സെല്‍ഫി എടുക്കുന്നവര്‍ക്ക് പുതിയ രോഗം- സെല്‍ഫി എല്‍ബോ

By Web DeskFirst Published Jul 5, 2016, 8:42 AM IST
Highlights

ഇത് സെല്‍ഫി കാലം. എവിടെയും എപ്പോഴും സെല്‍ഫി എടുക്കാനുള്ള തിരക്കാണ്. ദിവസം മുപ്പതും നാല്‍പ്പതും സെല്‍ഫികള്‍ എടുക്കുന്നവരുണ്ട് നമുക്ക് ചുറ്റിലും. എന്നാല്‍ സെല്‍ഫി പുള്ളകള്‍ ശ്രദ്ധിക്കുക- വൈദ്യശാസ്‌ത്രലോകത്ത് നിങ്ങള്‍ക്ക് പിടിപെടുന്ന പുതിയൊരു അസുഖം കൂടി പട്ടികയില്‍ ഇടംനേടിയിരിക്കുന്നു. 'സെല്‍ഫി എല്‍ബോ' എന്നാണ് ഈ അസുഖത്തിന് നല്‍കിയിരിക്കുന്ന പേര്. സ്ഥിരമായി സെല്‍ഫി എടുക്കുന്നവരിലാണ് സെല്‍ഫി എല്‍ബോ കണ്ടുവരുന്നത്. തുടക്കത്തില്‍ ചെറിയ വേദനയും തരിപ്പുമായി തുടങ്ങുന്ന സെല്‍ഫി എല്‍ബോ പിന്നീട് അസഹനയീമായ വേദനയായി മാറും. മുമ്പ് നമ്മുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിടികൂടിയ ടെന്നീസ് എല്‍ബോയുടെ മറ്റൊരു വകഭേദമായാണ് ഇതിനെ ഡോക്‌ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കാതെ, കൈ നിവര്‍ത്തി ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നവരെയാണ് ഈ പ്രശ്‌നം പിടികൂടുന്നത്. കംപ്യൂട്ടര്‍ ഉപയോഗം മൂലം ഉണ്ടാകുന്ന കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം പോലെയുള്ള അസുഖങ്ങള്‍ക്ക് സമാനമാണ് സെല്‍ഫി എല്‍ബോയും. മതിയായ വിശ്രമം, വേദനയുള്ള കൈമുട്ട് ഭാഗത്ത് ചൂടു കൊടുക്കല്‍, ഐസ് ക്യൂബ് വെയ്‌ക്കുക, മസാജ് ചെയ്യുക എന്നിവയിലൂടെ ആശ്വാസം കണ്ടെത്താം. അതിനുശേഷവും സെല്‍ഫി എല്‍ബോ രൂക്ഷമാകുന്നുണ്ടെങ്കില്‍ മരുന്നും, ശസ്‌ത്രക്രിയയും വേണ്ടി വരുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.

click me!