
പരസ്പരം വിശ്വാസം വച്ചുപുലര്‍ത്തണമെന്ന് എപ്പോഴും എല്ലാവരും പറയുന്നത് കേള്‍ക്കാം. എന്നാല്‍ വെറുതെ പറഞ്ഞുപോകുന്നത് പോലെ അത്ര ലളിതമാണോ ഒരാളെ വിശ്വസിക്കല്‍? അല്ല! പ്രത്യേകിച്ച് മത്സരങ്ങളുടെ ഒരു ലോകത്ത് 'വിശ്വാസം' എപ്പോഴും നമ്മളെ പിന്തുണയ്ക്കണമെന്നുമില്ല.
പക്ഷേ, ഏറ്റവും പ്രിയപ്പെട്ട ആളുകളുമായുള്ള ബന്ധത്തിലും വിശ്വാസം പുലര്‍ത്താന്‍ കഴിയാത്തവര്‍ ഒന്ന് കരുതണം. ഇത് നിങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്.
സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുന്നവര്‍ പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണത്രേ നേരിടുക. ഒന്ന്, സാമൂഹികമായ അരക്ഷിതാവസ്ഥ. രണ്ട്, മാനസിക സമ്മര്‍ദ്ദം. സാമൂഹികമായി സുരക്ഷിതമായി ജീവിക്കുകയെന്നതും സമ്മര്‍ദ്ദങ്ങളില്ലാതെ മുന്നോട്ടു പോവുകയെന്നതും ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്ന് പഠനം ഓര്‍മ്മിപ്പിക്കുന്നു.
ഈ രണ്ട് ഘടകങ്ങളും ഇല്ലാതാകുന്നതോടെ പല തരത്തിലുള്ള അനാരോഗ്യങ്ങളിലേക്ക് നമ്മള്‍ എത്തിപ്പെടുന്നു. മനുഷ്യരുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന മാരകമായ പല അസുഖങ്ങളുമുണ്ടാക്കുന്നത് മാനസിക സമ്മര്‍ദ്ദങ്ങളത്രേ. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് ഇതുമൂലം മിക്കവാറും ഉണ്ടാകുന്നത്. ജീവനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള അസുഖങ്ങളാണ് ഹൃദയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയെല്ലാം.
സാമൂഹികമായ അരക്ഷിതാവസ്ഥ ആത്മഹത്യ പോലുള്ള വിപത്തുകളിലേക്കുള്ള സാധ്യതകളാണ് തുറന്നിടുന്നത്. അതായത് പരസ്പരമുള്ള വിശ്വാസമെന്ന് പറയുന്നത് രണ്ട് രീതിയിലും ജീവന്റെ നിലനില്‍പിനെ തന്നെയാണ് ബാധിക്കുന്നതെന്നാണ് പഠനം വിലയിരുത്തുന്നത്.
ഏതാണ്ട് 25,000 പേരെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയത്. അപരിചിതരെയാണെങ്കിലും പ്രിയപ്പെട്ടവരെയാണെങ്കിലും പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുന്നവരുടെ ആയുസില്‍ കുറഞ്ഞത് 10 മാസത്തിന്റെയെങ്കിലും വ്യത്യാസം വരുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്ത കാലത്തായി മനുഷ്യര്‍ക്കിടയിലുള്ള 'വിശ്വാസം' കുറഞ്ഞുവരികയാണെന്നും ഇതാണ് പലപ്പോഴും സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു.