
സ്വന്തം അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിക്കുക! കേള്‍ക്കുമ്പോള്‍ തന്നെ ഒരു നടുക്കമാണ് ആദ്യം തോന്നുന്നത്, അല്ലേ? എന്നാല്‍ അത്തരമൊരു വാര്‍ത്തയാണ് സ്‌പെയിനിലെ മാഡ്രിഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
66കാരിയായ സ്ത്രീയെ ഒരു മാസമായി കാണാനില്ലെന്ന് കാണിച്ച് അവരുടെ കൂട്ടുകാരി പൊലീസില്‍ നല്‍കിയ പരാതിയാണ് സംഭവം പുറംലോകമറിയാന്‍ കാരണമായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വൃദ്ധയുടെ വീട്ടില്‍ അന്വേഷണത്തിനെത്തി. അവരുടെ 26കാരനായ മകന്‍ മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയ പൊലീസ് വീടും ചുറ്റുപാടും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. സ്വന്തം അമ്മയെ കൊന്ന് വെട്ടിനുറുക്കി പാത്രങ്ങളിലാക്കി സൂക്ഷിച്ചിരിക്കുന്നു ആ മകന്‍. പല അവയവങ്ങളും കാണാനില്ലായിരുന്നു. കുടലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നയിടത്ത് നിന്ന്.
മനുഷ്യനെ തിന്നുന്ന മനുഷ്യന്‍, അഥവാ നരഭോജിയായ മനുഷ്യനാണ് വൃദ്ധയുടെ മകനെന്നാണ് സ്‌പെയിനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാവിനെതിരായ തെളിവുകളും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും ആ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നരഭോജികളായ മനുഷ്യര്‍ ഇപ്പോഴും ഉണ്ടോ?
സ്വന്തം വര്‍ഗത്തില്‍ പെട്ട ജീവിയെ തന്നെ ഭക്ഷണമാക്കുന്ന നിരവധി ജീവിവര്‍ഗങ്ങള്‍ ഭൂമുഖത്തുണ്ട്. എന്നാല്‍ മനുഷ്യന്‍ ആ പട്ടികയില്‍ പെടുന്ന ജീവിയല്ല. അതേസമയം കാലാകാലങ്ങളില്‍ നരഭോജികളായ മനുഷ്യര്‍ ജീവിച്ചിരുന്നിട്ടുണ്ട്. ഇപ്പോഴും ലോകത്തിന്റെ പലയിടങ്ങളിലും അത്തരം മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്നാണ് സൂചനകള്‍.
ഈ സൂചനകളെ ഉറപ്പിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ലഭ്യമല്ലയെന്നതാണ് സത്യം. എങ്കിലും പലയിടങ്ങളിലും മനുഷ്യമാംസം വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പാപ്പുവ ഗിനിയ- സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും മെലനേഷ്യയിലുമൊക്കെ ഇപ്പോഴും നരഭോജികളായ മനുഷ്യരുടെ തുടര്‍ച്ചക്കാര്‍ ജീവിക്കുന്നുണ്ടെന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നത്.
പുരാതനകാലത്ത് പല ആദിവാസി ഗോത്രങ്ങളും ആചാരത്തിന്റെ ഭാഗമായി മനുഷ്യരെ ഭക്ഷിച്ചിരുന്നു. വേട്ടയാടി മനുഷ്യരെ ഭക്ഷിച്ചിരുന്ന ഗോത്രങ്ങളുമുണ്ടായിരുന്നു. മരണാനന്തരം ശവശരീരം സംസ്‌കരിക്കാതെ അത് ഭക്ഷണമാക്കുന്ന ആചാരം അനുഷ്ഠിച്ചിരുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ വിഭവമാക്കിയവരെ കുറിച്ചും ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. യുദ്ധകാലത്ത്, കപ്പല്‍ ജോലികള്‍ക്കിടെയൊക്കെ ഇത്തരം സംഭവങ്ങള്‍ നടന്നതായി പലരും എഴുതിയിട്ടുണ്ട്.
എന്നാല്‍ പരിഷ്‌കൃത സമൂഹത്തില്‍ പെടുന്ന ഒരു മനുഷ്യന്‍ ഇത് ചെയ്യുന്നത് പലപ്പോഴും മാനസികമായ പ്രശ്‌നത്തെ തുടര്‍ന്നാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം വൈകല്യമുള്ള ആളുകള്‍ പലയിടങ്ങളിലും ഇപ്പോഴും എപ്പോഴും ജീവിക്കുന്നുണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്. മാഡ്രിഡില്‍ സ്വന്തം അമ്മയെ കൊന്ന യുവാവിന്റെ കേസും ഈ സാധ്യതകളിലേക്കെല്ലാം വിരല്‍ ചൂണ്ടുന്നു.