ഡയറ്റിങ്ങിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

By Web TeamFirst Published Dec 11, 2018, 12:58 PM IST
Highlights

ഉയരം, തൂക്കം, പ്രായം, ശാരീരിക അധ്വാനം, ചെയ്യുന്ന ജോലി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡയറ്റ് ചിട്ടപ്പെടുത്തേണ്ടത്. അതിനാൽ ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഒരു വിദ​ഗ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രമേ ഭക്ഷണക്രമം തീരുമാനിക്കാവൂ. ഒരിക്കലും ഡയറ്റ് പ്ലാൻ സ്വയം തയ്യാറാക്കി പിൻതുടരരുത്. ഇത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. 

തടി കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. സീറോ ഡയറ്റ്, കീറ്റോ ഡയറ്റ്, ജിഎം ഡയറ്റ് ഇങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. ഏത് ഡയറ്റായാലും ശരിയായ രീതിയിൽ ഡയറ്റ് ചെയ്താൽ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും. ശരിയായ ഡയറ്റിങ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവാണ് കാലറി. ദെെനംദിനപ്രവൃത്തികൾക്ക് വേണ്ടതിലുമേറെ കാലറി ശരീരത്തിലെത്തി കൊഴുപ്പായി അടിയുമ്പോഴാണ് തടി കൂടുന്നത്. 

നമ്മുടെ ഭക്ഷണത്തിൽ ഊർജം ലഭിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളിലൂടെയാണ്. അന്നജം, മാംസ്യം, കൊഴുപ്പ്. ഒരു ​ഗ്രാം അന്നജത്തിൽ നാല് കാലറിയും കൊഴുപ്പിൽ ഒൻപത് കാലറിയും ലഭിക്കും. ഒരു ​ഗ്രാം മാംസ്യത്തിൽ ലഭിക്കുന്നത് നാല് കാലറിയാണ്. കാലറി മൂല്യം ഏറ്റവും കുറവ് അധികം പഴുക്കാത്ത പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ്. അരി, ​ഗോതമ്പ് പോലുള്ള കാർബോഹെെഡ്രേറ്റ് ഭക്ഷണങ്ങൾ 100 ​ഗ്രാമിന് 330-350 വരെ കാലറി നൽകുന്നതാണ്.

 ഡയറ്റിൽ ശ്രദ്ധിക്കേണ്ടത്...

1. ഭാരം കുറയ്ക്കാൻ കൊഴുപ്പും അന്നജവും മധുരവും കുറഞ്ഞ ഭക്ഷണമാണ് അനുയോജ്യം. കാർബോഹെെ‍‍ഡ്രേറ്റ് അളവ് കുറയ്ക്കുമ്പോഴേ ശരീരത്തിലെത്തുന്ന കാലറി കുറയും. ആഴ്ച്ചയിൽ അരക്കിലോ കുറയണമെങ്കിൽ 3500 കാലറി കുറവ് വരുത്തണം. ഇതിനായി കഴിക്കുന്നതിന്റെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം. 

2. ഭക്ഷണസമയം പ്രധാനമാണ്. പ്രാതൽ മുടക്കരുത്. രാത്രി ഭക്ഷണം വെെകി കഴിക്കുന്ന ശീലം നിർത്തുക. കഴിവതും രാത്രി 8 മണിക്ക് മുൻപേ കഴിക്കുക. രാത്രി സമയങ്ങളിൽ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. 

3. ഭാരം കുറയ്ക്കാൻ അനുയോജ്യം ചെറിയ അളവിൽ പല തവണ കഴിക്കുന്നതാണ്. ഇങ്ങനെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയേയുള്ളൂ.

4. അമിതഭക്ഷണത്തിനിടയാക്കുന്ന ശീലങ്ങൾ മാറ്റുക. സിനിമ കാണുമ്പോൾ കൊറിക്കുന്ന ശീലം, ബോറടി മാറ്റാനും ടെൻഷൻ വരുമ്പോഴൊക്കെ ഭക്ഷണം കഴിക്കുന്ന ഇമോഷനൽ ഈറ്റിങ് ഒഴിവാക്കുക.

5. മധുരത്തിൽ വളരെയധികം കാലറിയുണ്ട്. മധുരം നിയന്ത്രിക്കാതെ ഡയറ്റിങ് ഫലപ്രദമാവുകയില്ല. സ്വീറ്റ്സ്, ചോക്ലേറ്റ്, ഐസ്ക്രീം പോലുള്ളവ കൂടുതൽ തടി ഉണ്ടാക്കുകയേയുള്ളൂ. 

6. ശരിയായ ഡയറ്റിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ. ഒന്നും അമിതമാകരുത്, വ്യത്യസ്തത വേണം, പോഷകങ്ങളെല്ലാം സന്തുലിതമായിരിക്കണം. 

7. ശരീരഘടനയും ഭക്ഷണവും ഹോർമോൺ പ്രവർത്തനങ്ങളും തമ്മിൽ ബന്ധമുണ്ട്. അത് കൊണ്ട് എല്ലാവർക്കും യോജിച്ച ഭക്ഷണക്രമം നിർദേശിക്കാൻ പ്രയാസമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അധ്വാനവും സ്ത്രീയോ പുരുഷനോ എന്നത് കണക്കിലെടുത്താണ് ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ ഭക്ഷണക്രമം ചിട്ടപ്പെടുത്തിയാൽ ഡയറ്റിങ് ഒരിക്കലും ഭാരമായി തോന്നുകയില്ല.  

click me!