പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൃദ്ധനായ അറബി വിവാഹം കഴിച്ചുകൊണ്ടുപോയി; തിരിച്ച് എത്തിക്കാന്‍ മാതാപിതാക്കള്‍

By Web DeskFirst Published Aug 17, 2017, 3:34 PM IST
Highlights

1982ല്‍ പുറത്തിറങ്ങിയ ബസാര്‍ എന്ന ബോളിവുഡ് സിനിമ പറയുന്നത് ഹൈദരാബാദിലെ അറബി കല്യാണത്തെക്കുറിച്ചായിരുന്നു. ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അറബികള്‍ക്ക് വിവാഹം ചെയ്‌തുകൊടുക്കുന്ന ഹൈദരാബാദിലെ സ്ഥിതിവിശേഷമായിരുന്നു നസിറുദ്ദീന്‍ഷായും ഫാറൂഖ് ഷെയ്‌ഖും സ്‌മിതാ പാട്ടിലും അഭിനയിച്ച ബസാര്‍ എന്ന സിനിമയുടെ ഇതിവൃത്തം. സിനിമ പുറത്തിറങ്ങി 35 വര്‍ഷം പിന്നിടുമ്പോള്‍, കഥയോട് ഏറെ സാമ്യമുള്ള സംഭവം ഉണ്ടായിരിക്കുകയാണ് ഹൈദരാബാദില്‍. ഒമാന്‍ സ്വദേശിക്ക് ബന്ധുക്കള്‍ വിവാഹം ചെയ്തുകൊടുത്ത പ്രായപൂര്‍ത്തിയാകാത്ത മകളെ തിരികെ നാട്ടിലെത്തിക്കാനുള്ള നിയമപോരാട്ടത്തിലാണ് ഒരു ഉമ്മയും ബാപ്പയും. ഒമാനിലെ വ്യവസായിയായ ഷെയ്‌ഖിന് തങ്ങളുടെ മകളെ വിവാഹം ചെയ്‌തുകൊടുത്തത് അഞ്ചു ലക്ഷം രൂപയ്‌ക്ക് വേണ്ടിയായിരുന്നുവെന്നും, നിഖാഹ് വിവരം അറിഞ്ഞില്ലെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഈ മാതാപിതാക്കള്‍ പറയുന്നത്.

ഒമാന്‍ സ്വദേശി അറുപത്തിയഞ്ചുകാരനായ അഹമ്മദ്, വിവാഹശേഷം പെണ്‍കുട്ടിയെ മസ്‌ക്കറ്റിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ഒമാനിലെ ഫലാക്‌നുവ പൊലീസുമായി ബന്ധപ്പെട്ട് 16കാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹൈദരാബാദ് പൊലീസ്. സഹോദരന്റെ ഭാര്യ, ഘൗസിയ ഇടപെട്ടാണ് പെണ്‍കുട്ടിയുടെ നിക്കാഹ് നഗരത്തിലെ ഒരു ഹോട്ടലില്‍വെച്ച് നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ഉമ്മ ഉന്നിസ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഹൈദരാബാദില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നിരവധി വിദേശികള്‍ പ്രായപൂര്‍ത്തിയാകാത്ത വധുവിനെ തേടി ഹൈദരാബാദില്‍ എത്താറുണ്ട്. ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇടനിലക്കാര്‍ മുഖേന പണം വാഗ്ദ്ധാനം ചെയ്‌താണ് ഇവര്‍ വിവാഹത്തിനായി സമീപിക്കുന്നത്.

click me!