മുടി കൊഴിച്ചില്‍ തടയാന്‍ എന്തു ചെയ്യണം?

By Web DeskFirst Published Jul 24, 2016, 6:02 PM IST
Highlights

ചോദിക്കൂ, പറയാം...

വായനക്കാരുടെ ആരോഗ്യസംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കാന്‍ പുതിയ പംക്തി ആരംഭിക്കുകയാണ്. ശാരീരികവും മാനസികവുമായ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജീവിതശൈലി സംബന്ധിച്ച സംശയങ്ങള്‍ക്കും വിദഗ്ദ്ധര്‍ മറുപടി നല്‍കുന്നു.

ചോദ്യം- ഞാന്‍ എട്ടുവര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി മുടികൊഴിച്ചില്‍ തുടങ്ങി. ഇപ്പോള്‍ പകുതിയോളം മുടി നഷ്‌ടമായിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശാശ്വതമായ ഒരു വഴി പറഞ്ഞുതരാമോ?

സുരേഷ് കുമാര്‍ എസ്, അബുദാബി

ഉത്തരം- നിങ്ങളുടെ ചോദ്യത്തില്‍ വിശദമായ വിവരങ്ങളില്ലാത്തതുകൊണ്ട് കൃത്യമായ മറുപടി പറയാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലുംതാരന്‍, വെള്ളത്തിന്റെ പ്രശ്നം, ജീവിതശൈലിയിലും ആഹാരക്രമത്തിലുമുണ്ടായ മാറ്റങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി പ്രോട്ടീന്‍ എന്നിവയുടെ കുറവും മുടി കൊഴിയാന്‍ ഒരു കാരണമാകും. കൂടാതെ പാരമ്പര്യമായും മുടികൊഴിച്ചിലുണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനം, അയണിന്റെ കുറവ്, എന്നിവയൊക്കെ മുടികൊഴിച്ചിലിനുള്ള മറ്റ് കാരണങ്ങളാണ്. ചില മരുന്നുകളുടെ ഉപയോഗവും ഉറക്കുറവ്, ഭാരക്കൂടുതല്‍, മാനസികസമ്മര്‍ദ്ദം, വിഷാദരോഗം, ടെന്‍ഷന്‍ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകും. ഇതില്‍ ഏതുകാരണം കൊണ്ടാണ് നിങ്ങള്‍ക്കു മുടികൊഴിയുന്നതെന്ന് ചോദ്യത്തില്‍നിന്നു വ്യക്തമല്ല. ഇതുകണ്ടെത്തി വേണം ചികില്‍സ തേടേണ്ടതും പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതും.

ഒരു സ്‌കിന്‍ സ്പെഷ്യലിസ്റ്റിനെ കണ്ടു വിശദമായ പരിശോധനകള്‍ക്കു വിധേയമാകുക. എന്തുകൊണ്ടാണ് മുടി കൊഴിയുന്നതെന്ന് കണ്ടെത്തി അനുയോജ്യമായ ചികില്‍സ തേടുക. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഡോക്‌ടറുടെ ഉപദേശപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരിക. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. മാംസാഹാരങ്ങള്‍ കുറയ്‌ക്കുക. പകരം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ധാരാളം വെള്ളംകുടിക്കുക. മതിയായ സമയം ഉറക്കത്തിനും വിശ്രമത്തിനുമായി മാറ്റിവെക്കുക. ആവശ്യമില്ലാത്ത ടെന്‍ഷനും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കാന്‍ ദിവസവും രാവിലെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

മോര്, നാരങ്ങാവെള്ളം, ഇളനീര് എന്നിവ ഇടയ്‌ക്കിടെ കുടിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കൂടുതല്‍ ലഭിക്കുന്നതിനായി പാല്‍, മുട്ട എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസവും വ്യായാമം ചെയ്യുക. ഒപ്പം മുടിയുടെ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നല്ലതുപോലെ എണ്ണതേച്ചു കുളിക്കുക. കാഠിന്യമേറിയ ഷാംപൂവിന്റെ ഉപയോഗം മുടിക്ക് ഹാനികരമാണ്. ഷാംപൂ ഉപയോഗിക്കുന്നത് മാസത്തില്‍ ഒന്നോ രണ്ടോ തവണ മതി.

ഇതിനൊപ്പം നല്ലൊരു സ്കിന്‍ സ്‌പെഷ്യലിസ്റ്റിനെ കണ്ടു മതിയായ ചികില്‍സ തേടിയാല്‍ മുടികൊഴിച്ചില്‍ ശാശ്വതമായി തന്നെ പരിഹരിക്കാനാകും...

click me!