പരീക്ഷാക്കാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

By Web DeskFirst Published Mar 27, 2017, 11:55 AM IST
Highlights

ഇത് പരീക്ഷാക്കാലമാണ്. ചെറിയ ക്ലാസുകള്‍ മുതല്‍ പത്ത്, പ്ലസ് ടു വരെയുള്ള പരീക്ഷകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതു കഴിഞ്ഞാല്‍ കോളേജ് ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷ വരുകയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ചിലര്‍ക്കെങ്കിലും പരീക്ഷ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ശരിയായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണശീലവുമാണ് വേണ്ടത്. പരീക്ഷാക്കാലത്ത് ആരോഗ്യകരമായ ഭക്ഷണശീലത്തിന് ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1, പ്രഭാതഭക്ഷണം മുടക്കരുത്-

രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുന്നത്. അതുകൊണ്ടുതന്നെ വയര്‍ നിറച്ചുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. ആവിയില്‍ പുഴുങ്ങിയ ഇഡലി, പുട്ട്, ഇടിയപ്പം എന്നിവയൊക്കെയാണ് രാവിലെ കഴിക്കാന്‍ ഏറെ ഉത്തമം. ഇതിനൊപ്പം നേന്ത്രപ്പഴം, മുട്ട എന്നിവ പുഴുങ്ങിയതും പാലും കഴിക്കാം.

2, രാത്രിയില്‍ പഠിക്കുമ്പോള്‍ കഴിക്കുന്ന സ്‌നാക്ക്സ് ശ്രദ്ധിക്കണം-

പരീക്ഷാക്കാലത്ത് രാത്രി വൈകുവോളം ഇരുന്ന് പഠിക്കുന്നവരാണ് ഏറെയും. ഈ സമയം കൊറിക്കാനായി എന്തെങ്കിലും സ്‌നാക്ക്സ് കരുതുന്നവരുണ്ട്. ഇത് ഒരു കാരണവശാലും എണ്ണയില്‍ വറുത്തതോ, അമിത മധുരമുള്ളതോ ആകരുത്. കശുവണ്ടി, ബദാം, കടല തുടങ്ങിയ നട്ട്സോ, വാഴപ്പഴം, ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങളോ ആണെങ്കില്‍ നല്ലത്.

3, വിറ്റാമിനും ധാതുക്കളും കുടുതലുള്ള ഭക്ഷണം കഴിക്കാം-

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി കൂട്ടാനും ടെന്‍ഷന്‍ കുറയ്‌ക്കാനും വിറ്റാമിന്‍ സി സഹായിക്കും. ചിന്താശേഷിയും തലച്ചോറിന്റെ പ്രവര്‍ത്തശേഷിയും കൂട്ടാന്‍ വിറ്റാമിന്‍ കെ സഹായിക്കും. മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വിറ്റാമിന്‍ ബി സഹായിക്കും. അതിനാല്‍ ഇവയൊക്കെ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെ പരീക്ഷാക്കാലത്ത് ധാരാളം കഴിക്കുക. മുട്ട, പാല്‍ തുടങ്ങിയ സമീകൃതാഹാരവും ഈ സമയത്ത് ശീലമാക്കുക.

4, വെള്ളം കുടി മുടക്കരുത്-

പരീക്ഷാക്കാലത്ത് ഒരു കാരണവശാലും ഡീഹൈഡ്രേഷന്‍ ഉണ്ടാകരുത്. ആവശ്യത്തിന് വെള്ളം കുടിക്കുക. പരീക്ഷാ ഹാളിലേക്ക് പോകുമ്പോഴും, കൂട്ടുപഠനത്തിന് പോകുമ്പോഴുമൊക്കെ കുടിവെള്ളം കുപ്പിയിലാക്കി കൈയില്‍ കരുതുക. തിളപ്പിച്ചാറിയ വെള്ളമാണ് ഉത്തമം. ഇടയ്‌ക്ക് നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്. രാവിലെയും രാത്രി കിടക്കുന്നതിനുമുമ്പും ഓരോ ഗ്ലാസ് പാലും കുടിക്കാം. ഉച്ചസമയത്ത് ഫ്രഷ് പഴച്ചാറ് കുടിക്കുന്നതും നല്ലതാണ്.

5, ഒമേഗ ത്രീ ഫാറ്റി ആസിഡ്-

നമ്മുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഘടകമാണിത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഘടകമാണിത്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മത്തി(ചാള), അയല, ചൂര മല്‍സ്യങ്ങളിലാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതലായും ഉണ്ടാകുക.

6, മധുരവും കോഫിയും കുറയ്‌ക്കാം-

പരീക്ഷാക്കാലത്ത് അമിത മധുരമുള്ള ഭക്ഷണങ്ങള്‍ തീരെ ഒഴിവാക്കുക. കോഫി കുടിക്കുന്ന ശീലവും ഈ സമയത്ത് നല്ലതല്ല. കോഫി കുടിക്കുമ്പോള്‍ ഒരു ഉന്മേഷം ലഭിക്കുമെങ്കിലും അത് താല്‍ക്കാലികമായിരിക്കും. പിന്നീട് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

7, ജങ്ക് ഫുഡ് വേണ്ട-

പരീക്ഷാക്കാലത്ത് ജങ്ക് ഫുഡ്, പ്രോസസഡ് ഫുഡ് എന്നിവ ഒരു കാരണവശാലും കഴിക്കരുത്. പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച്, പിസ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഇവ കൂടുതലായി കഴിക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടാം. വളരെ കുറച്ചുമാത്രം പോഷകമുള്ള ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. കൂടാതെ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

click me!