പച്ചക്കറികൾ ഒരിക്കലും പ്ലാസ്റ്റിക് കവറുകളിൽ ഇട്ടുവെക്കരുത്. പകരം നല്ല വായുസഞ്ചാരമുള്ള പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാം.
ഫ്രിഡ്ജിലാണ് ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും നമ്മൾ സൂക്ഷിക്കാറുള്ളത്. മാറിവരുന്ന കാലാവസ്ഥ ആയതിനാൽ ഫ്രിഡ്ജ് ഇല്ലെങ്കിൽ പച്ചക്കറികളും പഴങ്ങളും അധിക ദിവസം കേടുകൂടാതെ ഇരിക്കുകയുമില്ല. എന്നാൽ ഫ്രിഡ്ജിൽ വെയ്ക്കാതെ തന്നെ പഴങ്ങളും പച്ചക്കറികളും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.
വായുസഞ്ചാരമുള്ള പാത്രങ്ങൾ ഉപയോഗിക്കാം
പച്ചക്കറികൾ ഒരിക്കലും പ്ലാസ്റ്റിക് കവറുകളിൽ ഇട്ടുവെക്കരുത്. പകരം നല്ല വായുസഞ്ചാരമുള്ള പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാം. ഇത് വായുസഞ്ചാരം എളുപ്പമാക്കുകയും പച്ചക്കറികൾ കേടുവരാതിരിക്കാനും സഹായിക്കുന്നു.
ഇലക്കറികൾ ഇങ്ങനെ സൂക്ഷിക്കാം
ചീര, മല്ലിയില പോലുള്ള ഇലക്കറികളിലെ വേരുള്ള ഭാഗം വെള്ളത്തിൽ മുക്കിവെക്കുക. ശേഷം നനഞ്ഞ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ചാൽ രണ്ടോ മൂന്നോ ദിവസം കേടുവരാതിരിക്കും.
സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി
സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ ഒരിക്കലും വെള്ളത്തിൽ കഴുകി സൂക്ഷിക്കരുത്. ഉണങ്ങിയതും വെളിച്ചം കുറഞ്ഞതും നല്ല വായുസഞ്ചാരവുമുള്ള സ്ഥലത്താണ് ഇവ വെക്കേണ്ടത്. അതേസമയം ഉരുളക്കിഴങ്ങും സവാളയും ഒരുമിച്ച് വെക്കാനും പാടില്ല. കാരണം സവാളയിൽ നിന്നുണ്ടാകുന്ന വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് കേടാകാൻ കാരണമാകും.
പച്ചമുളക്
പച്ചമുളക് കൂടുതൽ ദിവസം കേടുകൂടാതെയിരിക്കാൻ അതിൻ്റെ ഞെട്ട് അടർത്തി മാറ്റുക. അതിനുശേഷം ഒരു പേപ്പറിൽ പൊതിഞ്ഞോ നല്ല വായുസഞ്ചാരമുള്ള പാത്രത്തിലോ ഇട്ടുവെക്കാം.
നാരങ്ങ
ഗ്ലാസ് പാത്രത്തിലോ മൺപാത്രത്തിലോ വെള്ളം നിറച്ച് അതിൽ നാരങ്ങ ഇട്ടുവെക്കുക. എല്ലാ ദിവസവും ഈ വെള്ളം മാറ്റാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ നാരങ്ങ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും.
തക്കാളി
തക്കാളിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണം. തക്കാളിയുടെ ഞെട്ടുള്ള ഭാഗം താഴേക്ക് വരുന്ന രീതിയിൽ വെക്കുകയാണെങ്കിൽ അവ പെട്ടെന്ന് അഴുകിപ്പോകില്ല.
വെയിലത്ത് ഉണക്കി സൂക്ഷിക്കാം
ബീൻസ്, പാവയ്ക്ക പോലുള്ള പച്ചക്കറികൾ ചെറുതായി അരിഞ്ഞ് നല്ല വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം. പിന്നീട് ആവശ്യമുള്ളപ്പോൾ വെള്ളത്തിലിട്ട് കുതിർത്ത് ഉപയോഗിക്കാവുന്നതാണ്.


