ക്യാമ്പുകളിൽ ഉള്ളവരുടെ മാനസികാരോഗ്യം മറന്നു പോകരുത്

Published : Aug 23, 2018, 03:50 PM ISTUpdated : Sep 10, 2018, 01:18 AM IST
ക്യാമ്പുകളിൽ ഉള്ളവരുടെ  മാനസികാരോഗ്യം മറന്നു പോകരുത്

Synopsis

പത്ത് ലക്ഷത്തോളം പേർക്കാണ് പ്രളയത്തിൽ നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുള്ളത്. സ്വത്തുക്കളും സ്ഥലവും പ്രിയപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഇവർ നേരിട്ടുകൊണ്ടിരിക്കുന്നതും നേരിടാൻ പോകുന്നതുമായ മാനസിക സമ്മർദ്ദങ്ങൾ ചെറുതല്ല.     

കേരളം അതിന്റെ ചരിത്രത്തിലെതന്നെ മഹാ പ്രളയത്തെ അതിജീവിച്ചിരിക്കുകയാണ്. പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു കേരളത്തിലേതെന്നാണ് കണക്കുകൾ അപഗ്രഥിച്ച നാസ പറഞ്ഞത്. സുരക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചുതുടങ്ങി എങ്കിലും ഔദ്യോഗികമായി അവസാനിപ്പിച്ചതായുള്ള അറിയിപ്പുകൾ വന്നിട്ടില്ല. ശുചിത്വപ്രവർത്തനങ്ങൾക്കും പുനരധിവാസപ്രവർത്തനങ്ങൾക്കുമാണ് ഇപ്പോൾ പ്രാധാന്യം നൽകിയിട്ടുള്ളത്. പ്രളയത്തിന് ശേഷം കേരളത്തിൽ പടർന്ന് പിടിക്കാനിടയുള്ള പകർച്ചവ്യാധികൾക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അതിലും വലിയ ആരോഗ്യപ്രതിസന്ധികൾ കേരളത്തിൽ ഉണ്ടാകാനിടയുണ്ട് എന്നാണ് അടയാളങ്ങൾ സൂചിപ്പിക്കുന്നത്. ഇതുവരെ മൂന്ന് പേരാണ് പ്രളയദുരന്തങ്ങളിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. ഇത്രകാലവും കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം പ്രളയം കൊണ്ടുപോയതിലെ വേദനയിൽ രണ്ട് ഗൃഹനാഥന്മാരും സർട്ടിഫിക്കറ്റുകൾ നഷ്ടമായത് കാരണം ഒരു വിദ്യാർത്ഥിയുമാണ് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ ആത്മഹത്യ ചെയ്തത്. ശാരീരികമായ ആരോഗ്യം പോലെ തന്നെ ഗൗരവമായതും ഗുരുതരമായതുമായ  ഒന്നാണ് മാനസിക ആരോഗ്യവും. തകർച്ചയിൽ നിന്ന് കരകയറുന്ന കേരളത്തിന്റെ മനസിനും ചികിത്സയും പ്രതിരോധവും ആവശ്യമാണ്. 

 

മലയാളികൾക്ക് മാനസികാരോഗ്യം താരതമ്യേന കുറവാണ് എന്നത് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പലപ്പോഴായി വന്നിട്ടുണ്ട്. ദേശീയ മാനസികാരോഗ്യ സർവ്വേയുടെ 2015-16 ലെ  കണക്കുകൾ പ്രകാരം കേരളത്തിലെ 18 വയസ് മുതൽ പ്രായമുള്ള 14.4%, അതായത് ഏകദേശം 50 ലക്ഷത്തോളം പേരും മാനസിക അസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം പേർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. മാനസികാരോഗ്യത്തിന് ഒരു നാടിൻറെ വളർച്ചയിൽ എത്രമാത്രം പങ്കുണ്ടെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്. മനോരോഗങ്ങൾ ആരോഗ്യപരമായ പ്രശ്നങ്ങളുടെ പരിധിയിൽ പെടാതിരുന്ന കാലമെല്ലാം മാറിയിരിക്കുന്നു. തങ്ങളുടെ ജനതയുടെ ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യമെന്നും അത് സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള ബോധ്യങ്ങൾ നമ്മുടെ നാട്ടിലും വന്നുതുടങ്ങിയിട്ടുണ്ട്. 1987-ലെ മാനസികാരോഗ്യനിയമത്തിന്റെ തുടർച്ചയായി വന്ന മാനസികാരോഗ്യ പരിചരണ നിയമം വളരെ പ്രധാനമായ ഒന്നാണ്. ആത്മഹത്യ കുറ്റകരമല്ലാതാക്കുക എന്ന പ്രധാന നയം മുന്നോട്ട് വച്ചത് ഈ നിയമമായിരുന്നു. അതുവരെ രാജ്യത്തെ ഓരോ പൗരന്റെയും ജീവന് മേലുള്ള ഭരണകൂടത്തിന്റെ അവകാശം ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 309 വകുപ്പ് പ്രകാരം കുറ്റകരമായിരുന്നു. എന്നാൽ 2017 ൽ  പാസാക്കിയ പ്രസ്തുത നിയമപ്രകാരം ആത്മഹത്യ  രാജ്യത്ത് കുറ്റകരമല്ലാതായി. ആത്മഹത്യക്ക് ശ്രമിക്കുന്ന വ്യക്തിയുടെ മാനസിക സമ്മർദ്ദം പരിഗണിച്ചാണ് ഇത്തരമൊരു ഭേദഗതി. മാനസിക രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനും ഇപ്പോൾ രാജ്യത്ത് തീരുമാനമായിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് നിലവിലെ പ്രളയ ബാധിതരുടെ മാനസികാരോഗ്യത്തെ പരിഗണിക്കേണ്ടത്. 

3274 ക്യാമ്പുകളിലായി 10,28,073  പേരെയാണ് പുനരധിവസിപ്പിച്ചിട്ടുള്ളത്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വന്ന,വ്യത്യസ്തമായ മാനസിക നിലകളുള്ള 10,28,073 വ്യക്തികളാണ് അവർ ഓരോരുത്തരും. പത്ത് ലക്ഷത്തോളം പേർക്കാണ് പ്രളയത്തിൽ നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുള്ളത്. സ്വത്തുക്കളും സ്ഥലവും പ്രിയപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഇവർ നേരിട്ടുകൊണ്ടിരിക്കുന്നതും നേരിടാൻ പോകുന്നതുമായ മാനസിക സമ്മർദ്ദങ്ങൾ ചെറുതല്ല. 

മനുഷ്യനെ,പ്രത്യേകിച്ച് മലയാളിയെ സംബന്ധിച്ച് ഭൂമി അഥവാ മണ്ണ് സ്വന്തമായി ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. സ്വന്തം വീട്,സ്വന്തം സ്ഥലം എന്ന ചിന്ത നൽകുന്ന സുരക്ഷിതത്വത്തിലാണ് പലപ്പോഴും നിലനിൽപ്പ് തന്നെ. ആദിവാസി-ദളിത് വിഭാഗങ്ങൾ തങ്ങളുടെ പ്രധാന ആവശ്യമായി ഭൂമി ഉന്നയിക്കുന്നത് പോലും ഇത്തരം ഒരു ചിന്തയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. ഭൂമിയുള്ളവനാണ് എല്ലാക്കാലത്തും ഉടമ. ഭൂമിയെ അടിസ്ഥാനപ്പെടുത്തിയാണ് തർക്കങ്ങളും അധിനിവേശങ്ങളും കീഴടക്കലുകളുമെല്ലാം ചരിത്രത്തിൽ നടന്നിട്ടുള്ളത്. ഇത്തരത്തിൽ 'മണ്ണ്' എന്നത് മനുഷ്യന്റെ വൈകാരികതയോട് വളരെ ചേർന്നുകിടക്കുന്ന ഒന്നാണ്. ഈ പ്രളയം അനിശ്ചിതത്വത്തിലാക്കിയത് അങ്ങനെയൊരു സുരക്ഷിതത്വത്തെ കൂടിയാണ്. 

"വലിയൊരു ദുരന്തമാണ് നമ്മുടെ സമൂഹം ഇപ്പോൾ നേരിട്ടത്. ഇത് മനുഷ്യന്റെ മരണം പോലെയോ രോഗങ്ങൾ പോലെയോ ഉള്ള ഒന്നല്ല. മറിച്ച് തീർത്തും അപ്രതീക്ഷിതമായുണ്ടായ ഒരു അപകടമാണ്. ഇത്തരം സാഹചര്യങ്ങൾ മനുഷ്യനുണ്ടാകുമ്പോൾ അവന്റെ അന്നുവരെയുള്ള ജീവിത രീതിയും വ്യക്തിത്വവും അനുസരിച്ച് അതിനെ നേരിടുന്ന രീതികളിൽ വ്യത്യാസം വരും. സുഖകരമായ ജീവിത സാഹചര്യങ്ങളിൽ ജീവിച്ചു വളർന്നൊരാളെ സംബന്ധിച്ച് ഇത്തരമൊരു പ്രകൃതി ദുരന്തം അവരുടെ മൊത്തം ജീവിതത്തെ താളം തെറ്റിക്കാം. 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ'  എന്നാണ് ഇത്തരം അവസ്ഥയെ പറയാറുള്ളത്. ഏത് തരം ആഘാതങ്ങളുടെയും അനന്തരഫലമായുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ് ഇത്. ആളുകളിൽ ഇതിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും." തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജ്  മാനസികാരോഗ്യവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ബഷീർ കുട്ടി പറയുന്നു. 

പ്രളയബാധിതരായ മുഴുവൻ പേരുടെയും മാനസികാരോഗ്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 'ഓപ്പറേഷൻ റീഹാബിലിറ്റേഷൻ' എന്ന പേരിൽ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ശാരീരികമായ ആരോഗ്യത്തിനൊപ്പം തന്നെ ജനങ്ങളുടെ മാനസികമായ ആരോഗ്യവും പരിഗണിക്കപ്പെടും എന്നതിന്റെ തെളിവ് കൂടിയാണിത്. 

 

"സുരക്ഷാപ്രവർത്തനങ്ങളുടെയും  പുനരധിവാസ പ്രവർത്തനങ്ങളുടെയും ആദ്യഘട്ടങ്ങൾ അവസാനിച്ച ഉടൻ തന്നെ കൗൺസിലിംഗ് മുതലായ കാര്യങ്ങൾ ആരംഭിക്കണമെന്ന് നിർദ്ദേശങ്ങളുണ്ടായിരുന്നു. സുനാമിയുടെയും ഓഖിയുടെയും സമയത്ത്  ഇത്തരത്തിൽ പല കൗൺസിലിംഗുകളും നൽകിയിരുന്നു. ഇപ്പോളുണ്ടായ ദുരന്തത്തിലും മെഡിക്കൽകോളേജിലെ  മനഃശാസ്ത്ര വിഭാഗത്തിൽ നിന്നും മറ്റ് പല വിഭാഗങ്ങളിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് വണ്ടികൾ പോയിരുന്നു. കഴിഞ്ഞ ആഴ്ച ചെങ്ങന്നൂരിൽ പോയിരുന്നു. ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ മനഃശാസ്ത്ര വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുകയാണ് ലക്ഷ്യം. സന്നദ്ധപ്രവർത്തകർക്കും ഇതിൽ പല കാര്യങ്ങളും ചെയ്യാനാകും. ദുരന്തബാധിതരെ കേൾക്കുക എന്നത് വളരെ പ്രധാനമാണ്. ദുരിതങ്ങൾ പറഞ്ഞാൽ തന്നെ പകുതി പേർക്കും ആശ്വാസമാകും. അവരെ കൃത്യമായി കേൾക്കാൻ മനഃശാസ്ത്രജ്ഞർ തന്നെ വേണമെന്നില്ല. സഹാനുഭൂതിയുള്ള ആർക്കും ചെയ്യാം. ഇത്തരത്തിൽ ഒരുപരിധി വരെ അവരെ മാനസിക സമ്മർദ്ദത്തിൽ നിന്നും കര കയറ്റം." ഡോക്ടർ പറയുന്നു.

 

"ആത്മീയമായ ചിന്തകൾ ഈ സമയത്ത് ഗുണം ചെയ്യും. ദൈവത്തിന്റെ പരീക്ഷണമാണെന്നോ ദൈവം തന്നെ സഹായിക്കുമെന്നോ ഉള്ള ചിന്തകൾ മനുഷ്യന് ജീവിക്കാൻ പ്രചോദനമേകുന്നവയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. 

ദുരന്തബാധിതരുടെ മാനസികനിലയെ പരിഗണിക്കാതെയുള്ള ചർച്ചകൾ പണ്ടും പലസമയത്തും നടന്നിട്ടുണ്ട്. ഓഖിയുണ്ടായ സമയത്തെ ചില ചർച്ചകളിൽ  അത്തരം ചില സമീപനങ്ങൾ വളരെ ദൃശ്യമായിരുന്നു. മഹാരാഷ്ട്രയുടെ തീരങ്ങളിൽ എത്തിപ്പെട്ട ചില മൽസ്യത്തൊഴിലാളികൾ തങ്ങൾക്ക് ലഭിച്ച ആഹാരം മീനില്ലാതിരുന്നതിനാൽ കഴിക്കാനായില്ല എന്ന് പറഞ്ഞതിനെ അവജ്ഞയോടെയാണ്  സമൂഹം നേരിട്ടത്. ദുരിതത്തിൽ പെട്ടവർക്ക് ഒന്നും ആവശ്യപ്പെടാനുള്ള അർഹതയില്ലെന്നും അനുകമ്പയിൽ നിന്ന് ലഭിക്കുന്നതിനെ പൂർണ്ണ തൃപ്തിയോടെ സ്വീകരിക്കണമെന്നുമുള്ള ചില മുൻവിധികളുടെയും അബദ്ധധാരണകളുടെയും ഫലമായിരുന്നു അത്. എന്നാൽ ദുരന്തബാധിതരുടെ മാനസിക സന്തോഷവും സംതൃപ്തിയും വളരെ പ്രധാനമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 

 ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുള്ള  പല ചിത്രങ്ങളും അത്തരം സന്തോഷങ്ങളുടെ സാദ്ധ്യതകൾ അടഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കുന്നവയാണ്. കൂട്ടം കൂടിയിരുന്ന് അന്താക്ഷരി കളിക്കുന്ന കുട്ടികളും ജിമിക്കിക്കമ്മലിന് ചുവട് വയ്ക്കുന്ന സ്ത്രീയും പെരുന്നാൾ രാവിൽ കന്യാസ്ത്രീകളുടെ കൈയ്യിൽ മൈലാഞ്ചി അണിയിക്കുന്ന പെൺകുട്ടികളുമെല്ലാം നമ്മളെ സന്തോഷിപ്പിക്കുന്നത്  അതുകൊണ്ട് കൂടിയാണ്. ഒരു ദുരന്തവും ഒന്നിന്റെയും അവസാനമല്ലെന്ന ബോധ്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ. പ്രളയ ബാധിതരുടെ വീട്ടിലേക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും ക്ഷണിച്ചു കൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കത്ത് ജനശ്രദ്ധ നേടിയിരുന്നു. ദുരിതങ്ങൾ നേരിട്ടവരുടെ മാനസിക ഭാരം ലഘൂകരിക്കാൻ ഇത്തരം കാര്യങ്ങൾക്കാകും.  വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മോഹൻലാലിനെ ജനങ്ങൾ ദുരിതങ്ങൾ മറന്ന് ആരവത്തോടെയാണ് സ്വീകരിച്ചത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പുകൾ സന്ദർശിക്കണം എന്ന് അഭ്യർത്ഥിച്ച് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലൻ   പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നിരവധി പ്രമുഖരാണ് തിരുവനന്തപുരത്തെ ക്യാമ്പുകൾ സന്ദർശിച്ചത്. പുനരധിവാസ ക്യാമ്പുകളിൽ ഓണാഘോഷം സംഘടിപ്പിക്കാമെന്ന ആശയവുമായി ജനങ്ങളുടെ പ്രിയപ്പെട്ട 'കളക്ടർ ബ്രോ' പ്രശാന്ത് നായർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റും ഇതിനോടകം ചർച്ചയാണ്.  ക്യാമ്പ് വിട്ട് പോയവരും നാട്ടുകാരും എല്ലാവരുമൊന്നിച്ച് ഒരു മെഗാ കമ്മ്യൂണിറ്റി ഫീസ്റ്റ് നടത്തിയാലെന്തെന്നാണ് കളക്ടർ ചോദിച്ചിരിക്കുന്നത്. കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും ആഘോഷമായി ഈ ഓണത്തെ മാറ്റാം എന്നും അദ്ദേഹം പറയുന്നുണ്ട്. ഇവയെല്ലാം പ്രളയത്തെ അതിജീവിച്ചവർക്ക് പ്രതീക്ഷ നൽകാൻ സഹായകരമായ ആശയങ്ങളാണ്. 
ചെറുതെന്ന് തോന്നാവുന്ന ഇത്തരം കാര്യങ്ങളിലൂടെ തിരിച്ചുപിടിക്കുന്നത് ഒരു ജനതയുടെ ആത്മധൈര്യത്തെയാണ്.. 

PREV
click me!

Recommended Stories

വെറും കുളി മാത്രമല്ല, ചർമ്മത്തിന് നിർബന്ധമായും വേണ്ട 'ബോഡി കെയർ' ഉൽപ്പന്നങ്ങൾ
മുടി കേടുവരാതെ 'ഹെയർ ടൂൾസ്' ഉപയോഗിക്കാം; സ്റ്റൈലിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ