തണുപ്പുകാലത്ത് മുഖം കഴുകേണ്ടത് ചൂടുവെള്ളം കൊണ്ടോ?

By Web TeamFirst Published Jan 19, 2019, 8:22 PM IST
Highlights

തണുപ്പുകാലത്ത് ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നത് മുഖത്തിന് എന്തെങ്കിലും തകരാറുണ്ടാക്കുമോ? ഇതിനെ പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാല്‍ ഇനി ചിന്തിക്കണം

തണുപ്പുകാലമായാല്‍ കുളിക്കാനും മേലുകഴുകാനും എന്തിന് മുഖം നനയ്ക്കാന്‍ പോലും മിക്കവര്‍ക്കും മടിയാണ്. തണുപ്പ് തന്നെ അതിന്റെ കാരണവും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ചൂടുവെള്ളത്തിന്റെ സുഖത്തില്‍ നമ്മള്‍ മയങ്ങിപ്പോകുന്നത്. ഗ്യാസും ഇലക്ട്രിക് അടുപ്പുമെല്ലാം വന്നതോടെ വെള്ളം ചൂടാക്കുന്ന കീറാമുട്ടി പരിപാടിയും എളുപ്പത്തിലായിക്കഴിഞ്ഞു. 

എന്നാല്‍ തണുപ്പുകാലത്ത് ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നത് മുഖത്തിന് എന്തെങ്കിലും തകരാറുണ്ടാക്കുമോ? ഇതിനെ പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാല്‍ ഇനി ചിന്തിക്കണം, തണുപ്പുകാലത്തെന്നല്ല, ഒരു സമയത്തും മുഖം ചൂടുവെള്ളത്തില്‍ കഴുകുന്നത് അത്ര ആരോഗ്യകരമല്ല. ഇത് മുഖത്തെ പലവിധത്തിലാണ് ബാധിക്കുക. 

ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതോടെ മുഖത്തെ രോമ സുഷിരങ്ങള്‍ തുറന്നുവരുന്നു. ഇത് മുഖത്ത് കൂടുതല്‍ സ്രവം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് മുഖക്കുരു ഉള്‍പ്പെടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. 

മാത്രമല്ല രോമസുഷിരങ്ങള്‍ തുറക്കുന്നതോടെ കൂടുതല്‍ പൊടിയും അഴുക്കും ഇതില്‍ കയറി അടിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ടാകുന്നു. ഇതും മുഖത്തെ തൊലിക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കും. 

ഇതിനെല്ലാം പുറമെ മുഖത്തെ തൊലി വരണ്ട്, വലിഞ്ഞ് മുറുകാനും ചൂടുവെള്ളത്തിലുള്ള മുഖം കഴുകല്‍ കാരണമാകുന്നു. തണുപ്പുകാലത്താണെങ്കില്‍ ഇത് വര്‍ധിച്ച് കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് ഇടയാക്കിയേക്കാം. മുഖത്തിന്റെ ആകെ പ്രകാശത്തെ തന്നെ കെടുത്താനേ ഈ ശീലം ഉപകരിക്കൂ.

അതേസമയം തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോല്‍ രോമസുഷിരങ്ങള്‍ അടഞ്ഞുതന്നെയിരിക്കുന്നു. ഇതുവഴി കൂടുതല്‍ സ്രവം ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നില്ല. മുഖക്കുരു ഉള്‍്‌പ്പെടെ മുഖത്തെ തൊലിയെ ബാധിക്കുന്ന അപകടങ്ങളെല്ലാം മാറിനില്‍ക്കുന്നു. മുഖം പ്രകാശപൂരിതമായിരിക്കാനും പുതുമയോടെ കാണപ്പെടാനും കാരണമാകുന്നു. 

ഇളം ചൂടുവെള്ളം തൊലിക്ക് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് മുഖത്തിന് തെളിച്ചം നല്‍കാന്‍ സഹായിക്കുമത്രേ. അതിനാലാണ് കുഞ്ഞുങ്ങളെ കുളിപ്പിക്കാനെല്ലാം ഇളം ചൂടുവെള്ളം ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ കാരണം. 

അതുപോലെ തന്നെ പ്രധാനമാണ് സോപ്പിന്റെ ഉപയോഗമെന്നും വിദഗ്ധര്‍ പറയുന്നു. എണ്ണമയമുള്ള തൊലിയുള്ളവര്‍ക്ക് സോപ്പ് ആവശ്യമാണ്, എങ്കില്‍ പോലും അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അധികം പതയില്ലാത്ത സോപ്പാണ് തണുപ്പുകാലത്താണെങ്കില്‍ ഉത്തമം. വരണ്ട ചര്‍മ്മം ഉള്ളവരാണെങ്കില്‍ തണുപ്പുകാലത്ത് പരമാവധി സോപ്പ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇടയ്ക്കിടെ മുഖം ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതുമാണ്. 

click me!