
പുരുഷൻമാരിലെ പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. കുറേയേറെ ചെറുഗ്രന്ഥികളുടെ സമുച്ചയമാണ് പ്രോസ്റ്റേറ്റ് എന്നുപറയാം. മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് ഇതിന്റെ സ്ഥാനം. ദീര്‍ഘനാള്‍ സൌമ്യമായി പ്രവര്‍ത്തിക്കുമെങ്കിലും മധ്യവയസ്സ് പിന്നിടുമ്പോഴാണ് മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളുമായി ഗ്രന്ഥിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. പുരുഷൻമാരിൽ കാൻസർ ബാധിക്കുന്ന അവയവങ്ങളിലൊന്ന് കൂടിയാണ് ഇത്.
പുരുഷന്മാരില്‍ വ്യാപകമായി കാണുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 65 വയസിനുമുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50–60 വയസ്സുള്ളവരിലും കണ്ടുവരുന്നു. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരോപയോഗം, ജനിതകഘടകങ്ങളിലെ മാറ്റം, വ്യായാമക്കുറവ് ഇവ പ്രോസ്റ്റേറ്റ് കാന്‍സറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.
മിക്കവരിലും പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ആരംഭദശയില്‍ ലക്ഷണങ്ങളൊന്നും പുറത്തുകാണാറില്ല. ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ പ്രവണത, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നൽ, രക്തംകലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഗ്രന്ഥിവീക്കത്തിന്റെയും പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെയും ലക്ഷണങ്ങള്‍ പലതും ഒന്നുതന്നെയായതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്.
ഗ്രന്ഥിക്കകത്ത് ഒതുങ്ങിനില്‍ക്കുന്നവ, ഗ്രന്ഥിക്കുചുറ്റുമായി ഒതുങ്ങിനില്‍ക്കുന്നവ, പുറത്തേക്ക് വ്യാപിച്ചവ എന്നിങ്ങനെ പ്രോസ്റ്റേറ്റ് കാന്‍സറിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മറ്റ് അര്‍ബുദങ്ങള്‍പോലെതന്നെ ലിംഫ്നോഡുകള്‍, കരള്‍, തലച്ചോറ്, എല്ലുകള്‍, ശ്വാസകോശം, വന്‍കുടല്‍ എന്നീ അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. പ്രാരംഭദശയില്‍തന്നെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാന്‍സര്‍മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്.
വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായി തീരുകയും ചെയ്യുന്നു. എന്നാല്‍, രോഗിയെ ഉടന്‍ ചികിത്സയ്‌ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടർക്ക് ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. മറ്റു കാന്‍സറുകളെ അപേക്ഷിച്ച്, ഇവയുടെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനുമേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും. സാധാരണ രക്തമെടുത്ത് നടത്തുന്ന പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ (പി.എസ്.എ) പരിശോധനയാണ് രോഗനിർണയത്തിനായി നടത്തുന്നത്. ഇത് 50 വയസ് മുതൽ നടത്തുന്നത് നല്ലതാണ്. പി.എസ്.എയുടെ അളവ് നിശ്ചിത അളവിലും കൂടുതലാണെങ്കിൽ മറ്റ് രോഗനിർണയ ഉപാധികൾ സ്വീകരിക്കണം.
പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍ നിലവിലുണ്ട്. രോഗിയുടെ ആരോഗ്യവും രോഗാവസ്ഥയും വിലയിരുത്തി വിദഗ്ദ ഡോക്ടർ ആണ് ചികിത്സ നിർദേശിക്കുക. സാധാരണ സ്വീകരിക്കുന്ന ചികിത്സാരീതികൾ:
* റേഡിയേഷന്‍ തെറാപ്പി
* ഹോര്‍മോണ്‍ തെറാപ്പി
* പ്രോസ്റ്റേറ്റക്ടമി സര്‍ജറി
* കീമോതെറാപ്പി
ആധുനിക കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ചികിത്സാരീതികള്‍ കാന്‍സര്‍ രോഗ നിവാരണത്തിനു നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനില്‍ക്കുന്നത്. രോഗത്തിന്‍റെ കൃത്യമായ ലക്ഷണങ്ങള്‍ കാന്‍സര്‍ ചികിത്സകരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താല്‍ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികള്‍ക്ക് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam