മുലപ്പാല്‍ കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍?

By Web DeskFirst Published Jun 1, 2016, 5:48 PM IST
Highlights

പലപ്പോഴും പ്രസവശേഷം വളരെ കുറച്ചു മുലപ്പാല്‍ മാത്രമെ ഉല്‍പാദിപ്പിക്കപ്പെടുകയുള്ളു. സാധാരണനിലയിലുള്ള പ്രസവം കഴിഞ്ഞു അമ്മമാരില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസങ്ങളില്‍ പൂര്‍ണതോതില്‍ മുലപ്പാല്‍ ഉല്‍പാദിപ്പിച്ചു തുടങ്ങാറുണ്ട്. അമ്മയുടെ മാനസികനിലയിലുള്ള വ്യതിയാനവും, തെറ്റായ ആഹാരരീതിയും, റിട്രാക്റ്റഡ് നിപ്പിളുമാണ് പ്രസവിച്ച് മാസങ്ങള്‍ കഴിഞ്ഞാലും വേണ്ടരീതിയില്‍ മുലപ്പാല്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. കുട്ടികള്‍ ആവശ്യത്തിന് പാല്‍ കുടിക്കാതിരിക്കുന്നതിനും ഇതൊക്കെ കാരണമാകാം. മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നതിനെയാണ് റിട്രാക്റ്റഡ് നിപ്പിള്‍ എന്നു പറയുന്നത്. മുലക്കണ്ണില്‍ പലപ്പോഴും വിള്ളലും പൊട്ടലും കാണപ്പെടുന്നു. ഇത് കുഞ്ഞിന് പാല്‍ വലിച്ചുകുടിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ റിട്രാക്റ്റഡ് നിപ്പിള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വേണ്ട ചികില്‍സ തേടിയാല്‍, പ്രസവശേഷം നല്ലരീതിയില്‍ മുലപ്പാല്‍ കുഞ്ഞിന് നല്‍കാനാകും. അമ്മ മുലയൂട്ടലിനെക്കുറിച്ച് നന്നായി മനസിലാക്കേണ്ടതും, മുലപ്പാല്‍ നല്‍കാന്‍ മാനസികമായി തയ്യാറാകുകയും വേണം. അമ്മയുടെ മാനസികനില നല്ലതായിരിക്കണം. വിഷാദരോഗം, ഉത്കണ്‌ഠ എന്നിവ മുലപ്പാലിന്റെ ഉല്‍പാദനം ഗണ്യമായി കുറയ്‌ക്കും. നല്ല പോഷകമൂല്യമുള്ള ആഹാരമായിരിക്കണം അമ്മ കഴിക്കേണ്ടത്. സാധാരണ കഴിക്കുന്നതില്‍നിന്ന് കൂടുതല്‍ കലോറിയും പോഷകവുമുള്ള ഭക്ഷണം കഴിക്കണം. കൂടാതെ ഇടവിട്ട് കുഞ്ഞിനെക്കൊണ്ട് പാല്‍ വലിച്ചു കുടിപ്പിക്കേണ്ടതാണ്. എങ്കിലേ, പാല്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഹോര്‍മോണുകള്‍ അമ്മയുടെ ശരീരം ഉണ്ടാക്കുകയുള്ളു.

click me!