കൗമാരക്കാരിലെ ഫോണ്‍ ഉപയോഗം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Oct 27, 2018, 11:41 AM IST
Highlights

കൗമാരകാലഘട്ടത്തില്‍ വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെ ശ്രദ്ധിക്കേണ്ടത്

നന്നായി പഠിച്ചിരുന്ന കുട്ടി, പെട്ടെന്ന് പഠനത്തില്‍ പിറകോട്ടാവുക... അല്ലെങ്കില്‍ നന്നായി സംസാരിച്ചിരുന്ന സ്ഥാനത്ത് എപ്പോഴും മൗനിയായിരിക്കുക. മുറിയടച്ച് എപ്പോഴും മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കുക- ഇത്തരം അസാധാരണമായ സ്വഭാവത്തിലേക്ക് കൗമാരക്കാര്‍ കടക്കുമ്പോള്‍ പോലും മാതാപിതാക്കള്‍ അതിനെ കുറിച്ച് ബോധ്യമുള്ളവരാകുന്നില്ല. പലപ്പോഴും ഇതിന്റെയൊന്നും കാരണങ്ങള്‍ കണ്ടെത്താന്‍ അവര്‍ മെനക്കെടാറുമില്ല. 

കുട്ടിയുടെ മാനസികനില അസാധാരണമാം വിധത്തില്‍ മാറിപ്പോയതിന് ശേഷം മാത്രമാണ് മിക്കവാറും മാതാപിതാക്കള്‍ ആധി പിടിച്ച് ഇക്കാര്യവും പറഞ്ഞ് ഡോക്ടറുടെ അടുക്കലേക്ക് ഓടിയെത്തുക. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന സമയത്ത് തന്നെ കൈകാര്യം ചെയ്ത് തുടങ്ങുകയെന്നതാണ് പ്രധാനം. കുട്ടികളുടെ മാനസികനിലയെ അടിമുടി ബാധിച്ച ശേഷം ചികിത്സയെടുക്കുന്നതും അതിന് മുമ്പ് തന്നെ അവരെ തിരിച്ചുകൊണ്ടുവരുന്നതും തമ്മില്‍ വലിയ അന്തരമാണുള്ളത്. 

Latest Videos

കൗമാരകാലഘട്ടത്തില്‍ വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെ ശ്രദ്ധിക്കേണ്ടത്. പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനും മറ്റുള്ളവരുമായി ഇടപെടലുകള്‍ നടത്താനും അവര്‍ക്ക് കഴിയുമല്ലോ! അതിനാല്‍ തന്നെ ഏത് രീതിയില്‍ വേണമെങ്കിലും വഴിമാറി പോകാന്‍ അവര്‍ക്ക് പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ സാധ്യതകളുണ്ട്. 

മാറ്റങ്ങളില്‍ കരുതലുണ്ടാവുക...

പഠനകാര്യങ്ങളില്‍ കുട്ടികള്‍ പെട്ടെന്ന് പിന്നോട്ട് പോകുന്നുണ്ടെങ്കില്‍ അത് പ്രത്യേകം കരുതണം. അതുപോലെ തന്നെയാണ് വീട്ടിലുള്ളവരോടുള്ള പെരുമാറ്റത്തിലുള്ള സ്വഭാവ വ്യതിയാനങ്ങള്‍. ഈ രണ്ട് ലക്ഷണങ്ങളാണ് പ്രധാനമായും കണക്കിലെടുക്കേണ്ടത്. കൂട്ടത്തില്‍ അമിതമായി ദേഷ്യപ്പെടുക, അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക- ഇത്തരം മാറ്റങ്ങളും കരുതണം. 

സാധാരണഗതിയില്‍ കൗമാരക്കാരില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളെ അവര്‍ പ്രകടിപ്പിക്കുക ഈ രീതികളില്‍ കൂടിയൊക്കെ തന്നെയാണ്. എന്നാല്‍ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെങ്കില്‍ അത് അല്‍പം കൂടി ഗൗരവത്തിലെടുത്തേ പറ്റൂ. അത് തിരിച്ചറിയാനും വഴികളുണ്ട്. 

മൊബൈല്‍ ഫോണ്‍ ഉപയോഗം വീക്ഷിക്കുക....

പഠിക്കാന്‍ ചെലവഴിക്കുന്ന സമയം, കളിക്കാന്‍ ചെലവഴിക്കുന്ന സമയം, മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന സമയം ഇതെല്ലാം ശ്രദ്ധിക്കുക. ആവശ്യത്തിലധികം സമയം മൊബൈല്‍ ഫോണില്‍ കളയുന്നുവെന്ന് തോന്നിയാല്‍ അടുത്ത പടിയിലേക്ക് കടക്കണം. 

ഏത് രീതിയിലാണ് കുട്ടി മൊബൈല്‍ ഫോണുപയോഗിക്കുന്നത് എന്ന കാര്യം കണ്ടെത്താം. കോളിംഗ്, ചാറ്റിംഗ്, ഗെയിമിംഗ്, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സൈറ്റുകളിലെ സര്‍ഫിംഗ്- ഇവയെല്ലാമാണ് കുട്ടികളുടെ പതിവ് മൊബൈല്‍ ഫോണ്‍ ഉപയോഗങ്ങള്‍. ഇതില്‍ ഏത് കാര്യത്തിന് വേണ്ടിയാണ് കുട്ടി ഏറ്റവുമധികം സമയം ചെലവഴിക്കുന്നതെന്ന് കണ്ടെത്താം. 

കുട്ടികളുടെ ഫോണ്‍ മാതാപിതാക്കള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അക്കാര്യം അവര്‍ അറിയാതിരിക്കുകയാണ് നല്ലത്. തങ്ങളുടെ സ്വകാര്യത, അത് കുട്ടികളാണെങ്കിലും ലംഘിക്കപ്പെടുന്നുവെന്ന് തോന്നുന്നത് ആരോഗ്യകരമല്ല. അതിനാല്‍ ഇക്കാര്യം അവരോട് തുറന്ന് ചര്‍ച്ച ചെയ്യാതിരിക്കലാണ് നല്ലത്. 

തെറ്റായ വഴികളില്‍ നിന്ന് പിന്തിരിപ്പിക്കാം...

തെറ്റായ രീതിയിലാണ് അവര്‍ മുന്നോട്ട് പോകുന്നതെന്ന് തോന്നിയാല്‍ സൗഹാര്‍ദ്ദപരമായി അവരോട് സംസാരിക്കുകയാണ് വേണ്ടത്. മാതാപിതാക്കളില്‍ കുട്ടിയോട് അടുപ്പമുള്ളവര്‍ ആരാണോ അയാള്‍ കുട്ടിയോട് തനിയെ സംസാരിക്കുന്നതാണ് നല്ലത്. മറ്റ് സഹോദരങ്ങളോ വീട്ടിലുള്ള മറ്റുള്ളവരോ കേള്‍ക്കാതെ വളരെ സമാധാനപരമായി കുട്ടിയോട് പ്രശ്‌നങ്ങള്‍ ചോദിച്ച് മനസ്സിലാക്കാം. ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന ബോധം കുട്ടിയിലുണ്ടാക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോ ഒട്ടും നല്ലതല്ല. ഈ പ്രായത്തില്‍ ആര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കും, എന്നാല്‍ അത് ജീവിതത്തെ മോശമായി ബാധിക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ ആവാം എന്ന തരത്തില്‍ മാത്രമേ ഇടപെടല്‍ നടത്താവൂ. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കുറെക്കൂടി പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. 

ഏത് പ്രായത്തിലുള്ളവരാണെങ്കിലും കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടാകുന്നത് അത്യാവശ്യകാര്യങ്ങള്‍ക്ക് നല്ലത് തന്നെ. മൊബൈലില്ലാത്ത ആളുകളും കുറവാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം ഓരോ പ്രായക്കാരിലും ഓരോ രീതിയിലാണ് നടക്കുന്നത്. ഇതില്‍ തന്നെ കുട്ടികളുടെയും കൗമാരക്കാരുടെയും കാര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീര്‍ച്ചയായും ശ്രദ്ധിച്ചേ പറ്റൂ. കാരണം ഇന്ന് കൗമാരക്കാരിലെ പ്രശ്‌നങ്ങളുടെ മുക്കാല്‍ പങ്കും മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
 

click me!