
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തക്കാളി. ദിവസവും തക്കാളി കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ധാരാളം വിറ്റാമിനുകളും കാൽഷ്യവും അടങ്ങിയ ഒന്നാണ് തക്കാളി. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ് മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു, എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
പ്രമേഹബാധിതർക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു.തക്കാളിയിലെ ആന്റിഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.
തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആന്റി ഓക്സിഡൻറാണ് ഈ സിദ്ധിക്കു പിന്നിൽ. തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് തക്കാളി. തക്കാളിയിൽ ജലാംശവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ സാലഡുകളിൽ ചേർത്തു കഴിച്ചാൽ വളരെവേഗം വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാൽ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡിൽ ചേർത്തു കഴിക്കാം.
തക്കാളിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്പോഴാണ് രക്തസമ്മർദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തിൽ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മർദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ എ, സി, നാരുകൾ, കരോട്ടിനോയ്ഡുകൾ എന്നിവയുടെ യോജിച്ചുളള പ്രവർത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam