
ജയ്പുർ: പ്രണയിനിയായ വിദ്യാർഥിനിയെ വിവാഹം കഴിക്കുന്നതിനായി അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. രാജസ്ഥാനിലെ ഭാരത്പുരിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ മീരയാണ് തന്റെ പ്രണയിനിയും വിദ്യാർഥിനിയുമായ കൽപന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയിത്തിലായിരുന്നു.
സ്കൂൾ കാലഘട്ടത്തിലേ ഇരുവരും പരിചയക്കാരായിരുന്നു. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ക്ലാസുകളിൽ വച്ചാണ് മീര കൽപനയുമായി അടുക്കുന്നത്. അടുപ്പം പ്രണയമായി വളർന്നു. കബഡി താരമായ കൽപനയുമായുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നെന്ന് മീര പറഞ്ഞു. പിന്നീട് വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആരവ് എന്ന പേര് സ്വീകരിച്ചു.
പെൺകുട്ടിയായാണ് ജനിച്ചതെങ്കിലും ചെറുപ്പം മുതലേ മാനസികമായി ആൺകുട്ടിയായിരുന്നുവെന്ന് മീര പറയുന്നു. ചെറുപ്പം മുതലേ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിച്ചില്ല. കൽപനയുമായുള്ള പ്രണയമാണ് ഒടുവിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന തീരുമാനത്തിലെത്തിയത്. 2019 ഡിസംബറിലാണ് ആദ്യ ശസ്ത്രക്രിയ നടന്നത്. പിന്നീട് പലഘട്ടങ്ങളിലായി പൂർത്തിയാക്കി.
ആരവുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും പിരിയാനാകില്ലെന്നും കൽപനയും പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും മീരയോടൊപ്പം മാത്രമേ ജീവിക്കൂവെന്ന് തീരുമാനിച്ചിരുന്നതായും കൽപന പറഞ്ഞു. ഇരുവരുടെയും വീട്ടുകാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം. ലിംഗമാറ്റ ശസ്ത്രക്രിയക്കായി അധികം ബുദ്ധിയിട്ടില്ലെന്നും തന്റെ സർട്ടിഫിക്കറ്റുകളിലെല്ലാം ജെൻഡർ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി നിരവധി ഓഫിസുകളിൽ കയറി ഇറങ്ങേണ്ടി വന്നെന്നും ആരവ് പറഞ്ഞു. മീരക്ക് നാല് സഹോദരിമാരാണുള്ളത്. എല്ലാവരും വിവാഹിതരായി. ചെറുപ്പം മുതലേ മീര ആൺകുട്ടികളെപ്പോലെയായിരുന്നു. ആൺകുട്ടികൾക്കൊപ്പമാണ് കളിച്ചതും വളർന്നതുമെല്ലാം. ഇപ്പോൾ ആരവായി മാറി, കൽപനയെ വിവാഹം ചെയ്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവ് ബിരി സിങ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam