
ഒരു വലിയ ഗ്ലാസ് പാൽ കുടിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മുതലുള്ള പോഷകഹാര ശീലങ്ങളിൽപെട്ടതാണ്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഫൈബർ ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പാൽ കുടിക്കുന്ന സമയം സംബന്ധിച്ച് പലരും ബോധവാൻമാരല്ല. മൽസ്യ വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കരുതെന്ന് പറയാറുണ്ട്.
ഇതുപോലെ തന്നെ ഭക്ഷണക്രമത്തിൽ പ്രശ്നം ഉണ്ടാക്കുന്നതാണ് കോഴിയിറച്ചി വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കുന്നതെന്നും പറയാറുണ്ട്. ഇവ വെള്ളപ്പാണ്ടിന് കാരണമാകുമെന്നും പറയാറുണ്ട്. ഇൗ നിർദേശത്തിന് പിന്നിലെ യാഥാർഥ്യമെന്താണ്? മെലാനിന്‍റെ കുറവാണ് പ്രാഥമികമായി വെള്ളപ്പാണ്ടിനുള്ള കാരണം. ശരീരത്തിലെ മെലാനൊസൈറ്റ്സ് പ്രവർത്തനം നിലക്കുമ്പോള്‍ ആണ് വെള്ള അടയാളങ്ങൾ രൂപപ്പെടുന്നത്.
ചർമത്തിലെ മെലാനിനെ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളാണ് മെലാനോ സൈറ്റ്സ്. ഇവയാണ് ചർമത്തിന് നിറം നൽകുന്നത്. ശരീരത്തിലെ ആന്‍റിബോഡീസ് ലിംഫോസൈറ്റ്സ് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒാട്ടോ ഇമ്യൂൺ തകരാറാണ് ശരീരത്തിൽ ഇൗ അവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കോഴി ഇറച്ചി വിഭവങ്ങൾക്ക് ശേഷം പാൽ കുടിക്കുന്നതും ശരീരത്തിൽ വെള്ളപാടുകൾ ഉണ്ടാകുന്നതും തമ്മിൽ ബന്ധപ്പെടുത്താവുന്ന ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് മത്സ്യവും പാലും ഒന്നിച്ച് കഴിക്കുന്നത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. എന്നാൽ ക്ലിനിക്കൽതലത്തിൽ ഇക്കാര്യത്തിൽ ഒന്നും തെളിയിക്കാനായിട്ടില്ല. കോഴി ഇറച്ചിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എന്നാൽ ഇൗ ഭക്ഷണങ്ങൾക്കിടയിൽ ചെറിയ ഇടവേള നൽകുന്നത് നല്ലതാണെന്ന് ഉപദേശിക്കുന്ന വിദഗ്ദരുമുണ്ട്. അമിതമായ അളവിലെ പ്രോട്ടീൻ യൂറിക് ആസിഡിന്‍റെ ഉൽപ്പാദനം വർധിപ്പിക്കാൻ വഴിവെക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ അരമണിക്കൂർ ഇടവേള നല്ലതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam