സൂക്ഷിക്കുക, നിങ്ങളുടെ തലച്ചോറിനെ തലച്ചോറ് തന്നെ ഭക്ഷിക്കും!

By Web DeskFirst Published May 27, 2017, 7:29 PM IST
Highlights

ക്ഷീണവും ഓര്‍മ്മക്കുറവുമൊക്കെ ഇടയ്‌ക്കിടെ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ അത് അത്ര നിസാരമായി കാണരുത്. ഇത് തലച്ചോറിന്റെ ശേഷി കുറഞ്ഞുവരുന്നതുകൊണ്ടായിരിക്കാം. തലച്ചോറിന്റെ ശേഷി കുറഞ്ഞുവരുന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അമിതമായ ഉറക്കക്കുറവ് ഉളളവരിലാണ് തലച്ചോറിന്റെ ശേഷി കുറഞ്ഞുവരുന്നത്. ഉറക്കക്കുറവ് കാരണം തലച്ചോര്‍ സ്വയം ചുരുങ്ങുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. ഇറ്റലിയിലെ മാര്‍ക്കെ പോളിടെക്‌നിക് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എലിയിലാണ് പഠനം നടത്തിയത്. നന്നായി ഉറങ്ങുന്നവര്‍‍, ഉറക്കക്കുറവുള്ളവര്‍, അമിതമായ ഉറക്കക്കുറവ് ഉള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ അമിതമായി ഉറക്കക്കുറവ് ഉള്ളവരില്‍ നാള്‍ക്കുനാള്‍ തലച്ചോറ് ചുരുങ്ങിവരുന്നതായാണ് കണ്ടെത്തിയത്. തീവ്രമായ ഉറക്കക്കുറവ് ഉള്ളവരില്‍ കോര്‍ട്ടെക്‌സിന്റെ മുന്‍വശത്തുള്ള അസ്‌ട്രോസൈറ്റ് കോശങ്ങള്‍, തലച്ചോറിലെ മറ്റ് കോശങ്ങളെ ഭക്ഷിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് പഠനത്തിലുള്ളത്. എന്നാല്‍ ഇത് അത്ര മോശം കാര്യമല്ല. പഴക്കമേറിയ കോശങ്ങളെ മാറ്റുന്ന പ്രക്രിയയാണിത്. എന്നാല്‍ ഉറക്കക്കുറവ് ഉള്ളവരില്‍ അസ്‌ട്രോസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം കൂടുതലായിരിക്കും. ഇത് കാരണം നല്ല കോശങ്ങളും നശിപ്പിക്കപ്പെടാം. ഇങ്ങനെ കോശം നശിപ്പിക്കപ്പെടുന്നതുമൂലമാണ് ഓര്‍മ്മക്കുറവും, ക്ഷീണവുമൊക്കെ അനുഭവപ്പെടുന്നത്. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

click me!