ആഫ്രിക്കയില്‍ ഇരുട്ടുപരത്തി 'എബോള'; വെളിച്ചമായി ഈ പിഞ്ചുകുഞ്ഞ്

By Web TeamFirst Published Dec 15, 2018, 2:49 PM IST
Highlights

എബോള രോഗത്തില്‍ നിന്ന് മുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചുവരികയെന്നത് പലപ്പോഴും ഒരു വിദൂരപ്രതീക്ഷ മാത്രമാണെന്നിരിക്കെ, ഇവിടത്തുകാര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുകയാണ് ആറ് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. എബോളയുടെ മരണപ്പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഈ കുഞ്ഞ്

ജൊഹനാസ്ബര്‍ഗ്: എബോള വ്യാപകമാകുന്ന ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇതുവരെയും ഭീതിയൊഴിഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ജീവന്‍ അപഹരിക്കാന്‍ മാത്രമായെത്തുന്ന എബോള വൈറസിന്റെ പിടിയില്‍ പെട്ടേക്കാമെന്ന ഭയത്തിലാണ് ഇവിടെ ഓരോരുത്തരും കഴിയുന്നത്. ലിയോണ്‍, ഗിനിയ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളെ ഭീകരമായി ബാധിച്ച ശേഷമാണ് എബോള കോംഗോയിലേക്ക് കടന്നത്. 

എബോള രോഗത്തില്‍ നിന്ന് മുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചുവരികയെന്നത് പലപ്പോഴും ഒരു വിദൂരപ്രതീക്ഷ മാത്രമാണെന്നിരിക്കെ, ഇവിടത്തുകാര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുകയാണ് ആറ് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. എബോളയുടെ മരണപ്പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഈ കുഞ്ഞ്. 

കോംഗോ മന്ത്രാലയമാണ് ഈ സന്തോഷവാര്‍ത്ത ലോകവുമായി പങ്കുവച്ചത്. രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ ചിത്രവും ഇവര്‍ പുറത്തുവിട്ടു. എബോള ബാധിച്ചതിനെ തുടര്‍ന്ന് പ്രസവത്തോടെ മരണത്തിന് കീഴടങ്ങിയ സ്ത്രീയുടെ കുഞ്ഞാണ് കോംഗോ 'അത്ഭുത ശിശു'വെന്ന് വിശേഷിപ്പിച്ച ഈ കുഞ്ഞ്. 

ജനിച്ച് ഏറെ വൈകാതെ തന്നെ കുഞ്ഞിനും എബോള സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് എബോളയ്ക്ക് വേണ്ടി മാത്രം പ്രത്യേകം ചികിത്സ നടത്തുന്ന കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റി. എന്നാല്‍ മരുന്നിനോടും ചികിത്സയോടും നല്ല രീതിയില്‍ പ്രതികരിച്ച കുഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ രോഗത്തിന്റെ പിടിയില്‍ നിന്ന് മുക്തി നേടുകയായിരുന്നു. 

ഈ വര്‍ഷം മെയ് മാസത്തിലാണ് കോംഗോയില്‍ എബോള വൈറസ് ബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചാല്‍ പിന്നെ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ 50 ശതമാനം സാധ്യത പോലുമില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫലപ്രദമായ ചികിത്സ ഇപ്പോഴും പല വൈറസ് ബാധിത പ്രദേശങ്ങളിലും ലഭ്യമല്ലെന്നതും ശ്രദ്ധേയമാണ്.
 

click me!