Latest Videos

എന്തുകൊണ്ടാകാം വിവാഹേതര ലൈംഗിക ബന്ധങ്ങളുണ്ടാകുന്നത്? ഒരു മനശാസ്ത്ര വിചാരം...

By Web TeamFirst Published Sep 27, 2018, 2:52 PM IST
Highlights

ലൈംഗികതയെന്നത് പങ്കാളികള്‍ക്കിടയിലെ ഒരാവശ്യം മാത്രമാണ്. രണ്ട് വ്യക്തികള്‍ക്കും അവരവരുടേതായ വ്യക്തിത്വവും ആ വ്യക്തിത്വം രൂപപ്പെടുത്തിയ സാഹചര്യങ്ങളുമുണ്ട്. വിവാഹേതര ബന്ധങ്ങളിലേക്ക് വഴിതെളിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളേതൊക്കെയെന്ന് നോക്കാം
 

രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായും സാമൂഹികമായും അംഗീകാരം തേടിയാണ് വിവാഹം ചെയ്യുന്നത്. ഇതിനിടെ മൂന്നാമതൊരാളുടെ കടന്നുവരവ് സ്വാഭാവികമായും നേരത്തേ പ്രതിപാദിച്ചതുപോലെ, സാമൂഹികവും നിയമപരവുമായ പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ നിയമപരമായി അത് കുറ്റമായി കാണാനാകില്ലെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അപ്പോഴും സാമൂഹികമായി അതൊരു കുറ്റമായി നിലനില്‍ക്കാനുള്ള സാധ്യത തുടരുകയാണ്. എന്തുകൊണ്ടായിരിക്കും പരസ്പരം ധാരണയിലെത്തിയ വിവാഹമെന്ന ഉടമ്പടി ഭേദിച്ച് ഇവര്‍ പുറത്തേക്കിറങ്ങുന്നത്?

വൈകാരികവും അല്ലാത്തതുമായ പല കാരണങ്ങളാകാം ഇതിന് പിന്നില്‍. ലൈംഗികതയെന്നത് പങ്കാളികള്‍ക്കിടയിലെ ഒരാവശ്യം മാത്രമാണ്. രണ്ട് വ്യക്തികള്‍ക്കും അവരവരുടേതായ വ്യക്തിത്വവും ആ വ്യക്തിത്വം രൂപപ്പെടുത്തിയ സാഹചര്യങ്ങളുമുണ്ട്. ഇതെല്ലാം മറ്റ് ബന്ധങ്ങളിലേക്ക് ആളുകളെയെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിവാഹേതര ബന്ധങ്ങളിലേക്ക് വഴിതെളിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് സൈക്കോളജിസ്റ്റും ബ്ലോഗറുമായ മാധവ്‌നീഷ് ചൂണ്ടിക്കാണിക്കുന്നത്. 

ഒന്ന്...

ദുഖങ്ങളില്‍ നിന്നും മടുപ്പില്‍ നിന്നും ഒളിച്ചോടി ആനന്ദം കണ്ടെത്താനുള്ള മനുഷ്യന്റെ സ്വാഭാവികമായ ത്വരയാണത്രേ ഇതിന്റെ ഒരു കാരണം. പുതിയ ഒരാളെ കണ്ടെത്തുന്നതിലും അയാളുമായി ഇടപഴകുന്നതിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമെല്ലാം ഈ തേടിപ്പോകലിന്റെ ഭാഗമാണ്. ഇതും ശരീരം മാത്രം അടിസ്ഥാനപ്പെടുത്തിയാകണമെന്നില്ല. പുതുമയോടുള്ള ആകാംക്ഷ, അത് ശരീരത്തിനോടും വ്യക്തിയുടെ സ്വഭാവത്തോടുമൊക്കെയാകാം. ലൈംഗികത ഇതിന്റെയെല്ലാം ഭാഗമായും, അതേസമയം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ശാരീരികമായ ആനന്ദമായും ഒരേസമയം നിലനില്‍ക്കുന്നു. 

മിക്ക വിവാഹേതര ബന്ധത്തിന്റെയും കാരണം മേല്‍പറഞ്ഞതാണത്രേ. നിലവിവുള്ള പങ്കാളിക്ക് പോരായ്മകളുള്ളതായി തോന്നിയാലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സംഭവിക്കുമത്രേ. സാമൂഹികമായി ഒരാള്‍ എങ്ങനെയെല്ലാമാണ് നിലനില്‍ക്കുന്നത് എന്നതും ഇതില്‍ വിഷയമാകുന്നില്ല.

രണ്ട്...

കൃത്യമായ കാരണങ്ങളോടെ മറ്റ് ബന്ധങ്ങളിലേക്കെത്താനുള്ള സാധ്യതയാണിത്. ഉദാഹരണത്തിന് പങ്കാളി ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നതോ, അപമാനിക്കുന്നതോ എല്ലാം ക്രമേണ മറ്റൊരാളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥ. ഇവിടെയും ലൈംഗികത മാത്രമല്ല പ്രധാന കാരണമാകുന്നത്. വൈകാരികമായ വരള്‍ച്ചയും മറ്റ് ബന്ധങ്ങളില്‍ നിന്ന് തണല്‍ തേടിപ്പോകുന്നതിന് പ്രേരണയാകുന്നു. 

മനുഷ്യന് അടിസ്ഥാനപരമായി ഒരു ബന്ധത്തില്‍ നിന്ന് ആവശ്യമായി വരുന്ന വൈകാരിക, ശാരീരിക, സാമൂഹിക സുരക്ഷിതത്വങ്ങളില്‍ എന്തെങ്കിലും കുറവ് വരുന്നത് സ്വാഭാവികമായും അടുത്തയാളിലേക്ക് നീങ്ങാന്‍ കാരണമാകുമെന്ന് തന്നെയാണ് ഡോ.മാധവ്‌നീഷ് പറയുന്നത്.
 

click me!