വിഷാദരോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ അറിയേണ്ട 9 കാര്യങ്ങള്‍

By Web DeskFirst Published Apr 27, 2018, 8:00 PM IST
Highlights
  •  വിഷാദരോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്.

വിഷാദരോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ അവരെ മനസിലാക്കിയാല്‍, അത് അവര്‍ക്ക് ഏറെ ആശ്വാസമേകും. അത്തരത്തില്‍ വിഷാദരോഗികളെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വിഷാദം ഒരു മോശം കാര്യമല്ല

വിഷാദം എന്നത് മോശം അവസ്ഥയോ മോശം കാര്യമോ അല്ല. അത് വെറുമൊരു മോശം ദിവസം മാത്രമായി വേണം കാണാന്‍. അതൊരു പ്രത്യേക അവസ്ഥയായി കാണാതെ, സാധാരണപോലെ വേണം കൈകാര്യം ചെയ്യാന്‍.

2. ഒന്നും കാര്യമാക്കേണ്ട

വിഷാദത്തിന് പ്രത്യേകിച്ച് ഒരു കാരണവുമില്ല. നമ്മള്‍ പണക്കാരനോ പാവപ്പെട്ടവനോ ആയിരിന്നിരിക്കാം. എല്ലാമുള്ളവനും ഒന്നുമില്ലാത്തവനും ആയിരിക്കും. എങ്ങനെയായാലും ആര്‍ക്കും പിടിപെടാവുന്ന ഒന്നാണ് വിഷാദം. അതുകൊണ്ടുതന്നെ അതിനെ പ്രത്യേകിച്ച് കാര്യമായി എടുക്കാതിരിക്കുക.

3. കെയര്‍ ചെയ്യുന്നുവെന്ന് അവര്‍ അറിയരുത്

വിഷാദരോഗികളോട് നന്നായി ഇടപെടണം. എന്നാല്‍ ഒരു രോഗിയോടെന്ന പോലെ ഒരിക്കലും പെരുമാറരുത്. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്‌തുകൊടുക്കണം. എന്നാല്‍ രോഗിയായതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കരുത്.

4. ശാരീരികാഘാതവും ഉണ്ടാക്കും

പൊതുവെ മാനസികമായ ബുദ്ധിമുട്ട് മാത്രമാണ് വിഷാദം എന്ന് ധരിക്കരുത്. വിഷാദരോഗം അധികമാകുമ്പോള്‍ ശാരീരികമായ ബുദ്ധിമുട്ടുകളും ഉണ്ടാകും. സന്ധികള്‍ക്കും കൈ-കാലുകള്‍ക്കും വേദന അനുഭവപ്പെടും. ശക്തമായ തലവേദന ഉണ്ടാകുകയും ചെയ്യും.

5. പ്രിയപ്പെട്ടവര്‍ അടുത്തുണ്ടാകണം

മനസിന് സുഖമില്ലാത്ത അവസ്ഥയാണ് വിഷാദം. ഈ സമയത്ത് ഏറ്റവും പ്രിയപ്പെട്ടയാള്‍ ഒപ്പമുണ്ടാകണമെന്നാണ് രോഗി ആഗ്രഹിക്കുന്നത്. അക്കാര്യം ശ്രദ്ധിക്കുക. ഇനി ഒപ്പം നില്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ഫോണിലൂടെയും മറ്റും ഒപ്പമുണ്ടെന്ന ധാരണ രോഗിക്ക് പകര്‍ന്നുനല്‍കുക. വിഷാദത്തെ മറികടക്കാന്‍ ഇത് വളരെയേറെ സഹായിക്കും.

6. നെഗറ്റീവ് ചിന്തകരല്ല

വിഷാദരോഗികളെ നെഗറ്റീവ് ചിന്തകരെന്ന് അടുപ്പമുള്ളവര്‍ വിളിക്കും. ഇത് അവര്‍ക്ക് സഹിക്കാനാകില്ല. കാരണം അവര്‍ അറിഞ്ഞുകൊണ്ട് നെഗറ്റീവ് ചിന്തയിലേക്ക് പോകുന്നില്ല. പരമാവധി അങ്ങനെ പോകാതിരിക്കാനാണ് മിക്ക രോഗികളും ശ്രമിക്കുന്നത്.

7. അസുഖം മാറിയെന്ന് കരുതരുത്

വിഷാദരോഗികള്‍ ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തിലായിരിക്കും. സാധാരണപോലെ അവര്‍ ജീവിക്കും. എന്നാല്‍ അസുഖം പൂര്‍ണമായും മാറിയതുകൊണ്ടാണ് അതെന്ന് ധരിക്കരുത്.

8. സൗമ്യമായി പെരുമാറുക

പൊതുവെ മനസിനോട് കഠിനമായി ഇടപെടേണ്ടിവരുന്ന അവസ്ഥയാണ് വിഷാദം. ഈ അവസ്ഥയില്‍ സൗമ്യമായ പെരുമാറ്റമാണ് മറ്റുള്ളവരില്‍നിന്ന് രോഗികള്‍ ആഗ്രഹിക്കുന്നത്.

9. അറിഞ്ഞുകൊണ്ട് വിഷാദരോഗിയാകുന്നില്ല

ഒരിക്കലും ഈ ഒരു അവസ്ഥ ഉണ്ടാകരുതേയെന്നാണ് ഓരോ വിഷാദരോഗിയും ആഗ്രഹിക്കുന്നത്.


 

click me!