'കാടല്ല, വീടാണ്'; വമ്പന്‍ പക്ഷിയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ വീഡിയോ...

By Web TeamFirst Published Feb 22, 2019, 7:19 PM IST
Highlights

'കാര്‍പെറ്റ് പൈത്തണ്‍' എന്നറിയപ്പെടുന്ന ഈ പാമ്പ് സാധാരണഗതിയില്‍ ഇരയെ ഞെരിച്ച്, അതിന്റെ അനക്കം മുഴുവനായി നിലച്ച ശേഷം വിഴുങ്ങുകയാണ് പതിവ്. ചെറിയ പാമ്പുകള്‍ പല്ലിയെയോ ചെറുജീവികളെയോ ശാപ്പിടുമ്പോള്‍ മുതിര്‍ന്ന പാമ്പുകള്‍ എലി, മുയല്‍ക്കുഞ്ഞ്... അങ്ങനെയുള്ള ജീവികളെയാണ് ഭക്ഷിക്കാറ്

പെരുമ്പാമ്പുകള്‍ ഇര പിടിക്കുന്നതും, അവയെ മരക്കൊമ്പിലോ മറ്റോ കിടന്ന് സാവധാനം വിഴുങ്ങുന്നതുമെല്ലാം കാടിനെ സംബന്ധിച്ച് ഒരു പതിവ് കാഴ്ചയാകാം. കാടിന്റെ ഇത്തരം കാഴ്ചകളെല്ലാം നമ്മള്‍ ടിവി ചാനലുകളിലൂടെ ഏറെ കണ്ടിട്ടുമുണ്ട്. 

എന്നാല്‍ നമ്മുടെ വീട്ടില്‍ ഇങ്ങനെയൊരു സംഭവം നടന്നാലോ? ഒന്നോര്‍ത്ത് നോക്കൂ, ഒരു പെരുമ്പാമ്പ് നമ്മുടെ കണ്‍മുന്നില്‍ ഇങ്ങനെ തൂങ്ങിക്കിടന്ന് പതിയെ ഇര വിഴുങ്ങുന്നു...

ഓസ്‌ട്രേലിയയിലെ കിംഗ്‌സ്‌ക്ലിഫ് സ്വദേശിയായ കാത്തി ഗെല്‍ സ്വന്തം വീട്ടില്‍ വച്ചാണ് ഈ കാഴ്ച കണ്ടത്. ഒരു പ്രത്യേകയിനത്തില്‍ പെട്ട പെരുമ്പാമ്പ് വീടിന്റെ മേല്‍ക്കൂരയിലെ ടിവി ആന്റിനയില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു. അതിന്റെ വായില്‍ പെട്ടുകിടക്കുന്ന ഒരു വമ്പന്‍ പക്ഷി. 

നന്നായിട്ടൊന്ന് പേടിച്ചെങ്കിലും സംഭവം മൊബൈലിലാക്കാന്‍ തന്നെ കാത്തി തീരുമാനിച്ചു. അങ്ങനെ പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം കാത്തി മൊബൈലില്‍ പകര്‍ത്തി. 

വീഡിയോ കാണാം...

എന്നാല്‍ ഇരയെ പെരുമ്പാമ്പ് മുഴുവനായി വിഴുങ്ങുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ കാത്തിക്കായില്ല. കാരണം ഏതാണ്ട് ഒന്നര മണിക്കൂറിലധികം സമയമെടുത്താണ് പാമ്പ് ഇരയെ മുഴുവനായി അകത്താക്കിയത്. 

വലിയ വിഷമൊന്നുമില്ലാത്ത ഇനത്തില്‍ പെട്ട പെരുമ്പാമ്പാണ് ഇത്. 'കാര്‍പെറ്റ് പൈത്തണ്‍' എന്നറിയപ്പെടുന്ന ഈ പാമ്പ് സാധാരണഗതിയില്‍ ഇരയെ ഞെരിച്ച്, അതിന്റെ അനക്കം മുഴുവനായി നിലച്ച ശേഷം വിഴുങ്ങുകയാണ് പതിവ്. ചെറിയ പാമ്പുകള്‍ പല്ലിയെയോ ചെറുജീവികളെയോ ശാപ്പിടുമ്പോള്‍ മുതിര്‍ന്ന പാമ്പുകള്‍ എലി, മുയല്‍ക്കുഞ്ഞ്... അങ്ങനെയുള്ള ജീവികളെയാണ് ഭക്ഷിക്കാറ്. 

എങ്കിലും തന്റെ വായില്‍ കൊള്ളാത്തയത്രയും വലിപ്പമുള്ള ജീവികളെ അത്ര പെട്ടെന്നൊന്നും ഇരയായി ഇവര്‍ തെരഞ്ഞെടുക്കാറില്ല. ഇതിന് അധ്വാനവും സമയവും ഏറെ വേണമെന്നത് തന്നെയാണ് കാരണം. അതേസമയം വലിയ ഇരയെ അകത്താക്കിക്കഴിഞ്ഞാല്‍ പിന്നെ ദിവസങ്ങളോളം ഇവര്‍ക്ക് മറ്റ് ജോലികളൊന്നും കാണില്ല. വിശ്രമത്തോട് വിശ്രമം തന്നെ. 

കാത്തിയെടുത്ത വീഡിയോ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് പ്രചരിക്കാന്‍ തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ ഹിറ്റായി. നിരവധി പേരാണ് ഇത് വീണ്ടും പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
 

click me!