തേങ്ങാ ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെന്ത് വേണം...!

By Web DeskFirst Published Jul 13, 2016, 3:45 AM IST
Highlights

മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും. വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നു. കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല...

തേങ്ങാ  പുളി ചമ്മന്തി
.............................................

ചേരുവകള്‍

തേങ്ങാ ചിരവിയത് - ഒരു മുറി തേങ്ങയുടെ
ചുവന്നുള്ളി - മൂന്നെണ്ണം
വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് - പാകത്തിന്
കറി വേപ്പില - അഞ്ചു ഇലകള്‍
മുളക്‌പൊടി - അര ടേബിള്‍ സ്പൂണ്‍ ( മുളകുപൊടി കൂടരുത്, ഇതിനു പകരം വറ്റല്‍ മുളക് ഉപയോഗിയ്ക്കാം)
വെള്ളം  ഒരു സ്പൂണ്‍

തയ്യാറാക്കുന്നത് എങ്ങനെ ?

ഈ ചേരുവകള്‍ എല്ലാം കൂടി അമ്മിക്കല്ലില്‍ / ഒരു മിക്‌സര്‍ ജാറില്‍ ഇട്ടു അരച്ച് എടുക്കുക. ഒരുപാട് അരഞ്ഞു പോകാതെ നോക്കണം. ശേഷം ഒരു പാത്രത്തിലേക്കു മാറ്റി ഉരുട്ടി എടുത്തു വെയ്ക്കുക. ഇനി ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.

തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്



 

 

 

 

 

 

 

കടപ്പാട്- ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്

click me!