രുചിവൈവിധ്യമൊരുക്കി ഫേസ്ബുക്കില്‍ 'പുട്ട് ഫെസ്റ്റ്'

By Web DeskFirst Published Jul 9, 2017, 2:33 PM IST
Highlights

ആവി പറക്കുന്ന പുട്ടും, പഴവും, കടലയും മലയാളിക്കെന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മകളാണ്. മലയാളവും കേരളവുമായി ഇത്രയധികം ബന്ധപ്പെട്ട ഒരു ഭക്ഷണം പുട്ടല്ലാതെ വേറെ ഉണ്ടോ എന്നുതന്നെ സംശയമാണ്. അത്രയ്ക്കുണ്ട് മലയാളിയുടെ മെനുവിലെ രുചിയുടെ തമ്പുരാനായ പുട്ടിന്റെ സ്വാധീനം. പുട്ടടിക്കുക എന്നാല്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതിനു തുല്യമായിരുന്നു. ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം പോലെയുള്ള പഴഞ്ചൊല്ലുകളും ഇതിന്റെ പ്രസക്തി വിളിച്ചോതുന്നു. ഭക്ഷണപ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്‌മയായ 'ഫുഡ് ഓണ്‍ സ്‌ട്രീറ്റ്' രുചിവൈവിധ്യത്തിന്റെ പങ്കുവെയ്‌ക്കല്‍കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നാണ്. പുതുരുചികളും രുചിയാത്രകളുമൊക്കെയായി വ്യത്യസ്‌ത പോസ്റ്റുകകളാണ് 'ഫുഡ് ഓണ്‍ സ്‌ട്രീറ്റിനെ' ആകര്‍ഷകമാക്കുന്നത്. കൂട്ടായ്‌മയില്‍ അമ്പതിനായിരം പേര്‍ അംഗങ്ങളായത് 'പുട്ട് ഫെസ്റ്റ്'സംഘടിപ്പിച്ചുകൊണ്ടാണ് 'ഫുഡ് ഓണ്‍ സ്‌ട്രീറ്റ്' ആഘോഷിക്കുന്നത്. രുചിവൈവിധ്യവും വ്യത്യസ്‌തവുമായ പുട്ടുകള്‍ ഉണ്ടാക്കി റെസിപ്പിയും ചിത്രങ്ങളും സഹിതം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മല്‍സരമാണ് പുട്ട് ഫെസ്റ്റ്. ജൂലൈ 7 മുതല്‍ 10 വരെയാണ് പുട്ട് ഫെസ്റ്റ് മല്‍സരം. വെള്ളിയാഴ്ച രാത്രി എട്ടു മണിമുതല്‍ തിങ്കളാഴ്ച രാത്രി എട്ടു മണി വരെയാണു മത്സരസമയം.

ജൂലൈ ഏഴിന് തുടങ്ങിയ പുട്ട് ഫെസ്റ്റിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിക്കുന്നത്. നാടന്‍ ചിരട്ട പുട്ട് മുതല്‍ ഡിസൈനര്‍ പുട്ടുവരെ, പച്ചക്കറികളും, ഇറച്ചിയും മീനും പഴങ്ങളും വരെ ചേരുവകളായ പുട്ടുകള്‍. പുട്ടിന്റെ ചരിത്രം വരെ ഗ്രൂപ്പില്‍ അനാവരണം ചെയ്യപ്പെടുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ രുചിയുടെ ഒരുത്സവം തന്നെയാണ് ഇപ്പോള്‍ ഫുഡ് ഓണ്‍ സ്‌ട്രീറ്റില്‍ നടക്കുന്നത്‍. സ്ത്രീകളുടേതുപോലെ പുരുഷന്മാരും മത്സരബുദ്ധിയോടെയും പരസ്പര സഹകരണത്തോടെയും മത്സരത്തില്‍ പങ്കെടുക്കുന്നു എന്നതാണ് വേറൊരു പ്രത്യേകത.

ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു തമാശ രംഗങ്ങളും പുട്ടുണ്ടാക്കുന്ന ചിത്രങ്ങളുമടങ്ങിയ കിടിലന്‍ പ്രൊമോഷണല്‍ വിഡിയോയും അഡ്മിന്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുവാന്‍ അറിയാത്ത അംഗങ്ങള്‍ പോലും തങ്ങളുടേതായ രീതിയില്‍ ട്രോളുകളും. മറ്റുള്ളവര്‍ക്കുള്ള ലൈക്കുകളും കമന്റുകളുമായി മുന്നില്‍ത്തന്നെയുണ്ട്.

ഇനി വെറുമൊരു മല്‍സരം മാത്രമായി പുട്ട് ഫെസ്റ്റ് അവസാനിക്കില്ല. ഏറ്റവും നല്ലരീതിയില്‍ പുട്ട് ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനങ്ങളുമുണ്ട്. ഒരു പ്രമുഖ ഹോട്ടലിലെ ഫുഡ് കൂപ്പണ്‍ ആണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും സമ്മാനങ്ങളുണ്ട്.

നേരത്തെ ഫുട് ഓണ്‍ സ്‌ട്രീറ്റിന്റെ ആഭിമുഖ്യത്തില്‍ ബീഫ് ഫെസ്റ്റ്, മത്തി ഫെസ്റ്റ് തുടങ്ങിയ മല്‍സരങ്ങളും നടത്തിയിരുന്നു. എന്നാല്‍ മുന്‍ മത്സരങ്ങളെക്കാള്‍ അഭൂതപൂരമായ പങ്കാളിത്തമാണ് പുട്ട് ഫെസ്റ്റിന് അംഗങ്ങളില്‍ നിന്നുണ്ടാകുന്നത്.

ഫുഡ് ഓണ്‍ സ്ട്രീറ്റ് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം...

click me!