രാജ്യത്ത് ഹൃദയാഘാതം കൂടുന്നു; നിങ്ങളുടെ ഹൃദയത്തെ കുഴപ്പത്തിലാക്കുന്ന 5 ഭക്ഷണങ്ങള്‍

By Web DeskFirst Published Jul 31, 2017, 5:28 PM IST
Highlights

മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഹൃദായാഘാതം പിടിപെടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ലക്ഷത്തില്‍നിന്ന് 46 ലക്ഷമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മതിയായ അവബോധമില്ലാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നതെന്ന് കഴിഞ്ഞദിവസം ചണ്ഡിഗഢില്‍ ചേര്‍ന്ന കാര്‍ഡിയോളജിസ്റ്റുകളുടെ സമ്മേളനം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഹൃദയാരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണമെന്നാണ് ഹൃദ്രോഗവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ഇവിടെയിതാ, ഹൃദയത്തിന് ഹാനികരമാകുന്ന ചില ഭക്ഷണരീതികളെക്കുറിച്ച് പറയുന്നു.

1, പൂരിതകൊഴുപ്പ് ഉള്ളവ...

അമിതമായ കൊഴുപ്പ് അടങ്ങിയ ഉപ്പും എണ്ണയും പാല്‍ഉല്‍പന്നങ്ങളും അടങ്ങിയ ഭക്ഷണത്തിലാണ് പൂരിതകൊഴുപ്പ് ഏറെയുള്ളത്. ഇത്തരം ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍(എല്‍ഡിഎല്‍) കൂടാന്‍ കാരണമാകും. ഈ മോശം കൊളസ്‌ട്രോള്‍ രക്തധമനികളില്‍ അടിഞ്ഞുകൂടുന്നതാണ് ഭൂരിഭാഗം ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. സസ്യഎണ്ണ, വെളിച്ചെണ്ണ എന്നിവയ്‌ക്ക് പകരം ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് ഏറെ നല്ലതാണെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വളരെ ചെറിയ അളവില്‍ നെയ്യ് കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

2, പൊരിച്ച ഭക്ഷണം...

ഉയര്‍ന്ന അളവില്‍ എണ്ണ, ഉപ്പ്, മസാല എന്നിവ ചേര്‍ത്ത് പൊരിച്ച ഭക്ഷണം ഹൃദയത്തെ ഗുരുതരമായി ബാധിക്കും. പ്രത്യേകിച്ചും രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പൊരിച്ച ഭക്ഷണം കൂടി കഴിച്ചാല്‍, ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

3, സംസ്‌ക്കരിച്ച ഭക്ഷണം...

ഇപ്പോള്‍ കടകളില്‍ ലഭ്യമാകുന്ന റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഉള്‍പ്പടെയുള്ള സംസ്‌ക്കരിച്ച ഭക്ഷണം ഹൃദയത്തിന് അത്യന്തം ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നവയാണ്. സംസ്‌ക്കരിച്ച ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളും സോഡിയവും വര്‍ദ്ധിക്കും. ഇത് ഹൃദയാരോഗ്യം അപകടത്തിലാക്കും.

4, ഫാസ്റ്റ് ഫുഡ്...

വൈകുന്നേരങ്ങളില്‍ കുടുംബവുമൊത്ത് പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം നമ്മുടെ നാട്ടിലും വ്യാപകമാണ്. ഹോട്ടലുകളില്‍ ലഭ്യമാകുന്ന ഫാസ്റ്റ്ഫുഡ് ആണ് ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പ്, മധുരം, എണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ബര്‍ഗര്‍, പിസ, പഫ്സ്, സാന്‍ഡ്‌വിച്ച് പോലെയുള്ള ഫാസ്റ്റ് ഫുഡ് ഹൃദയാരോഗ്യത്തിന് ഒട്ടും അഭികാമ്യമല്ല. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് വളരെപെട്ടെന്ന് ഹൃദ്രോഗം ക്ഷണിച്ചുവരുത്തും. കൂടാതെ ഇത്തരക്കാരില്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം വരാനുള്ള സാധ്യതയും കൂടുതലാണ്.

5, ചുവന്ന മാംസം...

ഇക്കാലത്ത് എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള പ്രധാനകാരണമായി ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത് മാംസാഹാരത്തിന്റെ അമിത ഉപയോഗമാണ്. പ്രത്യേകിച്ചും ബീഫ് പോലെയുള്ള ചുവന്ന മാംസം ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ശരീരത്തിന് ആവശ്യമായ മാംസ്യം ലഭിക്കുന്നതിനായി ചുവന്ന മാംസം ഒഴിവാക്കി, പകരം ചിക്കന്‍, മല്‍സ്യം, ബദാം പോലെയുള്ളവ ശീലമാക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

click me!