ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web DeskFirst Published Jun 16, 2017, 12:40 PM IST
Highlights

തിരുവനന്തപുരം: ഇടവിട്ടുള്ള മഴയും വെയിലും കാരണം വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. തീവ്രമായ രോഗാതുരതയിലേക്കും ആശുപത്രിവാസത്തിലേക്കും സങ്കീര്‍ണതകളിലേക്കും അപൂര്‍വമായെങ്കിലും മരണത്തിലേക്കും നയിക്കാവുന്ന പകര്‍ച്ചപ്പനിയാണ് ഡെങ്കിപ്പനി. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്.

ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades) വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ അണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ സാധാരണഗതിയില്‍ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ആളുകളെ കടിക്കുന്നത്. ലഘുവായ ചില ശീലങ്ങളിലൂടെ ഈ മഹാമാരിയെ ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ നമുക്ക് കഴിയും.

1. ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ കുടുംബാഗങ്ങള്‍ക്കൊപ്പം വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ള ചിരട്ടകള്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പുറകുവശം തുടങ്ങിയ ഇടങ്ങള്‍ ഇല്ലാതാക്കുക.

2. വൈകുന്നേരവും രാവിലെയും വീട്ടിനുള്ളില്‍ ലിക്വഡൈസര്‍/മാറ്റ് രൂപത്തിലുള്ള കൊതുക് നാശിനികള്‍ ഉപയോഗിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മുറികള്‍ക്കുള്ളില്‍ പുകയ്ക്കുന്നതിലൂടെയും കൊതുക് ശല്യം ഒഴിവാക്കാം. പുക തുടങ്ങുന്ന സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുകയും പുക വീട്ടിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ അവ അടയ്ക്കുകയും വേണം. ഉണങ്ങിയ വേപ്പില, തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍ പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

3. വീട്ടിലുള്ളവര്‍ പ്രത്യേകിച്ചും കുട്ടികള്‍ കഴിവതും കൈകാലുകള്‍ മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ ശീലിക്കുക. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി
ചെയ്യുന്നവര്‍ വസ്ത്രങ്ങള്‍ ആവരണം ചെയ്യാന്‍ കഴിയാത്ത ശരീരഭാഗങ്ങളില്‍ കൊതുകളെ അകറ്റി നിര്‍ത്താന്‍ കഴിയുന്ന ലേപനങ്ങള്‍ (മരുന്ന് കടകളില്‍ ലഭിക്കുന്നവ) പുരട്ടുക.

4. വീട്ടില്‍ പനിബാധിതരുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും കൊതുക് വലയ്‌ക്കുള്ളില്‍ തന്നെ കിടത്തുക. നന്നായി ഭക്ഷണവും, വെള്ളവും കൊടുക്കുക.

5. ഭൂരിഭാഗം രോഗികളിലും ഡെങ്കിപ്പനി സാധാരണ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും കഠിമായ വയറുവേദന, വയറിളക്കം, ഛര്‍ദില്‍, ശ്വാസ തടസം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, അമിത ക്ഷീണം തുടങ്ങിയവ സങ്കീര്‍ണതകളിലേക്ക് നയിക്കാം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തിരമായി വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

click me!