
ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം. ഇൗ ആഗ്രഹ പൂർത്തീകരണത്തിന് എന്ത് ചെയ്യണമെന്ന അറിവും പ്രധാനമാണ്. ശരിയായ ജ്യൂസുകൾ നിങ്ങളെ ഇതിന് സഹായിക്കും. ഖരരൂപത്തിലുള്ള ഭക്ഷണങ്ങളുടെ സ്ഥാനത്ത് ജ്യൂസുകൾ പരീക്ഷിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ എല്ലാവിധ ഖരഭക്ഷണവും നിർത്തി ജ്യൂസ് കഴിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കാനും ശരീരത്തെ ദുർബലപ്പെടുത്താനുമേ സഹായിക്കുകയുള്ളൂ.
പൂർണമായും ദ്രവഭക്ഷണത്തിലേക്ക് മാറുന്നതിന് പകരം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഏതാനും ജ്യൂസുകൾ ഉൾപ്പെടുത്താം. ഫ്രഷ് ജ്യൂസ് കഴിക്കുന്നത് വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളും ഫൈബറും ശരീരത്തിൽ നേരിട്ട് എത്താനുള്ള എളുപ്പവഴിയാണ്. ഇത് നിങ്ങളുടെ പോഷണപ്രക്രിയയെ ഉണർത്തുകയും കൂടുതൽ കലോറി ഉൗർജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരേ സമയം ശരീരത്തിന് ഗുണകരവും എന്നാൽ നിങ്ങളുടെ ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്ന അഞ്ച് തരം ജ്യൂസുകൾ ഇവയാണ്:
കലോറിയുടെ അളവിൽ കുറവും ഫൈബർ കൂടുതലുമുള്ള കാരറ്റ് ഭാരം കുറക്കാൻ സഹായിക്കും. ഉച്ചഭക്ഷണം വരെ പിടിച്ചുനിൽക്കാൻ ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് നിങ്ങളെ സഹായിക്കും. കാരറ്റ് ജ്യൂസ് പിത്തരസം ഉൽപ്പാദനത്തിന് സഹായിക്കുകയും അതുവഴി മതി കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. കാരറ്റ് ജ്യൂസിന്‍റെ സ്വാദ് വർധിപ്പിക്കാൻ ഇതിൽ ആപ്പിൾ, ഒാറഞ്ച്, ഇഞ്ചി ഇവയിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞ അളവിൽ ചേർക്കാം.
പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്ഥാനത്ത് എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ് ഒാറഞ്ചിന്റേത്. നെഗറ്റീവ് കലോറി ജ്യൂസ് ആയാണ് ഒാറഞ്ച് ജ്യൂസ് പരിഗണിക്കപ്പെടുന്നത്.
കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിർത്താനും ഇത് സഹായിക്കും. ഏതാനും തുള്ളി ചെറുനാരങ്ങാ നീരോ അൽപ്പം ഉപ്പോ വറുത്ത ജീരകത്തിന്റെ പൊടിയോ ബീറ്റ്റൂട് ജ്യൂസിൽ ചേർക്കുന്നത് കൂടുതൽ രുചികരമാക്കും.
ഭാരം കുറക്കാനുള്ള ശ്രമത്തിനിടയിൽ ശരീരത്തിൽ ജലാംശം വേണ്ടത്ര അളവിൽ നിലനിർത്തൽ പ്രധാനമാണ്. തണ്ണിമത്തൻ ജ്യൂസ് ജലാംശം നിലനിർത്താനും അമിനോ ആസിഡിന്റെ സാന്നിധ്യം കാരണം ഉയർന്ന കലോറി ഉൗർജോൽപ്പാദനത്തിനും സഹായിക്കുന്നു. നൂറ് മില്ലി ലിറ്റർ തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 100 കലോറി അടങ്ങിയിരിക്കും.
ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവർത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ഒരു തുള്ളി തേൻ സഹിതം രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരഭാരം കുറക്കാനുള്ള ശ്രമത്തെ ഫലപ്രദമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam