പുകവലി കാഴ്ച ശക്തി നഷ്ടമാക്കുമെന്ന് പഠനം

By Web DeskFirst Published Sep 2, 2017, 2:39 PM IST
Highlights

ദില്ലി: പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് എല്ലാവര്‍ക്കും അറിയാം. അറിയാവുന്നവര്‍ തന്നെയാണ് പുകച്ചു തള്ളുന്നതും. പുക വലിക്കുന്നവര്‍ മാത്രമല്ല, പുക ശ്വസിക്കുന്നവരുടെ ആരോഗ്യവും കുഴപ്പത്തിലാക്കും. ക്യാന്‍സര്‍ മാത്രമല്ല ഹൃദ്രോഗങ്ങളും പുകവലി മൂലം ഉണ്ടാകുന്നു. ഇപ്പോഴിതാ എയിംസിലെ ഡോക്ടര്‍മാര്‍ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ആരോഗ്യപ്രശ്‌നം കൂടി കണ്ടെത്തിയിരിക്കുകയാണ്. എയിംസ് ഡോക്ടര്‍മാര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍ ഭൂരിഭാഗത്തിനും കാഴ്ച നഷ്ടമായതായാണ് കണ്ടെത്തിയിരിക്കുന്നത്. 

തുടര്‍ച്ചയായ അഞ്ചോ പത്തോ വര്‍ഷം പുകവലിച്ച ആളുകളില്‍ ഒപ്റ്റിക്കല്‍ നെര്‍വിനെ ഇത് ബാധിക്കുകയും കാഴ്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ''എല്ലാവര്‍ക്കും അറിയാം പുകവലി ക്യാന്‍സറും ഹൃദ്രോഗങ്ങളും ഉണ്ടാക്കുന്നുവെന്ന്. എന്നാല്‍ ആര്‍ക്കും അറിയില്ല പുകവലി കാഴ്ച ഇല്ലാതാക്കുന്നവെന്നുവെന്ന് '' - എയിംസ് ഡോക്ടറായ അതുല്‍ കുമാര്‍ പറയുന്നു. 

പുകവലി മൂലം കാഴ്ച നഷ്ടമായ 5% ആളുകളുടെ കേസുകള്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതുല്‍ ചൂണ്ടിക്കാട്ടുന്നു. പുകവലി ഉപേക്ഷിക്കുക എന്നതാണ് ഇതിന് ഒരു പരിഹാരം. 30 ജില്ലകളെയാണ് പഠനത്തിന്റെ സര്‍വ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ 17 സംസ്ഥാനങ്ങളിലായി 19 ജില്ലകളിലെ സര്‍വ്വേ പൂര്‍ത്തിയായി. 

അടുത്ത വര്‍ഷം ജൂണോടെ സര്‍വ്വേ മുഴുവനും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രൊഫസര്‍ പ്രവീണ്‍ വാഷിസ്റ്റ് വ്യക്തമാക്കി. 2010ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 20% ആളുകള്‍ കാഴ്ച പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

click me!