
ചെറുതാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് എള്ള്. പ്രോട്ടീൻ, അയൺ, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ എന്നിവ എള്ളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ദിവസവും എള്ള് കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും മറ്റു പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. എള്ളെണ്ണ പതിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാം. എള്ള് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും.
എള്ളെണ്ണയും പ്രമേഹം നിയന്ത്രിക്കാനും നല്ലൊരു മരുന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. എള്ളെണ്ണ കഴിച്ച പത്ത് പ്രമേഹരോഗികളെ 60 ദിവസം നിരീക്ഷിച്ചപ്പോൾ ഉണ്ടായത് ഞെട്ടിപ്പിക്കുന്ന മാറ്റമാണെന്ന് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 100 ഗ്രാം എള്ളിൽ 351മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് യുഎസ്ഡിഎ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 100 ഗ്രാം വെള്ള എള്ളിൽ 12 ഗ്രാം ഫെെബറും 18 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എള്ളിൽ മോണോസാച്ചറോറ്റേഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ സാലഡിലോ മറ്റ് കറികളിലോ എള്ള് ചേർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിറോൾ ആണ് കൊളസ്ട്രോളിനിനെ നിയന്ത്രിക്കുന്നത്.
ഹൃദയാരോഗ്യത്തിനും എള്ള് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡൻറ്സ് ഹൃദയപ്രവർത്തനങ്ങൾ സുഗമമാക്കുന്നു. അയൺ കൂടുതൽ അടങ്ങിയിട്ടുള്ള കറുത്ത എള്ള് അനീമിയ തടയും. റേഡിയേഷൻ മൂലമുള്ള ജനിതക തകരാറുകളിൽ നിന്ന് സംരക്ഷണം നൽകാൻ എള്ളിനു കഴിയും. എല്ലുകളെയും സന്ധികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താൻ ഇതിലടങ്ങിയിരിക്കുന്ന കോപ്പർ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam