ഇമാന്‍ രണ്ടുമാസംകൊണ്ട് 242 കിലോ കുറച്ചതിന്റെ രഹസ്യം അറിയണോ?

By Web DeskFirst Published Apr 12, 2017, 11:26 AM IST
Highlights

ഈജിപ്റ്റുകാരിയായ ഇമാന്‍ അഹമ്മദ് രണ്ടു മാസം മുമ്പ് ഇന്ത്യയിലേക്ക് വരുമ്പോള്‍, ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായിരുന്നു. 500 കിലോയിലേറെ ഭാരമുണ്ടായിരുന്ന ഇമാന്‍, ഇന്ത്യയിലേക്ക് വന്നത് ഭാരം കുറയ്‌ക്കാനുള്ള ചികില്‍സയ്‌ക്കായാണ്. വര്‍ഷങ്ങളായി ഒരേ കിടപ്പ് കിടന്നിരുന്ന ഇമാനെ മുംബൈയിലെ സെയ്ഫ് ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക സജ്ജീകരങ്ങളോടുകൂടിയ വിമാനമാണ് ഏര്‍പ്പെടുത്തിയത്. ഏതായാലും മുംബൈയിലെ സെയ്ഫ് ആശുപത്രിയിലെ ചികില്‍സയിലൂടെ ഇമാന്‍, ലോകത്തെ ഏറ്റവും ഭാരമേറിയ വനിത എന്ന പദവി ഇമാന് നഷ്‌ടമാകുമെന്നാണ് സൂചന. രണ്ടുമാസത്തെ ചികില്‍സകൊണ്ട് 242 കിലോ ഭാരം കുറയ്‌ക്കാനായെന്ന് ഇമാനെ ചികില്‍സിക്കുന്ന ഡോക്‌ടര്‍ ലക്ഡാവാല അറിയിച്ചിരിക്കുന്നു. എങ്ങനെയാണ് ഇത്രയും ഫലപ്രദമായി ചുരുങ്ങിയ സമയംകൊണ്ട് 200 കിലോയിലേറെ കുറയ്‌ക്കാനായത്? വൈദ്യശാസ്‌ത്രം തന്നെ അത്ഭുതത്തോടെയാണ് ഈ ചികില്‍സയെ വീക്ഷിക്കുന്നത്.

മുംബൈയിലെ സെയ്ഫ് ആശുപത്രിയില്‍ ചികില്‍സയ്‌ക്ക് എത്തുമ്പോള്‍ ഇമാന്റെ ഭാരം 498 കിലോ ആയിരുന്നു. ആദ്യ ആഴ്‌ചകളില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇമാന് നല്‍കിയിരുന്നത്. ഒപ്പം ഗ്ലൂക്കോസും, ക്ഷീണം തോന്നാതിരിക്കുന്നതിനുള്ള മരുന്നുകളും നല്‍കി. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കുള്ള മരുന്നും നല്‍കി. ഈ ചികില്‍സയും ഡയറ്റിങ്ങും നാലു ആഴ്‌ചയോളം തുടര്‍ന്നു. ഇതിനുശേഷം ഇമാന്റെ ഭാരം 100 കിലോയോളം കുറഞ്ഞു. മാര്‍ച്ച് ഏഴിന് ഇമാനെ ഭാരം കുറയ്‌ക്കുന്നതിനുള്ള ബാരിയാട്രിക് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി. താക്കോല്‍ദ്വാര ശസ്‌ത്രക്രിയയാണ് നടത്തിയത്. ഇതുവഴി ആമാശയത്തിന്റെ എഴുപത് ശതമാനത്തോളം നീക്കി. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ 130 കിലോയില്‍ ഏറെ കുറഞ്ഞു. അതായത് ഇന്ത്യയിലെ ചികില്‍സയ്‌ക്ക് ശേഷം 242 കിലോ ഭാരം കുറയ്‌ക്കാന്‍ ഇമാന് സാധിച്ചിരിക്കുന്നു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഒന്നര വര്‍ഷംകൊണ്ട് 150 കിലോ കുറയുമെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്‌ടര്‍മാരെയും വൈദ്യശാസ്‌ത്രത്തെയും ഞെട്ടിച്ചുകൊണ്ട് ഒരു മാസംകൊണ്ടുതന്നെ 130 കിലോ കുറഞ്ഞത് ഏറെ പ്രതീക്ഷാനിര്‍ഭരമായ കാര്യമാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. നിലവില്‍ എഴുന്നേറ്റ് ഇരിക്കാന്‍ ഇമാന് സാധിക്കുന്നുണ്ട്. അധികംവൈകാതെ തന്നെ പരസഹായത്തോടെ നടന്നുതുടങ്ങാമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന് വലതുവശം തളര്‍ന്നതിനാല്‍ ഇമാന് സ്വന്തമായി നടക്കാനാകില്ല. ചികില്‍സ വിജയകരമായതിനാല്‍ വൈകാതെ സ്വദേശത്തേക്ക് മടങ്ങാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

click me!