന് ശരീരം വലിച്ചെടുക്കുന്ന അന്നജമാണ് ആന്തരീക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഭക്ഷണം ദഹിക്കുന്നതോടെയാണ് അന്നജം രക്തത്തില്‍ കലരുന്നത്. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകോശങ്ങളില്‍ എത്തിക്കുന്നതിനാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഇന്‍സുലിന്റെ അളവ് കുറയുന്നതോടെ, അല്ലെങ്കില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതോടെ കോശങ്ങളിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. അങ്ങനെ വരുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയിരിക്കും. ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രമേഹം എന്ന രോഗാവസ്ഥയില്‍ സംഭവിക്കുന്നത്. 

എങ്ങനെയാണ് പ്രമേഹം ബാധിക്കുന്നത്?

നേരത്തേ സൂചിപ്പിച്ചതുപോലെ പാരമ്പര്യ ഘടകങ്ങള്‍ തന്നെയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. പാന്‍ക്രിയാസില്‍, ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് തകരാറ് സംഭവിക്കുന്നതോടെയും പ്രമേഹം പിടിപെടുന്നു. ഏതെങ്കിലും തരത്തിലുള്ള കടുത്ത അണുബാധ പിടിപെടുന്നവരിലാണ് ഈ സാധ്യതയുള്ളത്. ജീവിതശൈലികളില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി പൊണ്ണത്തടിയും അമിതഭാരവും ഇന്ന് സര്‍വസാധാരണമാണ്. വ്യായാമമില്ലാതിരിക്കുന്നത് ഈ അവസ്ഥയെ ഒന്നുകൂടി മോശമാക്കുന്നു. ഇക്കാരണങ്ങളെല്ലാം പുതിയ കാലത്ത് പ്രമേഹം വ്യാപകമാകാന്‍ ഇടയാക്കുന്നുവെന്ന് ദുബായ്, തുംബേ ആശുപത്രിയിലെ ഡോ. ബാലാ സാഹിബ് ഖാലേ പറയുന്നു. ഗര്‍ഭകാലത്തെ പ്രമേഹമാണെങ്കില്‍, ഹോര്‍മോണ്‍ വ്യതിയാനം മൂലം ഗര്‍ഭകാലത്ത് മാത്രം പിടിപെടുന്ന പ്രത്യേകതരം പ്രമേഹമാണ്. 

പ്രമേഹം കണ്ടെത്താന്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്താവുന്നതാണ്. തുംബേ ആശുപത്രിയില്‍ ഇതിനായി പ്രത്യേകം ഒരു വിഭാഗമാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള പ്രമേഹങ്ങളെ നിര്‍ണ്ണയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പ്രമേഹം മൂന്ന് തരത്തില്‍...

1. ടൈപ്പ് ഒന്ന് പ്രമേഹം:  ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് കഴിയാതെ വരുന്നത് മൂലമുണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം. കുട്ടികളിലും പ്രായമായവരിലും ഒരുപോലെ കാണുന്ന തരം പ്രമേഹമാണിത്. ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുക മാത്രമേ ഇതിന് പ്രതിവിധിയുള്ളൂ. 

2. ടൈപ്പ് രണ്ട് പ്രമേഹം: ശരീരകോശങ്ങള്‍ക്ക്, ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിനോട് പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നത് മൂലമുണ്ടാകുന്നതാണ് ടൈപ്പ് 2 പ്രമേഹം. ക്രമേണ ഇന്‍സുലിന്റെ അളവ് കുറയാനും ഇത് ഇടയാക്കുന്നു. അമിതവണ്ണവും വ്യായാമമില്ലായ്മയുമാണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാനമായും കാരണമാകുന്നത്. സാധാരണഗതിയില്‍ 30 വയസ്സിന് മുകളില്‍ പ്രായമായവരിലാണ് ഇത് കണ്ടുവരാറ്. 

3. ഗര്‍ഭാവസ്ഥയിലെ പ്രമേഹം: ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് പിടിപെടുന്ന പ്രമേഹമാണ് 'ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ്' അഥവാ ജിഡിഎം. പാരമ്പര്യമായി ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടായിരിക്കണമെന്നോ ഗര്‍ഭിണിയാകും മുമ്പ് അതിനുള്ള സാധ്യതകള്‍ ഉണ്ടായിരിക്കണമെന്നോ ഇതില്‍ നിര്‍ബന്ധമില്ല. അതായത് ഗര്‍ഭകാലത്തെ മാത്രം ആശ്രയിച്ച് വരാവുന്ന തരം പ്രമേഹമാണിതെന്ന് സാരം. പൊതുവേ ഗര്‍ഭകാലത്തെ പ്രമേഹം പ്രസവം കഴിഞ്ഞാല്‍ മാറാവുന്നതേയുള്ളൂ. എന്നാല്‍ ചിലരുടെ കാര്യത്തില്‍ തുടര്‍ന്നുള്ള കാലത്ത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ ബാക്കിനിന്നേക്കാം. 

വിശപ്പ് കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, ദാഹം കൂടുക എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചികിത്സയില്ലാതെ തുടര്‍ന്നാല്‍ മരണത്തിന് വരെ കാരണമാകുന്ന ഒന്നാണ് പ്രമേഹം. ഇതിന് പുറമെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കയും കരളുമായും ബന്ധപ്പെട്ട അസുഖങ്ങള്‍, കാലില്‍ അള്‍സര്‍ (പുണ്ണ്), കാഴ്ച മങ്ങുക എന്നീ അവസ്ഥകള്‍ക്കും പ്രമേഹം കാരണമാകുന്നു. 

അമിതവണ്ണം കുറയ്ക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ഥിരമായുള്ള വ്യായാമം, പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പുകവലി ഒഴിവാക്കുക ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. രോഗം ചികിത്സിക്കാനാണെങ്കില്‍ ഇന്‍സുലിന്‍ നല്‍കല്‍ തന്നെയാണ് പ്രധാന മാര്‍ഗം. ഇത് കൂടാതെ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ മറ്റുചില മരുന്നുകളും നല്‍കാവുന്നതാണ്. അനിയന്ത്രിതമായ ശരീരഭാരമുള്ളവര്‍ക്ക് ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയും നടത്താവുന്നതേയുള്ളൂ. ഇതും പ്രമേഹത്തെ ചെറുക്കുന്നതിന് സഹായകമാണ്. 

 

ലേഖനത്തിന് കടപ്പാട്: ഡോ. ബാലാ സാഹിബ് ഖാലേ
ഡയബെറ്റിസ് വിഭാഗം സ്പെഷ്യലിസ്റ്റ്,
തുംബേ ഹോസ്പിറ്റല്‍, ദുബായ്.

click me!