ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ? പരിശോധിക്കാം മോണയുടെ ആരോഗ്യം

By Web TeamFirst Published Oct 23, 2018, 5:35 PM IST
Highlights

ഇറ്റലിയിലെ ലാക്വില യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷക വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഏതാണ്ട് 3,600ഓളം പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്
 

രക്തസമ്മര്‍ദ്ദവും മോണയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധമെന്തെന്നാണോ ആലോചിക്കുന്നത്? കൂടുതല്‍ ആലോചിച്ച് തല പുണ്ണാക്കേണ്ട. ഇവ തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. അതായത് മോണയില്‍ ഗുരുതരമായ പഴുപ്പോ അണുബാധയോ ഉള്ളവരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പഠനം. 

ഇറ്റലിയിലെ ലാക്വില യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷക വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഏതാണ്ട് 3,600ഓളം പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നിനോട് ഇവരുടെ ശരീരം ഏത് രീതിയിലൊക്കെയാണ് പ്രതികരിക്കുന്നതെന്നാണ് പഠനം വിലയിരുത്തിയത്. 

മോണയ്ക്ക് പ്രശ്‌നമുള്ളവര്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നിനോട് അത്ര നല്ല രീതിയിലല്ല പ്രതികരിക്കുന്നതെന്നും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് മരുന്നിലൂടെ പലപ്പോഴും സാധിക്കുന്നില്ലെന്നും ഗവേഷകര്‍ വിലയിരുത്തി. മോണയ്ക്ക് ആരോഗ്യമുള്ളവരെ അപേക്ഷിച്ച് സാധാരണ ബി.പി ലെവലിലേക്ക് വരാന്‍ ഇവര്‍ക്ക് ഇരുപത് ശതമാനത്തില്‍ കുറവ് സാധ്യതകള്‍ മാത്രമേ ഉള്ളുവത്രേ. 

അതിനാല്‍ തന്നെ, രക്തസമ്മര്‍ദ്ദത്തിന് ചികിത്സ തേടിയെത്തുന്നവരുടെ മോണയുടെ ആരോഗ്യവും, തിരിച്ച് പല്ലിനോ മോണയ്‌ക്കോ പ്രശ്‌നമായി എത്തുന്ന രോഗികളുടെ രക്തസമ്മര്‍ദ്ദവും ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പഠനം നടത്തിയ സംഘം വാദിക്കുന്നത്.
 

click me!