ജീവിതത്തില്‍ മാരകരോഗങ്ങള്‍ വരാതിരിക്കാന്‍ ഇന്നുതന്നെ ചെയ്യേണ്ട 8 കാര്യങ്ങള്‍

Web Desk |  
Published : Aug 02, 2017, 05:01 PM ISTUpdated : Oct 04, 2018, 05:34 PM IST
ജീവിതത്തില്‍ മാരകരോഗങ്ങള്‍ വരാതിരിക്കാന്‍ ഇന്നുതന്നെ ചെയ്യേണ്ട 8 കാര്യങ്ങള്‍

Synopsis

ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, കരള്‍രോഗം ഇതുപോലെയുള്ള ഏതെങ്കിലും മാരകരോഗങ്ങള്‍ വന്നാല്‍ ജീവിതത്തില്‍ തകര്‍ച്ച നേരിടാനുള്ള സാധ്യത ഏറെയാണ്. ചികില്‍സയ്ക്കുള്ള ഭീമമായ ചെലവും മാനസികസമ്മര്‍ദ്ദവും കാരണം ജീവിതത്തിന്റെ ശോഭ തന്നെ കെടുത്തികളയുന്നവയാണ് മാരകരോഗങ്ങള്‍... മേല്‍പ്പറഞ്ഞ മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ തീര്‍ച്ചയായും ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ചില മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂ... അത്തരത്തില്‍ ഇന്നുതന്നെ ജീവിതത്തില്‍ ചെയ്തുതുടങ്ങേണ്ട 8 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കാം...

1, ദിവസവും മൂന്നുനേരം ഭക്ഷണം കഴിക്കുക. രാവിലത്തെ ഭക്ഷണം വയറ് നിറച്ച് കഴിക്കുക. രാവിലെ ആവിയില്‍ പുഴുങ്ങിയ പുട്ട്, ഇഡലി, ഇടിയപ്പം പോലെയുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. ഉച്ചഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും മല്‍സ്യവും ഉള്‍പ്പെടുത്തുക. രാത്രിയില്‍ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിക്കുക. ഒരുനേരം ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കണം. രാത്രിഭക്ഷണം ഉറപ്പായും കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് കഴിച്ചിരിക്കുക.

2, ദിവസവും ആറു മണിക്കൂര്‍ കുറഞ്ഞത് ഉറങ്ങണം. പകല്‍ ഉറക്കം പരമാവധി ഒഴിവാക്കുക.

3, ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ നടത്തം അല്ലെങ്കില്‍ ഓട്ടം ശീലമാക്കുക. അതിനുശേഷം അരമണിക്കൂര്‍ വ്യായാമവും നിര്‍ബന്ധമാക്കുക. കൈകാലുകള്‍ക്കും നെഞ്ചിനും വയറിനും ബലം ലഭിക്കുന്ന വ്യായാമമുറകാണ് പ്രധാനമായും ചെയ്യേണ്ടത്.

3, ഭക്ഷണത്തില്‍ ഉപ്പും മധുരവും എണ്ണയും പരമാവധി കുറയ്ക്കുക. ഭക്ഷണം പാകം ചെയ്യുന്നതിനായി ഒലിവ് എണ്ണ ഉപയോഗിക്കാമെങ്കില്‍ അതായാരിക്കും ഏറ്റവും നല്ലത്. പപ്പടം, അച്ചാര്‍, അമിതമധുരമുള്ള ബേക്കറി പലഹാരങ്ങള്‍ എന്നിവ പൂര്‍ണമായും വേണ്ടെന്ന് വെയ്ക്കുക.

4, കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് പൂര്‍ണമായും നിയന്ത്രണവിധേയമാക്കുക. മൂന്നു മാസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തുക. ഭക്ഷണശീലം, മരുന്ന് എന്നിവയിലൂടെ വേണം ഇവ നിയന്ത്രിക്കാന്‍. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഒരുകാരണവശാലും കൂടാന്‍ അനുവദിക്കരുത്.

5, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ബീഫ് പോലെയുള്ള ചുവന്ന മാംസം കഴിക്കാന്‍ പാടില്ല. തൊലികളഞ്ഞ ചിക്കന്‍ കറിവെച്ച് കഴിക്കുന്നതാണ് ഉത്തമം.

6, രക്തബന്ധമുള്ളവര്‍ക്ക് ഹൃദ്രോഗമോ, ക്യാന്‍സറോ വന്നിട്ടുണ്ടെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ അതുമായി ബന്ധപ്പെട്ട പരിശോധകള്‍ ചെയ്യുക. ചെറുപ്പക്കാരും ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകുക. പണ്ടൊക്കെ പ്രായമായവര്‍ക്ക് മാത്രമെ ഹൃദ്രോഗം വരു എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് ഇരുപതുകളിലും മുപ്പതുകളിലും ഹൃദ്രോഗം വരുന്ന പ്രവണത വളരെ കൂടുതലാണ്.

7, ശരീരം നല്‍കുന്ന സൂചനകളെ അവഗണിക്കാതിരിക്കുക. ശാരീരികബുദ്ധിമുട്ടുകള്‍, വേദന, അസ്വസ്ഥതകള്‍ എന്നിവ ഉണ്ടെങ്കില്‍ മതിയായ പരിശോധനകള്‍ ചെയ്യാന്‍ മടിക്കരുത്.

8, മാനസിക പിരിമുറുക്കം, വിഷാദം, ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കൌണ്‍സിലിങിലൂടെയോ, യോഗ, ധ്യാനം എന്നിവ വഴിയോ അത് പരിഹരിക്കാം. അതിനുശേഷവും ഈ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ സൈക്യാട്രിസ്റ്റിന് കണ്ട് ആവശ്യമായ ചികില്‍സ തേടണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും