വിഷാദവും ഉത്കണ്ഠയും അമിതമായാല്‍...

By Web TeamFirst Published Dec 21, 2018, 4:20 PM IST
Highlights

ഗുരുതരമായ അസുഖങ്ങള്‍ക്ക് പുറമെ, നിത്യജീവിതത്തെ ബാധിക്കുന്ന വിവിധയിനം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വിഷാദവും ഉത്കണ്ഠയും കാരണമാകുന്നുണ്ടത്രേ. തലവേദന, ഉദരസംബന്ധമായ അസ്വസ്ഥതകള്‍, പുറംവേദന, നേരിയ ശ്വാസതടസം തുടങ്ങിയവ ഇതില്‍ ചിലത് മാത്രം

സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന തിരക്കുപിടിച്ച ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം പിടിപെടുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്റെ തീവ്രതയനുസരിച്ച് ചികിത്സ തേടുന്നില്ല. ഇത് ഒട്ടേറെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. അമിതമായ വിഷാദവും ഉത്കണ്ഠയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പക്ഷാഘാതത്തിനും ഇടയാക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പുകവലിയെക്കാള്‍ മാരകമായ ദോഷഫലങ്ങളാണ് ഇവ ഉണ്ടാക്കുകയെന്നും പഠനം വിലയിരുത്തുന്നു. 

ഉയര്‍ന്ന തോതില്‍ വിഷാദമോ ഉത്കണ്ഠയോ ഉള്ളവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത ഏതാണ്ട് 65 ശതമാനമാണെന്നും പക്ഷാഘാതത്തിനുള്ള സാധ്യത 64 ശതമാനമാണെന്നും പഠനം കണ്ടെത്തി. രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത 50 ശതമാനവും സന്ധിവാതത്തിനുള്ള സാധ്യത ഏതാണ്ട് 87 ശതമാനവുമാണ്. 

അമിതവണ്ണമോ പുകവലിയോ ഉള്ളവരിലെ രോഗസാധ്യതകളെക്കാള്‍ കൂടുതലാണ് ഇതെന്ന് പഠനസംഘാംഗമായ ആന്‍ഡ്രിയ നീല്‍സ് പറയുന്നു. അതേസമയം മാനസികമായ ഇത്തരം പ്രശ്‌നങ്ങള്‍ കാന്‍സര്‍ രോഗത്തിന് കാരണമായേക്കില്ലെന്നും പഠനം വിലയിരുത്തുന്നു. 

ഗുരുതരമായ അസുഖങ്ങള്‍ക്ക് പുറമെ, നിത്യജീവിതത്തെ ബാധിക്കുന്ന വിവിധയിനം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വിഷാദവും ഉത്കണ്ഠയും കാരണമാകുന്നുണ്ടത്രേ. തലവേദന, ഉദരസംബന്ധമായ അസ്വസ്ഥതകള്‍, പുറംവേദന, നേരിയ ശ്വാസതടസം തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. നാലിലധികം വര്‍ഷങ്ങളായി 15,000 പേരുടെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

click me!