പദവി വേണ്ട, സാധാരണക്കാരനുമായുള്ള വിവാഹം മതി; അമ്പരന്ന് ലോകം

By Web TeamFirst Published Oct 29, 2018, 5:18 PM IST
Highlights

രാജകുടുംബത്തെ ഉപേക്ഷിച്ച് സാധാരണക്കാരനുമായുള്ള അക്കായോയുടെ വിവാഹം ഇന്ന് രാവിലെ നടന്നു. ജപ്പാനിലെ ചക്രവര്‍ത്തി അകിതോയുടെ സഹോദരന്റെ മൂന്നാമത്തെ മകളാണ് ഇരുപത്തെട്ടുകാരിയായ രാജകുമാരി. 

ടോക്കിയോ: സാധാരണക്കാരനായ യുവാവിനെ വിവാഹം ചെയ്യാനായി കൊട്ടാരവും പദവിയുമുപേക്ഷിച്ച് ജപ്പാനിലെ രാജകുമാരി അക്കായോ. രാജകുടുംബത്തെ ഉപേക്ഷിച്ച് സാധാരണക്കാരനുമായുള്ള അക്കായോയുടെ വിവാഹം ഇന്ന് രാവിലെ നടന്നു. ജപ്പാനിലെ ചക്രവര്‍ത്തി അകിതോയുടെ സഹോദരന്റെ മൂന്നാമത്തെ മകളാണ് ഇരുപത്തെട്ടുകാരിയായ അക്കായോ രാജകുമാരി. 

മുപ്പത്തി രണ്ടുകാരനും നിപ്പോണ്‍ യൂന്‍സെന്‍ കമ്പനിയിലെ ജീവനക്കാരനുമായ കേയ് മോറിയോയാണ് അക്കായോ രാജകുമാരിയെ വിവാഹം ചെയ്തത്. ജാപ്പനീസ് ആചാരമനുസരിച്ചുള്ള ഇവരുടെ വിവാഹം ഇന്ന് രാവിലെയാണ് നടന്നത്. ടോക്കിയോയിലെ മേയ്ജി ക്ഷേത്രത്തില്‍ വച്ചാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. രാജ കുടുംബത്തില്‍ നിന്നല്ലാതെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്യം ജപ്പാന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് ലഭിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. നിലവിലെ ചക്രവര്‍ത്തിയായ അകിതോയാണ് ഇത്തരത്തില്‍ സാധാരണക്കാരിയെ വിവാഹം ചെയ്യുന്ന ആദ്യത്തെ രാജകുടുംബാംഗം. 

വിവാഹ ശേഷം അക്കായോ മോറിയ എന്നാവും രാജകുമാരി അറിയപ്പെടുക. കിരീടാവകാശികളായി പുരുഷന്മാര്‍ കുറവുള്ള രാജകുടുംബം കൂടിയാണ് ജപ്പാന്റേത്. രാജകുടുംബത്തിലെ പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന സാധാരണക്കാരികള്‍ രാജകുടുംബത്തിന്റെ ഭാഗമാകുമെങ്കില്‍ സ്ത്രീകള്‍ക്ക് അത്തരം പരിഗണന ജപ്പാനില്‍ ലഭിക്കാറില്ല.   സാധാരണക്കാരുടെ ജീവിതമായി അക്കായോയ്ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേയ് മോറിയ വിവാഹശേഷം പ്രതികരിച്ചു. അക്കായോ രാജകുമാരിയുടെ അമ്മയുടെ സുഹൃത്തിന്റെ മകനാണ് കേയ് മോറിയ. 

click me!