നമ്മുടെ ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാൻ കൃത്യമായ ഒരു പരിചരണം ആവശ്യമാണ്. ചൂടും പൊടിയും മലിനീകരണവും നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ വെറും കുളി കൊണ്ട് മാത്രം ചർമ്മ സംരക്ഷണം പൂർത്തിയാകുന്നില്ല. ചില ബോഡി കെയർ ഉൽപ്പന്നങ്ങൾ പരിചയപ്പെടാം

മുഖം മിനുക്കാൻ നമ്മൾ കാണിക്കുന്ന താല്പര്യം പലപ്പോഴും ശരീരത്തിന്റെ കാര്യത്തിൽ ഉണ്ടാകാറില്ല. ഒരു സോപ്പിട്ട് കുളി കഴിഞ്ഞാൽ എല്ലാം തീർന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ചർമ്മം എന്നും സോഫ്റ്റ് ആയിരിക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്ന ചില ബോഡി കെയർ ഉൽപ്പന്നങ്ങൾ പരിചയപ്പെടാം.

1. ജെന്റിൽ ബോഡി വാഷ്

നമ്മൾ സാധാരണ ഉപയോഗിക്കുന്ന പല സോപ്പുകളും ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്ത് ചർമ്മത്തെ വരണ്ടതാക്കാറുണ്ട്. ഇതിനു പകരമായി ചർമ്മത്തിന്റെ pH ലെവൽ നിലനിർത്തുന്ന ബോഡി വാഷുകൾ ഉപയോഗിക്കാം. ഓട്‌സ്, ഷിയ ബട്ടർ അല്ലെങ്കിൽ കറ്റാർവാഴ അടങ്ങിയ ബോഡി വാഷുകൾ ചർമ്മത്തെ വൃത്തിയാക്കുന്നതിനൊപ്പം തന്നെ ഈർപ്പമുള്ളതാക്കി നിലനിർത്താനും സഹായിക്കും.

2. ബോഡി സ്‌ക്രബ്

ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒരു നല്ല ബോഡി സ്‌ക്രബ് ഉപയോഗിക്കാം. കാപ്പിപ്പൊടി, പഞ്ചസാര അല്ലെങ്കിൽ ഉപ്പ് എന്നിവ അടങ്ങിയ സ്‌ക്രബുകൾ ചർമ്മത്തിന് കൂടുതൽ തിളക്കം നൽകും. സ്‌ക്രബ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും ചർമ്മം കൂടുതൽ മൃദുവാകാനും സഹായിക്കും. എന്നാൽ അമിതമായി സ്‌ക്രബ് ചെയ്യുന്നത് ഒഴിവാക്കണം.

3. ബോഡി ലോഷൻ അല്ലെങ്കിൽ ബട്ടർ

കുളി കഴിഞ്ഞ ഉടനെ ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ ഒരു മോയ്‌സ്ചുറൈസർ പുരട്ടേണ്ടത് അത്യാവശ്യമാണ്. വരണ്ട ചർമ്മമുള്ളവർക്ക് കട്ടിയുള്ള ബോഡി ബട്ടറുകളും, എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് കട്ടി കുറഞ്ഞ ബോഡി ലോഷനുകളും തിരഞ്ഞെടുക്കാം. ഇത് ചർമ്മം വിണ്ടുകീറുന്നത് തടയുകയും ദീർഘനേരം ചർമ്മത്തെ മൃദുവായി നിലനിർത്തുകയും ചെയ്യും.

4. സൺസ്‌ക്രീൻ

പലരും മുഖത്ത് മാത്രം സൺസ്‌ക്രീൻ പുരട്ടുകയും ശരീരം മറന്നുപോവുകയും ചെയ്യാറുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന കൈകളിലും കാലുകളിലും സൺസ്‌ക്രീൻ പുരട്ടാതിരിക്കുന്നത് ചർമ്മം ഇരുണ്ടുപോകാനും അകാല വാർദ്ധക്യത്തിനും കാരണമാകും. പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും SPF 30-ൽ കൂടുതലുള്ള സൺസ്‌ക്രീൻ ശരീരത്തിൽ പുരട്ടാൻ ശ്രദ്ധിക്കുക.

5. റോൾ ഓൺ അല്ലെങ്കിൽ ഡിയോഡറന്റ്

ശരീര ദുർഗന്ധം അകറ്റി നിർത്തുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. വിയർപ്പ് മൂലമുള്ള ബാക്ടീരിയകളെ നിയന്ത്രിക്കാൻ നല്ലൊരു റോൾ ഓൺ അല്ലെങ്കിൽ ഡിയോഡറന്റ് ഉപയോഗിക്കാം. ചർമ്മത്തിന് അലർജി ഉണ്ടാക്കാത്ത ആൽക്കഹോൾ ഫ്രീ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

6. ഫൂട്ട് ക്രീം

നമ്മൾ ഏറ്റവും കൂടുതൽ അവഗണിക്കുന്ന ഒന്നാണ് പാദങ്ങൾ. രാത്രി കിടക്കുന്നതിന് മുൻപായി പാദങ്ങൾ വൃത്തിയാക്കി ഒരു ഫൂട്ട് ക്രീം പുരട്ടുന്നത് പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ സഹായിക്കും. ഇത് പാദങ്ങളിലെ ചർമ്മത്തെ മൃദുവാക്കി നിലനിർത്തും.

മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ പ്രകൃതം വരണ്ടതാണോ അതോ എണ്ണമയമുള്ളതാണോ എന്നത് കൂടി പരിഗണിക്കുക. കൃത്യമായ ബോഡി കെയർ ശീലങ്ങൾക്കൊപ്പം ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരം കഴിക്കുന്നതും ചർമ്മത്തിന്റെ തിളക്കം ഉള്ളിൽ നിന്നും വർദ്ധിപ്പിക്കാൻ സഹായിക്കും.