കൃത്യസമയത്ത് ചികിൽസ ഉറപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ

By Web DeskFirst Published Jan 10, 2018, 7:12 AM IST
Highlights

യഥാസമയം കൃത്യമായ ചികിത്സ കിട്ടാത്തതിനാല്‍ രാജ്യത്ത് ആയിരങ്ങള്‍ക്കാണ് പ്രതിവര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നത് . പ്രത്യേകിച്ച് വലിയ ദുരന്തമുണ്ടാകുന്പോള്‍ ഏല്ലാവര്‍ക്കും മതിയായ  ചികിത്സ നല്‍കുക എന്നത് പലപ്പോഴും വെല്ലുവിളിയാകുന്നു. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം സ്വദേശി ഡോക്ടര്‍ ആഷിഖ്.

വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ചത് കേരളത്തിന് തന്നെ നാണക്കേടായതാണ്. ഇനിയൊരു മുരുകന്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ആഷിഖും സംഘവും പുതിയ സംവിധാനം ഒരുക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളടക്കം രാജ്യമെന്പാടുമുള്ള സര്‍ക്കാര്‍-സ്വകാര്യആശുപത്രികളെ കൂട്ടിയിണക്കി റിസസ് എന്ന പേരില്‍ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുകയാണിവര്‍. ഓരോ ആശുപത്രിയിലും എത്ര ഡോക്ടര്‍മാരുണ്ട്, എത്ര കിടക്കകള്‍ ഒഴിവുണ്ട്. വെന്‍റിലേറ്റര്‍ ലഭ്യമാണോ തുടങ്ങിയവ വെബ്സൈറ്റ് മുഖേന അറിയാനാകും.

ഏറ്റവും അടുത്ത് ആംബുലന്‍സ് എവിടെയാണെന്ന് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ കേരളത്തിലെ എല്ലാ ആശുപത്രികളെയും ബന്ധിപ്പിച്ചാണ് പദ്ധതി. എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ആഷിഖിന് പദ്ധതിയുണ്ട്.

click me!