എപ്പോഴും കൈ തണുത്തിരിക്കാറുണ്ടോ? ഇവയാകാം അതിന് പിന്നിലെ കാരണങ്ങള്‍

By Web TeamFirst Published Dec 6, 2018, 11:29 PM IST
Highlights

അനീമിയ അഥവാ വിളർച്ചയാണ് ഇതിന് പിന്നിലെ ഒരു കാരണം. ഹീമോഗ്ലോബിന്റെ കുറവുമൂലം കൈകളിലേക്ക് ഓക്‌സിജനടങ്ങിയ രക്തം വേണ്ടത്ര പമ്പ് ചെയ്ത് എത്താതിരിക്കുന്നതാണ് ഇതിന് കാരണമാകുന്നത്
 

കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ദേഹം തണുത്തും വിയര്‍ത്തും ഒക്കെ ഇരിക്കാറുണ്ട്. എന്നാല്‍ കാലാവസ്ഥയ്ക്ക് അതീതമായി ചിലരുടെ കൈകള്‍ മാത്രം എപ്പോഴും തണുത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ട്. അവയേതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

അനീമിയ അഥവാ വിളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ കൈകള്‍ എപ്പോഴും തണുത്തിരിക്കാന്‍ സാധ്യതയുണ്ട്. ഹീമോഗ്ലോബിന്റെ കുറവുമൂലം കൈകളിലേക്ക് ഓക്‌സിജനടങ്ങിയ രക്തം വേണ്ടത്ര പമ്പ് ചെയ്ത് എത്താതിരിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. 

രണ്ട്...

ആദ്യം സൂചിപ്പിച്ചത് പോലെ തണുത്ത കാലാവസ്ഥയിലും കൈകള്‍ തണുത്തിരിക്കും. എപ്പോഴും തണുത്ത അന്തരീക്ഷമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരിലാണ് ഇത് ഏറെയും കാണുക. ഇത് ശരീരത്തിന്റെ ഒരു സാധാരണ പ്രതികരണം മാത്രമാണ്. എന്നാല്‍ അമിതമായ തണുപ്പ് മൂലം 'ഫ്രോസ്റ്റ്‌ബൈറ്റ്' ഉണ്ടാകാതെ കാക്കണം. തൊലിയോ തൊലിക്കടിയിലുള്ള കലകളോ തണുത്തുറഞ്ഞ് കെട്ടുപോകുന്ന അവസ്ഥയാണിത്. 

മൂന്ന്...

'റെയ്‌നോഡ്‌സ് സിന്‍ഡ്രോം' എന്ന അവസ്ഥയിലും കൈകള്‍ തണുത്തുപോകാന്‍ സാധ്യതയുണ്ട്. ആവശ്യമായ രീതിയില്‍ രക്തയോട്ടം നടത്താന്‍ ധമനികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് 'റെയ്‌നോഡ്‌സ് സിന്‍ഡ്രോം'. ആവശ്യമായത്ര രക്തയോട്ടം നടക്കാതിരിക്കുന്നതിനാലാണ് കൈകളും വിരലുകളും തണുത്തുപോകുന്നത്. 

നാല്...

വിറ്റാമിന്‍ ബി-12ന്റെ കുറവും കൈകള്‍ തണുപ്പിച്ചേക്കും. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കാണ് ഇത് ഏറെയും കാരണമാവുക. കൈകളും പാദങ്ങളും ഈ അവസ്ഥയില്‍ തണുത്തിരിക്കും. 

അഞ്ച്...

ലൂപ്പസ് എന്ന രോഗമുണ്ടെങ്കിലും കൈകള്‍ എപ്പോഴും തണുത്തിരിക്കും. രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ടാണ് ലൂപ്പസ് പിടിപെടുന്നത്. ശരീരത്തിലെ 'ഇമ്മ്യൂണ്‍ സിസ്റ്റം' അഥവാ പ്രതിരോധവ്യവസ്ഥ സ്വന്തം കോശങ്ങളെയും അതുവഴി സ്വന്തം അവയവങ്ങളെയും ആക്രമിക്കുന്ന അവസ്ഥയാണ് ലൂപ്പസ്. 

ആറ്...

ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. 

ഏഴ്...

പുകവലിയും ചിലരില്‍ ഈ പ്രശ്‌നമുണ്ടാക്കും. പുകവലി രക്തയോട്ടത്തെ ബാധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
 

click me!