അങ്ങനെ മുലപ്പാല്‍ ബാങ്കും എത്തി!

By Web DeskFirst Published Jun 7, 2017, 10:36 PM IST
Highlights

അമ്മയില്ലാത്ത കുഞ്ഞിന് എങ്ങനെ മുലപ്പാല്‍ ലഭ്യമാക്കും എന്ന ആശങ്കയ്‌ക്ക് വിരമാമാകുന്ന കാലമെത്തി. രാജ്യത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് യാഥാര്‍ത്ഥ്യമായി. ദില്ലിയിലെ ലേഡി ഹര്‍ഡിഞ്ച് മെഡിക്കല്‍ കോളേജിലാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചത്. വാത്സല്യ- മാത്രി അൃത് കോഷ് എന്ന പദ്ധതിപ്രകാരമാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചത്. മുലയൂട്ടുന്ന അമ്മമാരില്‍നിന്ന് ശേഖരിക്കുന്ന മുലപ്പാല്‍, പാസ്ച്വറൈസ് ചെയ്‌തശേഷം ശേഖരിച്ചാണ് അമ്മമാരില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. നോര്‍വ്വേയിലെ ഓസ്‌ലോ സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്ത് മറ്റിടങ്ങളിലും മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ പരിശീലനവും ദില്ലിയിലെ ലേഡി ഹര്‍ഡിഞ്ച് മെഡിക്കല്‍കോളേജിലെ മുലപ്പാല്‍ ബാങ്ക് സെന്ററില്‍ ലഭ്യമാക്കും. ഇതുവഴി മുലയൂട്ടലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ സംഘാടകര്‍ അറിയിച്ചു. കുഞ്ഞ് ജനിച്ച് ആദ്യ 28 ദിവസം മുലപ്പാല്‍ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏഴുലക്ഷത്തോളം നവജാതശിശുക്കള്‍ മരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറെയും മുലപ്പാല്‍ ലഭിക്കാത്തതുമൂലമുള്ള പോഷകക്കുറവ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

click me!