
അര്‍ധരാത്രിയില്‍ വിശന്ന് അടുക്കള മുഴുവന്‍ പരതുന്നത് ചിലര്‍ക്ക് ശീലമാണ്. അത്താഴം കഴിച്ചതാണെങ്കിലും ഈ ശീലത്തിന് മാറ്റമില്ലാത്തവര്‍ക്ക് അതിനെ മറികടക്കാന്‍ ചില എളുപ്പവഴികളിതാ...
ഒന്ന്...
നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ധരാത്രിയിലെ വിശപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. രാത്രിയില്‍ മാത്രമല്ല, പകലും നന്നായി വെളളം കുടിക്കുന്നത് പതിവാക്കുക. വിശപ്പ് തോന്നുന്ന സമയത്ത് മധുരമില്ലാത്ത ചായയോ ജാപ്പിയോ പരീക്ഷിക്കാവുന്നതാണ്.
രണ്ട്...
പ്രോട്ടീനടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീനടങ്ങിയ ഭക്ഷണത്തോടെ ദിവസമാരംഭിക്കുന്നതിലൂടെ ശരീരത്തിലെ ലെപ്റ്റിന്‍ ലെവല്‍, അഥവാ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവിനെ നിയന്ത്രിക്കാനാകും. ക്ഷീണവും തളര്‍ച്ചയും മാറുമ്പോള്‍ തന്നെ കൂടുതല്‍ ഭക്ഷണം ആവശ്യമാവുകയില്ല.
മൂന്ന്...
വിശപ്പ് ഒരു മാനസികാവസ്ഥ കൂടിയാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ടിവിയുടേയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ എത്ര കഴിച്ചുവെന്നോ വിശപ്പ് അടങ്ങിയെന്നോ മനസ്സിലാക്കാനാകില്ല. അതിനാല്‍ കഴിവതും മേശപ്പുറത്ത് വച്ച് ഭക്ഷണം കഴിക്കുക.
നാല്...
ഇടവിട്ട് ചെറിയ സ്‌നാക്‌സ് കഴിക്കാം. ഇതിന് എണ്ണയില്‍ പൊരിച്ചതോ ബേക്കറികളോ തെരഞ്ഞെടുക്കരുത്. കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക, നെല്ലിക്ക പോലുള്ള ആരോഗ്യപരമായ പച്ചക്കറികളോ ഫ്രൂട്ട്‌സോ ഉപയോഗിക്കാവുന്നതാണ്.
അഞ്ച്...
ഏറ്റവും പ്രധാനപ്പെട്ട പൊടിക്കൈ ആണിത്. യഥാര്‍ത്ഥത്തില്‍ വിശപ്പുണ്ടോയെന്ന് സ്വയം ഒന്ന് ചോദിച്ചുനോക്കുക. വല്ലതും കഴിക്കാമെന്ന് തോന്നിയ ഉടന്‍ തന്നെ ഇതിന് വേണ്ടി മുതിരാതെ വിശപ്പുണ്ടെങ്കില്‍ മാത്രം കഴിച്ചാല്‍ മതിയെന്ന് സ്വയം നിര്‍ദേശിക്കുക.
ആറ്...
നല്ല ഉറക്കമാണ് അര്‍ധരാത്രിയിലെ ഭക്ഷണശീലത്തെ ചെറുക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗം. ഉറക്കമില്ലാതാകുമ്പോള്‍ മറ്റൊന്നും ചെയ്യാനില്ലാത്ത സാഹചര്യമുണ്ടാകുന്നു. ഇത് ക്രമേണ പുതിയ ഭക്ഷണശീലമുണ്ടാക്കുന്നു. ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തി ഇതിന് പരിഹാരം കാണാവുന്നതേയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam