ഹൃദയസ്തംഭനം നേരിട്ട ഭര്‍ത്താവിനെ രക്ഷിച്ച് പൂര്‍ണ്ണ ഗര്‍ഭിണി; അതേ ആശുപത്രിയില്‍ വച്ച് പ്രസവവും

Published : Oct 26, 2018, 03:19 PM IST
ഹൃദയസ്തംഭനം നേരിട്ട ഭര്‍ത്താവിനെ രക്ഷിച്ച് പൂര്‍ണ്ണ ഗര്‍ഭിണി; അതേ ആശുപത്രിയില്‍ വച്ച് പ്രസവവും

Synopsis

നെഞ്ചിലമര്‍ത്തി സിപിആര്‍ നല്‍കാന്‍ എമര്‍ജി സര്‍വീസിലിരിക്കുന്നവര്‍ ആഷ്‌ലിയോട് പറഞ്ഞുകൊണ്ടിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ആഷ്‌ലിക്ക് പക്ഷേ അത്രയും ശക്തിയെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല

മിനസോട്ട: പ്രസവത്തിന് ഡോക്ടര്‍മാര്‍ പറഞ്ഞ തീയതിയുടെ തലേന്ന് വീട്ടില്‍ ഉറങ്ങാന്‍ കിടന്നതാണ് ആഷ്‌ലി ഗോട്ടെയും ഭര്‍ത്താവ് ആന്‍ഡ്രൂവും. പുലര്‍ച്ചെ ആഷ്‌ലി ഉണരുമ്പോള്‍ കാണുന്നത് ശ്വാസം കിട്ടാതെ കിടക്കയില്‍ പിടയുന്ന ഭര്‍ത്താവിനെയാണ്. കുറച്ച് നിമിഷങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ ആഷ്‌ലി പകച്ചുനിന്നു. 

പിന്നെ വൈകിയില്ല എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു. തന്റെ ഭര്‍ത്താവ് ശ്വാസം കിട്ടാതെ പിടയുകയാണെന്നും എന്തുചെയ്യണമെന്നും അവര്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. സിപിആര്‍ നല്‍കട്ടെയെന്ന് ആഷ്‌ലി തന്നെയാണ് എമര്‍ജന്‍സി സര്‍വീസിലിരുന്നവരോട് ചോദിച്ചത്. 

അതുതന്നെയാണ് അവരും ആഷ്‌ലിയോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് കിടക്കയില്‍ നിന്ന് ആന്‍ഡ്രൂവിനെ വലിച്ച് താഴെ തറയില്‍ കിടത്തി. നെഞ്ചിലമര്‍ത്തി സിപിആര്‍ നല്‍കാന്‍ എമര്‍ജി സര്‍വീസിലിരിക്കുന്നവര്‍ ആഷ്‌ലിയോട് പറഞ്ഞുകൊണ്ടിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ആഷ്‌ലിക്ക് പക്ഷേ അത്രയും ശക്തിയെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. 

എങ്കിലും എവിടെ നിന്നോ സംഭരിച്ച ധൈര്യവുമായി ആഷ്‌ലി അത് ചെയ്തു. വൈകാതെ ആന്‍ഡ്രൂവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനമെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴും രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആന്‍ഡ്രൂവിന് ബോധം തെളിഞ്ഞു. 

ഏറെ വൈകാതെ അതേ ആശുപത്രിയില്‍ വച്ച് ആഷ്‌ലി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. ആന്‍ഡ്രൂവിന് കുഞ്ഞിനെ കാണാനുള്ള സൗകര്യത്തിന് വേണ്ടി ആശുപത്രിയില്‍ ഇരുവരെയും അടുത്തടുത്ത കിടക്കകളിലാണ് പിന്നീട് കിടത്തിയത്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും അതല്ലാത്തൊരു അവസ്ഥയെ പറ്റി ചിന്തിക്കാന്‍ പോലുമാകില്ലെന്നും മാധ്യമങ്ങളുമായി സന്തോഷം പങ്കുവയ്ക്കവേ ആഷ്‌ലി അറിയിച്ചു.
 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ