
അമ്മയെന്ന പോരാളിയെ തോൽപിക്കാൻ ആർക്കും സാധിക്കില്ല. പ്രായം ഏതുമായിക്കോട്ടെ മക്കളോടുള്ള അമ്മമാരുടെ സ്നേഹവും കരുതലും എപ്പോഴും അതുപോലെ തന്നെ നിലനിൽക്കും. സ്നേഹത്തിന് മാത്രമല്ല ശകാരങ്ങൾക്കും അമ്മയെന്ന പോരാളി ഒരു കുറവും വരുത്താറില്ല. സ്കൂളിൽ തല്ലുണ്ടാക്കിയ മകനെ പിടിച്ചിറക്കികൊണ്ട് വരുമ്പോൾ ആ കുട്ടിയുടെയും അമ്മയുടെയും മുഖഭാവം എങ്ങനെയായിരിക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇവിടെ മകന് പകരം വളർത്തുനായ ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെ പോലെയാണ് നമ്മളില്‍ പലരും കാണുന്നത്. എവിടെ പോകുമ്പോഴും വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടുന്നവരുമുണ്ട്. മനുഷ്യനായാലും മൃഗമായാലും അമ്മമാരുടെ സ്നേഹവും കരുതലും ശകാരങ്ങളും ഒരുപോലെ കേൾക്കേണ്ടി വരുമെന്ന് ഓർമിപ്പിക്കുന്നതാണ് വൈറലായ ദൃശ്യങ്ങൾ. ഒരു സ്ത്രീ തന്‍റെ വളർത്തുനായയുടെ മുൻകാലുകൾ രണ്ടും കൈയിൽ പിടിച്ച് വഴക്ക് പറഞ്ഞ്, നടത്തി കൊണ്ടു പോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വീട്ടിൽ പോകാൻ ഇഷ്ടമില്ലാതെ കരയുന്ന മകനെ നിർബന്ധിച്ച് കൊണ്ടുപോകുന്നത് പോലെയാണ് വീഡിയോയിൽ നായയെ യുവതി കൊണ്ടുപോകുന്നത്. അതേസമയം എന്തോ വശപ്പിശക് ഉണ്ടെന്നും താൻ കുറ്റം ചെയ്തിട്ടുണ്ടെന്നും സമ്മതിക്കും വിധം ശാന്തമായാണ് വളർത്തുനായ യുവതിക്കൊപ്പം നടക്കുന്നതും.
സംഭവം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. വീഡിയോ ഇതിനകം ഒരുലക്ഷത്തിലധികം ആളുകൾ കാണുകയും നിരവധി ആളുകൾ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. വീഡിയോ കണ്ട ചിലർ സ്വന്തം ബാല്യകാലത്തെ കുറിച്ചും. ''അമ്മ എന്നും അമ്മ തന്നെ', അമ്മയുടെ സ്നേഹത്തിന്‍റെ മുന്നിൽ നായ പോലും ശാന്തനാണ്', 'വീട്ടിൽ ചെന്നാൽ തല്ല് ഉറപ്പാണ്' തുടങ്ങിയ രസകരമായ കുറിപ്പുകളും വീഡിയോക്ക് ലഭിച്ചിരുന്നു. നിങ്ങൾ ആരായാലും ശരി അമ്മയെന്നും അമ്മ തന്നെയായിരിക്കുമെന്ന ആശയമാണ് വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നത്.