അടുക്കളയോട് അടുപ്പത്തിലാകാന്‍ ചില എളുപ്പവഴികള്‍

Web Desk |  
Published : Jul 09, 2018, 04:36 PM ISTUpdated : Oct 02, 2018, 06:47 AM IST
അടുക്കളയോട് അടുപ്പത്തിലാകാന്‍ ചില എളുപ്പവഴികള്‍

Synopsis

അടുക്കളയില്‍ ചിലവഴിക്കുന്ന സമയം ബോറടിയാണെന്ന് പരാതിപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ചില എളുപ്പവഴികള്‍

അടുക്കള പലപ്പോഴും വീടുകളില്‍ ഏറ്റവും ഒടുവില്‍ മാത്രം പരിഗണിക്കപ്പെടുന്ന ഇടമാണ്. എന്നാല്‍ അടുക്കളയില്ലാതെ വീടുണ്ടോ? അത്രയും പ്രധാനപ്പെട്ട വേഷമെടുക്കുന്ന അടുക്കളയ്ക്ക് ഇത്ര ശ്രദ്ധ മതിയോ?

ഉറങ്ങുന്ന സമയം കഴിഞ്ഞാല്‍ ശരാശരി കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഏറ്റവുമധികം ചെലവഴിക്കുന്നത് ഒരു വീട്ടില്‍ അടുക്കളയിലാണ്. അതായത് ഉണര്‍ന്നിരിക്കുന്ന സമയത്തില്‍ നമ്മളേറ്റവും അധികം ഉണ്ടായിരിക്കുന്ന സ്ഥലം. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന കുടുംബമാണെങ്കില്‍ പുരുഷന്മാരും ഏറെ സമയം ചെലവഴിക്കുന്നത് അടുക്കളയില്‍ തന്നെയായിരിക്കും. 

എങ്ങനെ അടുക്കളയെ മടുപ്പില്ലാത്ത ഇടമാക്കി മാറ്റാം? ലളിതവും രസകരവുമായ ചില ചെറിയ സാധ്യതകള്‍ നോക്കാം...

ഒന്ന്....

അടുക്കളയുടെ വൃത്തിയാണ് ഏറ്റവും പ്രധാനം. അടുക്കും ചിട്ടയോടും കൂടി സാധനങ്ങള്‍, പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുക. എന്നാല്‍ വൃത്തി അമിതമായാലും പ്രശ്‌നമാണ്. പാചകം ചെയ്ത് കഴിഞ്ഞാല്‍ പരമാവധി വൃത്തിയാക്കിയ ശേഷം മാത്രം അടുക്കള വിടുക. അടുത്ത തവണ അടുക്കളയിലേക്ക് കയറുമ്പോള്‍ മടുപ്പ് തോന്നാതിരിക്കാന്‍ ഇത് വളരെയധികം സഹായിക്കും. പാചകം ചെയ്യുന്നത് ഏറ്റവും സുഖകരമായ ജോലിയായി തോന്നാനും ഇത് സഹായകമാണ്.

രണ്ട്...

അടുക്കളയിലെത്തുന്ന വെളിച്ചമാണ് മറ്റൊരു പ്രധാന ഘടകം. എങ്ങനെയും അടുക്കളയെ സൂര്യപ്രകാശമേല്‍പിക്കുന്ന രീതിയില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ജനാലയോ വെന്റിലേഷനോ, അടുക്കള വാതിലോ എന്തുമാകട്ടെ, പുറത്തുനിന്ന് വെളിച്ചം വരാന്‍ സാധ്യതയുള്ള വിടവുകളെ അടച്ചുവയ്ക്കാതെ അവയെ തുറന്നിടാന്‍ എല്ലായ്‌പോഴും കരുതുക. പ്രത്യേകിച്ച് രാവിലെകളിലും വൈകുന്നേരങ്ങളിലും അടുക്കള സജീവമാകുന്ന നേരത്ത് തന്നെ ഇക്കാര്യം ഉറപ്പുവരുത്തുക. 

മൂന്ന്...

ഒരു ദിവസം തന്നെ എത്ര തരം ഭക്ഷണമാണ് നമ്മള്‍ അടുക്കളയിലുണ്ടാക്കുന്നത്. വെജിറ്റേറിയനോ നോണ്‍ വെജിറ്റോറിയനോ ആകട്ടെ, ഒരു പരിധിയിലധികം സമയം കഴിഞ്ഞാല്‍ അവയുടെ മണമാകെ മാറും. ഇങ്ങനെ പല തരത്തിലുള്ള മണങ്ങളുടെ സമ്മേളനം കൂടിയാണ് അടുക്കളയില്‍ നടക്കുക. പക്ഷേ എല്ലാ തരം മണങ്ങളും ഇങ്ങനെ ഇടകലര്‍ന്ന് അടുക്കളയില്‍ തങ്ങി നില്‍ക്കുന്നത് തലവേദനയ്ക്ക് വരെ കാരണമാകും. സമയം കഴിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന പാത്രം എല്ലാ ദിവസവും വൃത്തിയാക്കാനും ശ്രദ്ധയെടുക്കുക. തറയില്‍ നിന്നോ കിച്ചണ്‍ ടേബിളില്‍ നിന്നോ അസുഖകരമായ മണം ഉണ്ടാകുന്നുവെങ്കില്‍ അതിനെ ചെറുക്കാന്‍ വിഷമയമില്ലാത്ത, ലളിത സുഗന്ധമുള്ള എന്തെങ്കിലും ഉപയോഗിക്കാവുന്നതാണ്. കര്‍പ്പൂരമോ തിരിയോ പുകയ്ക്കുന്നതും ഉത്തമമാണ്. 

നാല്...

അടുക്കളയെ ഓരോരുത്തരുടേയും താല്‍പര്യമനുസരിച്ച് അലങ്കരിക്കാവുന്നതാണ്. ചിലര്‍ക്ക് ചിത്രങ്ങളായിരിക്കും കൂടുതലിഷ്ടം. അങ്ങനെയുള്ളവര്‍ക്ക് അടുക്കളച്ചുവരുകളില്‍ ചിത്രങ്ങള്‍ തൂക്കാം. ചിലര്‍ക്ക് കൗതുക വസ്തുക്കളായിരിക്കും പ്രിയം. കൗതുക വസ്തുക്കള്‍ ലീവിങ് റൂമിലോ കിടപ്പുമുറിയിലോ മാത്രമല്ല അടുക്കളയിലും വയ്ക്കാവുന്നതാണ്. ചെടികള്‍ ഇഷ്ടമുള്ളവര്‍ക്ക് അടുക്കളയുടെ ജനാലയ്ക്കലും മൂലകളിലുമെല്ലാം ചെറിയ ചെടിച്ചട്ടികള്‍ വയ്ക്കാം. മണി പ്ലാന്റോ, കള്ളിച്ചെടിയോ അല്ലെങ്കില്‍ ചെറിയ ഔഷധച്ചെടികള്‍ ഏതെങ്കിലും ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. 

അഞ്ച്...

അടുക്കളയില്‍ ചെലവഴിക്കുന്ന നേരം മുഴുവന്‍ ബോറടിയാണെന്നാണ് പരാതിപ്പെടുന്നവരാണ് കൂടുതലും. അടുക്കളയ്ക്ക് പുറത്ത് എങ്ങനെയാണോ ബോറടി മാറ്റുന്നത്, അതെല്ലാം അടുക്കളയിലും പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് പാട്ട് ഇഷ്ടമുള്ളവരാണെങ്കില്‍ റേഡിയോ കേള്‍ക്കാം, അല്ലെങ്കില്‍ സ്പീക്കര്‍ വച്ച് താല്‍പര്യമുള്ള പാട്ടുകള്‍ വച്ച് കേള്‍ക്കാവുന്നതാണ്. ഇനി ഒറ്റപ്പെടുന്നതാണ് പ്രശ്‌നമെങ്കില്‍ ടിവി ഓണ്‍ ചെയ്ത് അടുക്കളയില്‍ നിന്ന് കാണാവുന്ന രീതിയില്‍ താല്‍ക്കാലികമായി ക്രമീകരിക്കാവുന്നതാണ്. ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ടല്ലോ. 

അടുക്കളയെ മനോഹരമായ ഇടമാക്കി മാറ്റാന്‍ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യപ്രകാരം പുതിയ പരീക്ഷണങ്ങളും ചെയ്ത് നോക്കാവുന്നതാണ്. ഓരോരുത്തരുടേയും അഭിരുചിയ്ക്ക് അനുസരിച്ച് അടുക്കളയെ സംവിധാനം ചെയ്യൂ, അടുക്കളയോടുള്ള മടുപ്പ് മാറാന്‍ ഒട്ടും സമയമെടുക്കില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പാമ്പിനെ എളുപ്പം അകറ്റാം ; വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതിയാകും
ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്