ഓണ്‍ലൈൻ പ്രണയങ്ങൾ അത്ര മോശമാണോ!; ഇതാ ഒരു സാക്ഷ്യപ്പെടുത്തൽ...

Published : Oct 11, 2018, 08:17 PM IST
ഓണ്‍ലൈൻ പ്രണയങ്ങൾ അത്ര മോശമാണോ!; ഇതാ ഒരു സാക്ഷ്യപ്പെടുത്തൽ...

Synopsis

പൊതുവേ ഓണ്‍ലൈന്‍ പ്രണയങ്ങള്‍ മോശമാണെന്നൊരു ധാരണ ആളുകള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തെ കുറിച്ചാണ് രണ്ട് യുവ ഗവേഷകര്‍ക്ക് പറയാനുള്ളത്

പ്രണയ വിവാഹമോ അതോ വീട്ടുകാര്‍ നിശ്ചയിച്ചതോ?... വിവാഹമുറപ്പിച്ച് ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഓരോരുത്തരും നേരിടുന്ന ഒരു ചോദ്യമാണിത്. പ്രണയ വിവാഹമാണെന്നാണ് മറുപടിയെങ്കില്‍ വീണ്ടും ഒരുപിടി ചോദ്യങ്ങള്‍ കൂടി റെഡി. 'പെണ്ണിനെ' എവിടെ നിന്ന് കണ്ടു? എങ്ങനെ ഇഷ്ടപ്പെട്ടു?... അങ്ങനെയങ്ങനെ... 

ഓണ്‍ലൈന്‍ പ്രണയങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്. സമൂഹം അത്ര പെട്ടെന്നൊന്നും അതിനെ അംഗീകരിക്കില്ല. പൊതുവേ ഓണ്‍ലൈന്‍ പ്രണയങ്ങള്‍ മോശമാണെന്നൊരു ധാരണയും ആളുകള്‍ക്കിടയില്‍ ശക്തമാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യത്തെ കുറിച്ചാണ് രണ്ട് യുവ ഗവേഷകര്‍ക്ക് പറയാനുള്ളത്. 

എസ്സെക്സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ജോഷ്വേയും വിയന്ന യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഫിലിപ്പ് ഹെര്‍ഗോവിച്ചുമാണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തിയത്. 'എംഐടി ടെക്നോളജി റിവ്യൂ' എന്ന മാഗസിന് വേണ്ടി ഇവര്‍ നടത്തിയ പഠനം നേരത്തേ സൂചിപ്പിച്ച പൊതുസങ്കല്‍പങ്ങളെയെല്ലാം ഉടച്ചുവാര്‍ക്കുന്നതായിരുന്നു. ഓണ്‍ലൈന്‍ പ്രണയത്തിലൂടെ വിവാഹിതരായവരുടെ ബന്ധം 'ഓഫ്‍ലൈൻ' പ്രണയവിവാഹിതരുടെ ബന്ധത്തെക്കാള്‍ സുദൃഢമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

10,000 പേരെയാണ് ഇരുവരും ഈ വിഷയം പഠിക്കാനായി നിരീക്ഷിച്ചത്. വളരെ സന്തോഷകരമായ പ്രതികരണമാണ് ഓണ്‍ലൈന്‍ പ്രണയ വിവാഹിതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. പരസ്പരമുള്ള ധാരണയും, മനസ്സിലാക്കലും, വിട്ടുകൊടുക്കലുമെല്ലാം മറ്റ്, ഏതുതരത്തില്‍ പരിചയപ്പെട്ടവരെക്കാള്‍ ഭംഗിയായി ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പഠനം വിലയിരുത്തുന്നത്. 

ഇതിന് മുമ്പ് ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരും ഇതേ വിഷയം പഠിച്ചിരുന്നു. ഏതാണ്ട് 19,000 പേരെയാണ് ഇവര്‍ ഇതിനായി നിരീക്ഷിച്ചത്. ഓണ്‍ലൈനായി കണ്ട് പരിചയപ്പെട്ട് വിവാഹിതയവര്‍ ബന്ധം വേര്‍പെടുത്താനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. മാത്രമല്ല പരസ്പരമുള്ള സംതൃപ്തിയുടെ കാര്യത്തിലും ഓണ്‍ലൈന്‍ വിവാഹിതര്‍ മുന്നിലത്രേ. 

പൊതുവേ ഓണ്‍ലൈന്‍ ചാറ്റിംഗ്, ഡേറ്റിംഗ്- ഒക്കെ നേരമ്പോക്കിന് മാത്രമേ ഉപകരിക്കൂവെന്നൊരു വിലയിരുത്തലുണ്ട്. എന്നാല്‍ യഥാര്‍ത്ഥ അവസ്ഥ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് ഡേറ്റിംഗ് ആപ്പായ ടിന്‍ഡറും അവകാശപ്പെടുന്നത്.  ടിൻഡര്‍ ഉപയോഗിക്കുന്നവരില്‍ 80% പേരും ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ തേടുന്നവരാണത്രേ. ആളുകള്‍ പരസ്പരം പ്രൊഫൈലുകള്‍ വിസിറ്റ് ചെയ്ത് അതിനെ അംഗീകരിക്കുന്നതും നിരാകരിക്കുന്നതുമെല്ലാം ഏറെ ചിന്തിച്ച ശേഷം മാത്രമാണെന്ന്. 

ഏത് രീതിയില്‍ പരിചയപ്പെടുന്നുവോ എന്നതല്ല, തമ്മിലുള്ള യോജിപ്പും അഭിപ്രായ ഐക്യവും ആത്മാര്‍ത്ഥതയുമൊക്കെയാണ് പ്രധാനമെന്നാണ് പഠനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ