മാനുഷിയെ ലോകസുന്ദരിയാക്കിയ ചോദ്യവും ഉത്തരവും ഇതാണ്

By Web DeskFirst Published Nov 18, 2017, 11:10 PM IST
Highlights

ദില്ലി: 67-ാമത് എഡിഷന്‍ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനുഷി ചില്ലര്‍ സ്വന്തമാക്കി. ചൈനയിലെ സാന്‍യ  സിറ്റി അരീനയില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 108 പേരെ പിന്തള്ളിയാണ് മാനുഷി ചരിത്രനേട്ടം കൈവരിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത്. ലോക സുന്ദരി മല്‍സരത്തിനിടെ മാനുഷിയോട് വിധികര്‍ത്താക്കള്‍ ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും ഏറെ ശ്രദ്ധേയമായിരുന്നു. എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക? എന്തുകൊണ്ട്? - ഈ ചോദ്യത്തിന് മുന്നില്‍ മാനുഷി കുടുങ്ങിയില്ല. ദൃഢനിശ്ചയത്തോടെ അവര്‍ ഇങ്ങനെ മറുപടി നല്‍കി- ഒരു അമ്മയാണ് ഏറ്റവുമധികം ആദരം അര്‍ഹിക്കുന്നത്. അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല പ്രതിഫലം, മറിച്ച് സ്‌നേഹവും ബഹുമാനവുമാണ്. എന്റെ ജീവിതത്തിലെ ഏറ്റവുമധികം പ്രചോദനമായത് അമ്മയാണ്. അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവുമധികം പ്രതിഫലം അര്‍ഹിക്കുന്നത് അമ്മ എന്ന ജോലിയാണ്. മാനുഷി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത്.

1966 വരെ ഒരു ഏഷ്യന്‍ വനിത പോലും ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയിരുന്നില്ല. ഇന്ത്യയില്‍ നിന്ന് മത്സരിച്ച ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റീത്ത ഫാരിയയാണ് ഈ ചരിത്രം തിരുത്തിക്കുറിച്ചത്. ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് തുടര്‍ന്ന് നേട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ സുന്ദരികള്‍.

click me!