പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; 'കാലാവസ്ഥാവ്യതിയാനം സ്ത്രീകളെക്കാള്‍ മുമ്പ് ബാധിക്കുന്നത് നിങ്ങളെ'

By Web TeamFirst Published Nov 16, 2018, 2:08 PM IST
Highlights

കാലാവസ്ഥാ വ്യതിയാനം മനുഷ്യവര്‍ഗത്തെ എത്തരത്തിലെല്ലാം ബാധിക്കുന്നുവെന്ന് അന്വേഷിക്കുന്ന ഒരു പഠനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഈയിടെ പുറത്തുവന്നിരിക്കുന്നത്. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' എന്ന സയന്‍സ് പ്രസിദ്ധീകരണമാണ് ഇംഗ്ലണ്ടില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്

തുടര്‍ച്ചയായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കാണല്ലോ നമ്മള്‍ ഇപ്പോള്‍ സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. കാലം തെറ്റിയ മഴയും വേനലും മഞ്ഞുമെല്ലാം ഇതിന്റെ തെളിവുകളാണ്. ഋതുക്കള്‍ മാറിമറിയുന്നത് സ്വാഭാവികമായും വിവിധ ജീവിവര്‍ഗങ്ങളെയും ബാധിക്കും. മനുഷ്യനും ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ക്രമേണയുള്ള ശാരീരിക വ്യതിയാനങ്ങള്‍ക്ക് മനുഷ്യരും വിധേയരായേ തീരൂ. 

കാലാവസ്ഥാ വ്യതിയാനം മനുഷ്യവര്‍ഗത്തെ എത്തരത്തിലെല്ലാം ബാധിക്കുന്നുവെന്ന് അന്വേഷിക്കുന്ന ഒരു പഠനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഈയിടെ പുറത്തുവന്നിരിക്കുന്നത്. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' എന്ന സയന്‍സ് പ്രസിദ്ധീകരണമാണ് ഇംഗ്ലണ്ടില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

വിവിധ വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പഠന റിപ്പോര്‍ട്ട്, ഉയരുന്ന അന്തരീക്ഷ താപനില സ്ത്രീകളെ ബാധിക്കും മുമ്പേ പുരുഷന്മാരെ ബാധിക്കുമെന്ന് സൂചന നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന ഉയര്‍ന്ന താപനില മനുഷ്യരുടെ മരണത്തിന് ഇടയാക്കുമെന്ന് നേരത്തേ പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ മരിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ മരണം മാത്രമല്ല, അപകടകരമായ പല ശാരീരിക മാറ്റങ്ങള്‍ക്കും ഇത് കാരണമാകുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

പുരുഷന്റെ പ്രത്യുല്‍പാദനശേഷിയെ ആണത്രേ ഉയര്‍ന്ന താപനില കാര്യമായി ബാധിക്കുക. കൃത്യമായി പറഞ്ഞാല്‍, ബീജത്തിന്റെ എണ്ണത്തെയും ബിജത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെയും ആണ് ഇത് പ്രതികൂലമായി ബാധിക്കുക. ബീജത്തിന്റെ എണ്ണം കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നു. 

അതുപോലെ തന്നെ ബീജത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയുന്നത് ഏറെ സങ്കീര്‍ണമായ അവസ്ഥയാണ്. സ്ത്രീയുടെ ശരീരത്തിലെത്തുന്ന ബീജം അണ്ഡവുമായി കൂടിച്ചേരും മുമ്പ് തന്നെ നശിച്ചുപോകുന്ന അവസ്ഥയാണ് ഇത് സൃഷ്ടിക്കുക. രണ്ട് സാഹചര്യങ്ങളും പുരുഷന്റെ പ്രത്യുല്‍പാദനശേഷിയെ ആണ് ബാധിക്കുക. 

സ്ത്രീകളിലെ ശാരീരികമായ മാറ്റങ്ങള്‍ പുരുഷനെ അപേക്ഷിച്ച് പതിയെ മാത്രമേ പ്രകടമാവുകയുള്ളൂവെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരിലെ മാറ്റങ്ങളും എല്ലാവരിലും ഒരുപോലെ കാണണമെന്നില്ലെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ആദ്യമേ ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലും, മികച്ച ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും ശാരീരിക പ്രശ്‌നങ്ങളെ നേരിടാന്‍ കഴിവില്ലാത്തവരെയുമാണത്രേ ആദ്യം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ബാധിക്കുക.
 

click me!